രാജ്യസ്‌നേഹത്തിനൊപ്പം കര്‍ഷക സ്‌നേഹവും ; കാപ്പാന്‍ റിവ്യു
Film Review
രാജ്യസ്‌നേഹത്തിനൊപ്പം കര്‍ഷക സ്‌നേഹവും ; കാപ്പാന്‍ റിവ്യു
അശ്വിന്‍ രാജ്
Friday, 20th September 2019, 2:52 pm

വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ എന്ന നടന്റെ താരമൂല്യം കുത്തനെ കൂട്ടിയ ഒരു സിനിമയായിരുന്നു കെ.വി ആനന്ദ് സംവിധാനം ചെയ്ത അയന്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. കൂടെ മോഹന്‍ലാലും. കാപ്പാന്‍ എന്ന ചിത്രത്തില്‍  പ്രതീക്ഷകള്‍ വെയ്ക്കാന്‍ ഇതില്‍ അധികം കാരണങ്ങള്‍ വേണമെന്ന് തോന്നുന്നില്ല.

പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥനായ കതിര്‍ എന്ന കതിരേഷന്റെ കഥയാണ് കാപ്പാന്‍ പറയുന്നത്. ഒരു സുപ്രധാന മിഷനായി എത്തിയ കതിര്‍ പിന്നീട് പ്രധാനമന്ത്രിയുടെ സുരക്ഷ ടീമില്‍ എത്തുകയായിരുന്നു.

സൂര്യയാണ് കതിര്‍ ആയി  എത്തുന്നത്, പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായി മോഹന്‍ലാലും മകന്‍ അഭിഷേക് ആയി ആര്യയും ചിത്രത്തില്‍ എത്തുന്നു. സയേഷയാണ് നായിക കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. സമുദ്രകനി, ബോമന്‍ ഇറാനി തുടങ്ങിയവരും പ്രധാനവേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ലൈക്ക സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ബഡജറ്റ് 75 കോടിയാണ്.

‘ഒരു രാജ്യം ഒരു ഭാഷ വാദം’ നിലനില്‍ക്കുന്നത് കൊണ്ടോണോ എന്ന് അറിയില്ല. തമിഴ്‌നാടിന് പുറമേ ദല്‍ഹിയിലും ലണ്ടനിലും എന്ത് പാക്കിസ്ഥാനിലെ തീവ്രവാദികള്‍ പോലും സംസാരിക്കുന്നത് തമിഴാണ്.

ശരാശരിയില്‍ മാത്രം ഒതുങ്ങുന്ന ആദ്യപകുതിയും ഒട്ടും എന്‍ഗേജിംഗ് ആവാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെത്. ആദ്യപകുതിയില്‍ എസ്.പി.ജിയിലേക്ക് എത്തിപ്പെട്ട കതിരും പ്രധാനമന്ത്രിയും തമ്മിലുള്ള ഹൃദയബന്ധവും കതിരിന്റെ മിഷനും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുന്നതിനിടെ പ്രവചനീയമായ ഒരു ഇന്റര്‍വെല്‍ സംഭവിക്കുന്നതോടെ ചിത്രം ചെറുതായി ട്രാക്ക് മാറും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ രണ്ടാം പകുതിയിലും സമാനരീതിയില്‍ തന്നെയാണ് കഥമുന്നോട്ട് പോകുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രകാന്ത് വര്‍മ്മയെന്ന പ്രധാനമന്ത്രി റോള്‍ അദ്ദേഹം ചെയ്താല്‍ മാത്രം മികച്ചതാവുന്ന ഒന്നാണെന്ന് എന്നും തോന്നുന്നില്ല. ഏന്താണ് ഈ റോള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും അറിയില്ല. എങ്കിലും തന്റെ റോള്‍ അദ്ദേഹം മികച്ചതാക്കിയിട്ടുണ്ട്.

തമിഴ് ചിത്രങ്ങളിലെ കഴിഞ്ഞ കുറച്ച് കാലമായി കണ്ട് വരുന്ന കര്‍ഷക പ്രശ്‌നങ്ങള്‍, കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം, എന്നിവ ഈ ചിത്രത്തിലും വിഷയമാകുന്നുണ്ട്. ചിത്രത്തിലെ പല കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും സമകാലീന സാഹചര്യത്തില്‍ ഉണ്ടായ പല സംഭവങ്ങളുമായി സാമ്യമുണ്ട്.

രാജ്യത്തിനെ പലപ്പോഴും ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെക്കാള്‍ മറ്റു ചിലരാണെന്ന് സിനിമ സൂചിപ്പിക്കുന്നുണ്ട്. ആദ്യപകുതിയില് തീവ്രവാദവും രാജ്യസുരക്ഷയുമാണ് ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നതെറങ്കില്‍ രണ്ടാം പകുതിയില്‍ തമിഴ്‌നാട്ടിലേക്ക് സിനിമ എത്തുകയും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവും കര്‍ഷകരുടെ പ്രശ്‌നവും സംസാരിക്കുകയും ചെയ്യും.

 

കഴിഞ്ഞ കുറച്ച് കാലമായി സൂര്യയുടെ ചിത്രങ്ങളില്‍ സാമൂഹ്യനന്മയും സന്ദേശവും നല്‍കാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിക്കാറുണ്ട്. ഈ ചിത്രത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരേസമയം രാജ്യസുരക്ഷയും സൈനീക സ്‌നേഹവും കര്‍ഷക പ്രശ്‌നവും അദ്ദേഹത്തിന് വിഷയമാവുന്നുണ്ട്. അത് കൊണ്ട് തന്നെ നായകനായ കതിര്‍ ഒരേസമയം ഒരു എസ്.പി.ജി ഉദ്യോഗസ്ഥനും കര്‍ഷകനും കൂടിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നായികയായി എത്തിയ സയേഷക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ സ്റ്റാഫിലെ ഒരംഗമായ അഞ്ജലിയായിട്ടാണ് സയേഷ ചിത്രത്തില്‍ എത്തുന്നത്. സ്വാഭാവികമായി കതിരും അഞ്ജലിയും പ്രേമത്തില്‍ ആവുമല്ലോ….

ആര്യയാണ് മറ്റൊരു പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്. അഭിഷേക് ചന്ദ്രകാന്ത് വര്‍മ്മയെന്ന യുവ രാഷ്ട്രീയക്കാരനായി ആര്യ തന്റെ വേഷം മികച്ചതാക്കി. ബോമന്‍ ഇറാനിയെ വില്ലനായി വിളിക്കാന്‍ മാത്രം ഈ കഥാപാത്രത്തിന് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെന്ന് തോന്നി.

മറ്റ് സാങ്കേതിക കാര്യങ്ങളിലേക്ക് വരികയാണെങ്കില്‍ ചിത്രത്തിലെ ഫൈറ്റുകള്‍ എല്ലാം മികച്ച് നിന്നു. ആവര്‍ത്തന വിരസത ഇല്ലാത്ത പുതുമയുള്ള ആക്ഷനായിരുന്നു പലതും. എന്നാല്‍ ചിത്രത്തിലെ ഹാരീസ് ജയരാജ് ഒരുക്കിയ ഗാനങ്ങള്‍ ഒന്നും തന്നെ ഓര്‍ത്തിരിക്കാവുന്നതായിരുന്നില്ല. ഇതേ ടീമിന്റെ കൂടെ ഹാരീസ് ഒരുക്കിയ മാജിക് ഈ ചിത്രത്തിന് ഒരുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല എന്ന് ഒരു സംശയവും ഇല്ലാതെ പറയാം.

എം.എസ് പ്രഭു ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണിയാണ്. അയനും കോയും കവനുമെല്ലാം സംവിധാനം ചെയ്ത കെ.വി ആനന്ദിന്റെ സിനിമയാണ് കാപ്പാന്‍ എന്ന് വിശ്വസിക്കാതിരിക്കാനാണ് കൂടുതല്‍ താല്‍പ്പര്യം.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.