| Saturday, 18th September 2021, 3:30 pm

Kaanekkane Review| കാണെക്കാണെ ത്രില്ലറിനപ്പുറം കാണിച്ചു തരുന്ന സിനിമ

അന്ന കീർത്തി ജോർജ്

മനുഷ്യ മനസിന് നിയന്ത്രിക്കാനാകാത്ത ചില നിമിഷങ്ങള്‍, സങ്കീര്‍ണമായ ചില വികാരങ്ങള്‍, അവയുടെ പ്രത്യാഘാതങ്ങള്‍ ഇതെല്ലാം ചേര്‍ന്നുവരുന്ന രണ്ട് മണിക്കൂര്‍, അതാണ് മനു അശോകന്റെ പുതിയ ചിത്രമായ കാണെക്കാണെ. തുടക്കം മുതല്‍ അവസാനം വരെ കടുത്ത മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളും അവരുടെ വേദനകളും ഇതിനിടയിലുണ്ടാകുന്ന ചില തിരിച്ചറിവുകളുമാണ് കാണാക്കാണെയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചില സമയത്തൊക്കെ ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി പോകുന്ന മനുഷ്യരുടെ കഥ കൂടിയാണിത്.

ട്രെയ്‌ലര്‍ സൂചന നല്‍കുന്നത് പോലെ ഒരു മിസ്റ്ററി ത്രില്ലര്‍ അനുഭവമല്ല, സിനിമ പ്രേക്ഷകന് നല്‍കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഉടലെടുക്കുന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നതിലുപരി, ആ ത്രില്ലിനുമപ്പുറത്തേക്കാണ് കാണെക്കാണെ സഞ്ചരിക്കുന്നത്. സിനിമയുടെ അവസാനം ഈ ഉത്തരത്തിലെത്തുന്നതാകും കഥ എന്ന് കാണുന്നവരെല്ലാം കരുതിയിരിക്കേ, പകുതിയോടെ തന്നെ ആ ഉത്തരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തുറന്നുവെക്കാനുള്ള ധൈര്യം കാണെക്കാണെ കാണിക്കുന്നുണ്ട്.

ജീവിതത്തിലെ ചില നഷ്ടങ്ങള്‍ക്ക് പിന്നില്‍ തെറ്റെന്ന് വിളിക്കാവുന്ന പ്രവര്‍ത്തികളുണ്ടാകാമെങ്കിലും അത് ചെയ്തവരെയോ ചെയ്യേണ്ടി വന്നവരെയോ കുറ്റപ്പെടുത്താനാകാത്ത നിമിഷങ്ങളുമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ ശരി/തെറ്റ് എന്നീ ബൈനറികളില്‍ ഒതുങ്ങാത്ത മനുഷ്യനെയാണ് കാണെക്കാണെയില്‍ കാണാനാവുക. സങ്കീര്‍ണമായ വികാരങ്ങളെ, ലളിതമായി എന്നാല്‍ ആഴം നഷ്ടപ്പെടാതെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്.

സ്‌നേഹം, നഷ്ടബോധം, കുറ്റബോധം, പ്രതികാരം എന്ന് കൃത്യമായി വിളിക്കാനാകില്ലെങ്കിലും തിരിച്ചെന്തെങ്കിലുമൊന്ന് ചെയ്‌തേ തീരുവെന്ന് തോന്നുന്ന അവസ്ഥ എന്നീ വികാരങ്ങളിലൂന്നിയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. കുറ്റബോധം ഒരാളെ എങ്ങനെ ഉള്ളില്‍ നിന്നും കാര്‍ന്നുതിന്ന് ഇല്ലാതാക്കുമെന്നും കാണെക്കാണെയില്‍ വ്യക്തമാണ്.

സമൂഹം കൊടിയ പാപമെന്ന മുദ്രയോടെയല്ലാതെ അവതരിപ്പിക്കാത്ത ചില ബന്ധങ്ങളെ പുതിയ കണ്ണിലൂടെയും മാനുഷികമായും സിനിമ സമീപിക്കുന്നുണ്ട്. എക്‌സട്രാ മാരിറ്റല്‍ അഫയര്‍ അല്ലെങ്കില്‍ അവിഹിതം എന്ന ചില മോശം പദപ്രയോഗങ്ങളല്ലാതെ ആ ഒരു ബന്ധത്തിന് രണ്ട് മനുഷ്യര്‍ തമ്മിലുള്ള മാനസിക അടുപ്പമെന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് സിനിമ വ്യക്തമായി കാണിച്ചു തരുന്നുണ്ട്.

അതുപോലെ തന്നെ മലയാള സിനിമ അത്രയൊന്നും കാണിച്ചുതന്നിട്ടില്ലാത്ത അമ്മായിയപ്പന്‍-മരുമകന്‍ ബന്ധത്തിന്റെ ഊഷ്മളതയും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കാണാക്കാണെയുടെ കഥ നീങ്ങുന്നത്. അമ്മായിയപ്പനായ പോള്‍ മത്തായിയായി സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മിയുടെ സ്‌നേഹ, ടൊവിനോയുടെ അലന്‍. ഈ മൂന്ന് കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ വാര്‍ത്തെടുത്താണ് ചിത്രം കഥ പറയുന്നത്.

മകള്‍ നഷ്ടപ്പെട്ടതിന്റെ വേദനയോട് ഇതുവരെയും പൊരുത്തപ്പെടാനാകാത്ത, മധ്യവയസ് പിന്നിട്ട പോള്‍ മത്തായിയെ ഏറെ ശ്രദ്ധിച്ചാണ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ഒരുക്കിയിരിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാരായ പോള്‍ മത്തായിയായി സുരാജ് ഗംഭീര പെര്‍ഫോമന്‍സ് തന്നെ നല്‍കിയിട്ടുണ്ട്.

ചിത്രത്തില്‍ വ്യത്യസ്ത വികാരങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതും കഥാപാത്രസൃഷ്ടിയും വളര്‍ച്ചയും കൃത്യമായി കാണാനാകുന്നതും പോള്‍ മത്തായിയിലാണ്. സ്‌നേഹവും വേദനയും സംഘര്‍ഷവുമൊക്കെ മനോഹരമായാണ് സുരാജ് കൈകാര്യം ചെയ്തിരിക്കുന്നത്.

സമീപകാലത്തിറങ്ങിയ നിരവധി ചിത്രങ്ങളിലൂടെ താന്‍ എത്രത്തോളം മികച്ച നടനാണെന്ന് സുരാജ് കാണിച്ചുതന്നിട്ടുള്ളത് കൊണ്ടുതന്നെ കാണെക്കാണെയുടെ ട്രെയ്‌ലര്‍ തന്ന പ്രതീക്ഷ ചെറുതായിരുന്നില്ല. ആ പ്രതീക്ഷകളെ സുരാജ് നിരാശപ്പെടുത്തുന്നില്ല. സുരാജും ടൊവിനോയും മാത്രം വരുന്ന ചില സീനുകളില്‍ തന്നിലേക്ക് മാത്രമായി പ്രേക്ഷകന്റെ ശ്രദ്ധയെ അദ്ദേഹം പലപ്പോഴും പിടിച്ചിരിത്തുന്നുണ്ട്.

ടൊവിനോയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും അലന്‍. തുടക്കം മുതല്‍ അവസാനം വരെ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന കഥാപാത്രമാണിത്. ചില ഭാഗങ്ങളില്‍ ചെറിയ നാടകീതയതും പാളിച്ചകളുമൊക്കെ തോന്നുമെങ്കിലും കഥാപാത്ര തെരഞ്ഞെടുപ്പില്‍ വ്യത്യസ്തതക്ക് തന്നെ ടൊവിനോ പ്രാധാന്യം കൊടുക്കുന്നു എന്നാണ് കളയിലെ ഷാജിയും കാണാക്കാണെയിലെ അലനുമൊക്കെ വ്യക്തമാക്കുന്നത്.

ചിത്രത്തില്‍ ഏറെ ആകര്‍ഷിച്ച കഥാപാത്ര സൃഷ്ടി ഐശ്വര്യ ലക്ഷ്മിയുടെ സ്‌നേഹയാണ്. ജീവിതം തിരിച്ചുപ്പിടിക്കാന്‍ പരമാവധി കഷ്ടപ്പെടുന്ന, ചുറ്റുമുള്ള മനുഷ്യരെ മുഴുവന്‍ ചേര്‍ത്തുപ്പിടിക്കാന്‍ ശ്രമിക്കുന്നയാളാണ് സ്‌നേഹ. വളരെ കൃത്യമായ അഭിപ്രായങ്ങളുള്ള, മറ്റുള്ളവരെ മനസിലാക്കാന്‍ ശ്രമിക്കുന്ന, സഹാനുഭൂതിയുള്ള കഥാപാത്രം കൂടിയാണ് സ്‌നേഹ.

വളരെ കയ്യടക്കത്തോടെയാണ് ഐശ്വര്യ ലക്ഷ്മി ഈ കഥാപാത്രത്തെ ചെയ്തിരിക്കുന്നത്. അതിനൊപ്പം ഒരു ഗര്‍ഭിണിയുടെ ശാരീരിക മാനസിക സംഘര്‍ഷങ്ങളെ കൂടി വളരെ സ്വാഭാവികമായി ഐശ്വര്യ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ തുറന്ന സമീപനങ്ങള്‍ക്ക് തയ്യാറാകുന്ന, ഹൃദയം കൊണ്ടും തലച്ചോറുകൊണ്ടും ഒരുപോലെ ചിന്തിക്കുകയും വ്യക്തതയോടെ കാര്യങ്ങളെ കാണുകയും ചെയ്യുന്ന കഥാപാത്രവും സ്‌നേഹയുടേതാണ്. ഈ കഥാപാത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കഥാഗതിയില്‍ നിര്‍ണായകമായതുകൊണ്ട് അതിലേക്ക് അധികം കടക്കുന്നില്ല.

സിനിമ കണ്ട ശേഷം ഒന്നാലോചിച്ചാല്‍ കേട്ടുപരിചയുമുള്ള കഥയാണ് കാണെക്കാണെ എന്ന് നമുക്ക് തോന്നാം. പക്ഷെ അതിനെ ആഴത്തില്‍ സമീപിക്കുകയും പുതുമ തോന്നും വിധം കഥാസന്ദര്‍ഭങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നിടത്താണ് ബോബി സഞ്ജയ് കൂട്ടുക്കെട്ടിന്റെ തിരക്കഥ വിജയിക്കുന്നത്. ആ തിരക്കഥയെയും കഥാപാത്രങ്ങളെയും മനസില്‍ പതിപ്പിക്കും വിധം സംവിധാനം ചെയ്യാന്‍ മനു അശോകനും സാധിച്ചിട്ടുണ്ട്.

പക്ഷെ, ചിത്രത്തിന്റെ ആദ്യ പകുതി മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെയും വികാരങ്ങളെയും വളരെ ആഴത്തില്‍ അപഗ്രഥിച്ച് കഥ പറഞ്ഞുപോകുമ്പോള്‍ രണ്ടാം പകുതിയില്‍ സിനിമ മലയാളത്തില്‍ നമുക്ക് കണ്ടുപരിചയമുള്ള കഥാപരിസരങ്ങളിലേക്കും ക്ലീഷേകളിലേക്കും നീങ്ങുകയാണ്.

അപരിചിതത്വം തോന്നാത്ത എന്നാല്‍ അപ്രതീക്ഷിതമായ ചില മുഹൂര്‍ത്തങ്ങള്‍ പോലും കടന്നുവരുന്ന വിധം പ്രേക്ഷകനെ പിടിച്ചിരുത്തും രീതിയില്‍ പോകുന്ന തിരക്കഥ അവസാനമാകുമ്പോഴേക്കും ആ മുറുക്കമെല്ലാം നഷ്ടപ്പെട്ട് ദുര്‍ബലമാവുകയാണ്. ബോബി സഞ്ജയ് തിരക്കഥകളിലെല്ലാം പ്രശ്‌നപരിഹാരം എന്ന നിര്‍ബന്ധം വെക്കുന്നത് ഈ സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട്.

ചിലയിടങ്ങളിലെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന നാടകീയത അഭിനേതാക്കളുടെ പെര്‍ഫോമന്‍സിലേക്കും പടരുന്നുണ്ട്. സംവിധാനത്തിലും തിരക്കഥയിലും പാളിച്ചകള്‍ എടുത്തുകാണുന്നത് ഈ ഭാഗത്താണ്. ചില ഫ്‌ളാഷ് ബാക്ക് സീനുകളും പാട്ടും സിനിമയില്‍ പെട്ടെന്നൊരു ജംപ് ഉണ്ടാക്കുന്നവയായിരുന്നു.

മാത്രമല്ല, സ്‌നേഹ-അലന്‍ ബന്ധത്തിന് ആഴമുണ്ടെന്ന് സിനിമ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകന് ആ ബന്ധം അടുത്തറിയാനുള്ള സാഹചര്യങ്ങള്‍ കഥയിലെവിടെയും കടന്നുവരാത്തത് ഒരു കല്ലുകടിയാകുന്നുണ്ട്. ചിത്രത്തിലെ കുട്ടു എന്ന അലന്റെ മകന്‍ കഥാപാത്രം എങ്ങനെ അമ്മയുടെ മരണത്തെ ഇത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്തു എന്ന സംശയവും പ്രേക്ഷകന് തോന്നിയേക്കാം.

കഥയോട് ചേര്‍ന്നുനില്‍ക്കും വിധമാണ് ആല്‍ബി ആന്റണിയുടെ ക്യാമറ സഞ്ചരിക്കുന്നത്. മനുഷ്യരുടെ മുഖങ്ങളില്‍ വിടരുന്ന വികാരങ്ങളെയും ഭാവങ്ങളെയും അടുത്തുനിന്നും അകലെ നിന്നും കാണിച്ചുതരുന്നതില്‍ ക്യാമറ മികച്ചതാകുന്നുണ്ട്. രഞ്ജിന്‍ രാജിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ പിരിമുറക്കത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നതില്‍ പ്രധാന ഘടകമാകുന്നുണ്ട്.

ചെറിയ പാളിച്ചകളുണ്ടെങ്കിലും കാണെക്കാണെ മലയാളി പ്രേക്ഷകന് കാണാവുന്ന, ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട സിനിമയാണെന്ന് തന്നെ പറയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kaanekkane Malayalam Movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more