Kaapa Review | സംവിധായകനും തിരക്കഥാകൃത്തിനും കണക്ഷന്‍ പോയ കൊട്ട മധു
Film Review
Kaapa Review | സംവിധായകനും തിരക്കഥാകൃത്തിനും കണക്ഷന്‍ പോയ കൊട്ട മധു
അന്ന കീർത്തി ജോർജ്
Thursday, 22nd December 2022, 9:00 pm

കാപ്പ എന്ന സിനിമയില്‍ ആദ്യമായി കൊട്ട മധു എന്ന പേര് പറയുമ്പോള്‍ ‘കൊട്ട മധുവോ’ എന്ന് ചോദിച്ചുകൊണ്ട് ആസിഫ് അലിയുടെ കഥാപാത്രം ചിരിക്കുന്ന രംഗമുണ്ട്. സിനിമയിലെ ഏറ്റവും മികച്ച സീന്‍ അതായിരുന്നു. പ്രേക്ഷകരുമായി കൃത്യമായി കണക്ട് ചെയ്ത ഒരേയൊരു ഭാഗവും ഇതുതന്നെ. കാരണം സിനിമയിലെ ബാക്കി ഭൂരിഭാഗം സീനുകളും കഥാപാത്രങ്ങളും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായിരുന്നു.

കൊട്ട മധു എന്ന കഥാപാത്രത്തെ സങ്കീര്‍ണമെന്ന് അവകാശപ്പെടാവുന്ന ചില വികാരങ്ങളും മാസ് എലമെന്റുകളും ചേര്‍ത്താണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നതെങ്കിലും ‘എന്തിനായിരുന്നു ഇതൊക്കെ’ എന്ന് സിനിമ കഴിയുമ്പോള്‍ ആലോചിച്ച് പോയിരുന്നു. അപ്പോള്‍ ആസിഫ് അലിയുടെ അനിരുദ്ധന്‍ ചിരിച്ചതിന് സമാനമായി ഒരു ചിരി ചുണ്ടില്‍ വന്നു.

ഒട്ടുമിക്ക ഗ്യാങ്‌സ്റ്റര്‍ സിനിമകളിലേയും സ്‌റ്റോറിലൈന്‍ തന്നെയാണ് കാപ്പയിലേതും. രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കൊലകളും പ്രതികാരക്കൊലകളും അതിന്റെ തുടര്‍ച്ചയും കുടിപ്പകയുമെല്ലാമായാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

പല രീതിയിലുള്ള പ്ലോട്ടുകളുമായി ഗ്യാങ്‌സസ്റ്റര്‍ സിനിമകളെത്താറുണ്ട്. കഥാപാത്രങ്ങള്‍ ആരാണ്, അവരുടെ ഭൂതകാലം, പകക്കുള്ള കാരണം തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നോ എല്ലാം ചേര്‍ത്തോ പറഞ്ഞുകൊണ്ട് സിനിമകളില്‍ പ്രേക്ഷകരെ കഥാപാത്രത്തിനൊപ്പം നിര്‍ത്താറുണ്ട്.

മറ്റു ചിലതില്‍ കഥാപാത്രങ്ങളോട് അങ്ങനെ ഒരു അഫിനിറ്റിയോ സിമ്പതിയോ തോന്നിയില്ലെങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, കാപ്പ ഈ രണ്ട് രീതിയിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നില്ല.

എത്ര സ്ലോ മോഷനും ബി.ജി.എമ്മും ഇട്ടിട്ടും ഒരു കഥാപാത്രത്തോടും സന്ദര്‍ഭത്തോടും അടുപ്പം തോന്നിയല്ല. കഥാപാത്രങ്ങള്‍ എന്തിനാണ് ഓരോ കാര്യങ്ങള്‍ ചെയ്തുകൂട്ടുന്നതെന്ന് പോലും പൂര്‍ണമായി പിടികിട്ടിയില്ല എന്നതാണ് അതിലും ഖേദകരം. അതില്‍ തന്നെ കേന്ദ്ര കഥാപാത്രത്തിന്റെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. തിരക്കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപനും സംവിധായകന്‍ ഷാജി കൈലാസും ഏറ്റവും പരാജയപ്പെട്ട് പോകുന്നതും ഇവിടെയാണ്.

(ഇനി കുറച്ച് സ്‌പോയിലറുണ്ടാകും. സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ട ശേഷം മാത്രം തുടരുക)

കേന്ദ്ര കഥാപാത്രമായ, മധു കൊട്ട മധുവായി തീര്‍ന്നതിനും ഇയാള്‍ക്കെതിരെ പ്രതികാര നീക്കം നടക്കുന്നതിനും രണ്ട് പ്രധാന കാരണങ്ങള്‍ സിനിമയില്‍ പറയുന്നുണ്ട്. ഒന്ന് ഒരു കൊലപാതകമാണ്. പക്ഷെ ഈ കൊല ചെയ്യപ്പെട്ടവര്‍ ആരാണെന്നോ അവരെന്ത് ചെയ്‌തെന്നോ സിനിമയില്‍ നിന്നും കണ്ടുപിടിക്കാന്‍ പ്രയാസമാണ്. മറ്റൊന്ന് മധുവിന്റെ ഭാര്യയുമായി ബന്ധപ്പെട്ടതാണ്. പക്ഷെ അവിടെയും ഒരു കൊലപാതകമുണ്ടെങ്കിലും എന്താണ് യഥാര്‍ത്ഥ സംഭവമെന്ന് വ്യക്തമല്ല.

‘എല്ലാം കാണുന്നവരുടെ ഇഷ്ടം’ എന്നാണോ ഇനി അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചതെന്ന് അറിയില്ല. മിനോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്റ്റോറിലൈനാണ് കൊട്ട മധുവിന്റെ കാര്യത്തില്‍ അല്‍പമെങ്കിലും പൂര്‍ണമായിട്ടുള്ളത്. പക്ഷെ അതിലും ഒരുപാട് ഭാഗങ്ങള്‍ പ്രെഡിക്ടബിളായിരുന്നു. കേന്ദ്ര കഥാപാത്രത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ. കഥാപാത്രങ്ങളിലെ ഈ അവ്യക്തത കഥാസന്ദര്‍ഭങ്ങളിലുമുണ്ട്.

അതേസമയം, കൊട്ട മധുവിനെ പൃഥ്വിരാജ് ചിലയിടങ്ങളില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. മാസും കലിപ്പും വരുന്ന ചില സീനുകളില്‍ തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗുകള്‍ പറഞ്ഞത് എടുത്തുപറയണം. മണ്ണെടുക്കുന്ന സ്ഥലത്തെ സ്റ്റണ്ട് സീനിന് മുമ്പും ശേഷവുമുള്ള ഭാഗങ്ങള്‍ ഉദാഹരണം. മധുവിന് കുറ്റബോധം തോന്നുന്ന, എന്നാല്‍ അത് പുറത്തുകാണിക്കാനാകാത്ത അവസ്ഥയിലുള്ള സീനുകള്‍ പൃഥ്വിരാജ് കയ്യടക്കത്തോടെ അവതരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം സമയത്തും സ്ഥിരം പാറ്റേണില്‍ തന്നെയാണ് പോകുന്നത്.

മറ്റു ചില പെര്‍ഫോമന്‍സുകളും കാപ്പയില്‍ വലിയ ആശ്വാസമായിരുന്നു. ലത്തീഫായി ദിലീഷ് പോത്തനും ജബ്ബാറായി ജഗദീഷും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. പക്ഷെ ആഴമില്ലാത്ത കഥാപാത്രസൃഷ്ടിയായതിനാല്‍ ഈ പ്രകടനങ്ങള്‍ വൃഥാവിലാകുന്നു.

ആസിഫ് അലിയുടെ കഥാപാത്രത്തെ സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ നിലനിര്‍ത്തിയ രീതി ഇന്‍ട്രസ്റ്റിങ്ങായിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ചില ട്വിസ്റ്റുകളൊക്കെ ഉണ്ടെങ്കിലും സംവിധായകനും തിരക്കഥാകൃത്തും അവസാനത്തില്‍ ആഗ്രഹിക്കുന്ന ഇംപാക്ട് ഉണ്ടാക്കാനാകുന്നില്ല. തുടക്കത്തിലുള്ള കഥാപാത്രസൃഷ്ടിയിലെ പാളിച്ചകളാണ് അതിന് കാരണം. അപര്‍ണ ബാലമുരളിയും അന്ന ബെന്നും ട്രെയ്‌ലറിലൂടെ നല്‍കിയ പ്രതീക്ഷ സിനിമയിലില്ല.

മേക്കിങ്ങിലേക്ക് വന്നാല്‍, അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പഴയ കഥയും മേക്കിങ് സ്റ്റൈലുമായി തന്നെയാണ് ഇപ്രാവശ്യവും ഷാജി കൈലാസ് എത്തിയിരിക്കുന്നത്. സ്റ്റണ്ട് സീനുകളാണ് ബോറടിപ്പിക്കും വിധം പഴകിയിരിക്കുന്നത്.

ഡയലോഗുകളിലും നായകനും നായകന് ചുറ്റുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലും മാസ് സീനുകള്‍ പിടിച്ചിരിക്കുന്നതിലുമൊക്കെ പഴമ കയറിവരും. എന്നാല്‍, മനസ് നിറച്ച് നന്മയുള്ള മാസ് പുരുഷ കഥാപാത്രത്തെയോ എന്തൊക്കെ സംഭവിച്ചാലും അന്തിമ വിജയം സ്വന്തമാക്കുന്ന നായകനെയോ അല്ല ഈ സിനിമ നല്‍കുന്നത്. (കാപ്പയിലെ ഷാജി കൈലാസ് രീതികളില്‍ മറ്റ് പഴമയോ പുതുമയോ തോന്നുന്നവര്‍ കമന്റുകളില്‍ പറയണം)

കുറച്ച് കൂടി എക്‌സ്‌പ്ലോര്‍ ചെയ്യാനും മികച്ച രീതിയില്‍ അവതരിപ്പിക്കാനും സാധ്യതകളുള്ള കഥയും കഥാപാത്രവുമായിരുന്നു കൊട്ട മധുവിന്റേത്. തിരക്കഥയിലും സംവിധാനത്തിലും വന്നിട്ടുള്ള പാളിച്ചകള്‍ പക്ഷെ, കാപ്പയെ ശരാശരി നിലവാരത്തിലെത്തിക്കുകയാണ്. മെച്ചപ്പെട്ട രീതിയില്‍ ഒരുക്കിയിരുന്നെങ്കില്‍ കാപ്പയിലൂടെ നല്ലൊരു മലയാളത്തില്‍ നല്ലൊരു ഗ്യാങ്സ്റ്റര്‍ മൂവി ലഭിച്ചേനെ.

Content Highlight: Kaapa Movie Review

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.