| Tuesday, 21st September 2021, 4:04 pm

അപ്പുവും മാത്തനും അത്രയും വര്‍ക്ക്ഔട്ട് ആയ കോമ്പിനേഷന്‍; ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു; മനു അശോകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണെക്കാണെ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മായാനദി എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയ താരജോഡികളായി മാറിയ ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കാണെക്കാണെയ്ക്കുണ്ട്.

ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ മായാനദിയിലെ അപ്പുവിന്റെയും മാത്തന്റെയും കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോ എന്നതായിരുന്നു പലരുടേയും സംശയമെന്നും എന്നാല്‍ കാണെക്കാണെയിലെ കഥാപാത്ര സൃഷ്ടിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടായിരുന്നെന്നും പറയുകയാണ് സംവിധായകന്‍
മനു അശോകന്‍.

കാണെക്കാണെയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളും കാണെക്കാണെയുടെ സംവിധായകനും സംസാരിച്ചത്.

മായാനദിയിലെ കഥാപാത്രങ്ങളായ അപ്പുവിനും മാത്തനും ലഭിച്ച പ്രേക്ഷകപ്രീതി കാണെക്കാണെയെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും, ഇതിലെ കഥാപാത്രങ്ങളായ അലനും സ്‌നേഹയും രൂപംകൊണ്ടതിന് ശേഷമാണ് ടൊവിനോയും ഐശ്വര്യയും സിനിമയിലെത്തിയതെന്നും സംവിധായകന്‍ മനു അശോകന്‍ പറഞ്ഞു.

”ഞങ്ങളെ സംബന്ധിച്ച് അലനും സ്‌നേഹയും അത്രയും കോണ്‍ക്രീറ്റ് ആയ കഥാപാത്രങ്ങളാണ്. ഒരിക്കലും അത് മാത്തന്റേയോ അപ്പുവിന്റേയോ അടുത്തേക്ക് പോവില്ല. കാരണം രണ്ടും രണ്ട് ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളാണ്,” മനു അശോകന്‍ പറഞ്ഞു.

കാണെക്കാണെയില്‍ ടൊവിനോയും ഐശ്വര്യയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത് എന്നറിഞ്ഞപ്പോള്‍ അപ്പുവിന്റെയും മാത്തന്റെയും ആരാധകരായിരുന്ന ഒരുപാട് പേര്‍ അതുപോലത്തെ കഥാപാത്രങ്ങളായിരിക്കുമോ കാണെക്കാണെയിലും എന്ന് ചോദിച്ചിരുന്നതായും സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”ഐശ്വര്യ-ടൊവി എന്നുള്ള കോമ്പിനേഷന്‍ വരുമ്പോള്‍ സ്വാഭാവികമായും യുട്യൂബിലൊക്കെ അപ്പു-മാത്തനെപ്പോലെയാകുമോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അത് നമ്മള്‍ എക്‌സ്‌പെക്ട് ചെയ്തതാണ്. കാരണം അത്രയും വര്‍ക്ക്ഔട്ട് ആയ ഒരു കോമ്പിനേഷന്‍ ആണത്,” മനു അശോകന്‍ കൂട്ടിച്ചേര്‍ത്തു.

ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി 2017ല്‍ പുറത്തിറങ്ങിയ മായാനദി സംവിധാനം ചെയ്തത് ആഷിഖ് അബുവാണ്. ശ്യാം പുഷ്‌കരന്റേയും ദിലീഷ് പോത്തന്റേയും തിരക്കഥയിലൊരുങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

ഉയരെ സിനിമയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണെക്കാണെ. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, അലോഖ്, ബിനു പപ്പു, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: kaanekkaane director Manu Ashokan about movie Mayanadhi

We use cookies to give you the best possible experience. Learn more