| Monday, 4th June 2018, 3:16 pm

വാര്‍ത്തകളെ അസ്വസ്ഥതയാക്കി പകര്‍ത്തിവച്ച ലീലാ മേനോന്‍

കെ.എ. ഷാജി

ലീലാ മേനോനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു. തൊണ്ണൂറുകളുടെ പകുതിയില്‍ കേരളാ പ്രസ്സ് അക്കാദമിയില്‍ ജേര്‍ണലിസം വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആയിരുന്നു അത്. ഞങ്ങളുടെ കോഴ്സ് ഡയറക്ടര്‍ ആയിരുന്ന എന്‍ എന്‍ സത്യവ്രതന്‍ സാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ വന്നതായിരുന്നു അവര്‍.

കാലത്ത് പത്തുമണിക്ക് തുടങ്ങിയ സംവാദം നീണ്ട് ഉച്ചഭക്ഷണം പോലും മറന്ന് ഞങ്ങള്‍ ഒരേ ഇരുപ്പ് ഇരുന്നത് ഓര്‍മയുണ്ട്. അവര്‍ അന്ന് ധരിച്ചിരുന്ന കടും പച്ച സാരിയും മുഖത്തെ പ്രസന്നതയും വാക്കുകളിലെ ആത്മാര്‍ത്ഥതയും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അതൊരു ഹൃദയ സംവാദം ആയിരുന്നു. വിദ്യാര്‍ഥികളും അധ്യാപികയും തങ്ങളെ തന്നെ കണ്ടെത്തുകയും യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഭൂമികകളില്‍ ഒന്നിച്ചു സഞ്ചരിക്കുകയും ചെയ്യുന്ന അവസ്ഥ.

സത്യന്‍ സാര്‍ എത്ര വിളിച്ചാലും തലയെടുപ്പുള്ള വലിയ പത്രക്കാര്‍ പലരും ഞങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ വരാറില്ലായിരുന്നു. വന്നാല്‍ കഷ്ടി അഞ്ചു മിനിറ്റാണ് ഞങ്ങള്‍ അവരെ സംസാരിക്കാന്‍ സമ്മതിക്കുക. പിന്നെ സംശയം ചോദിയ്ക്കാന്‍ എന്ന ഭാവത്തില്‍ ഏറ്റവും പിന്നില്‍ നിന്നും ആരെങ്കിലും ഒരാള്‍ എണീക്കും. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം അങ്ങോട്ട് പഠിപ്പിക്കുക ആണ് പതിവ്. ജനപക്ഷ മാധ്യമ പ്രവര്‍ത്തനവും മാധ്യമങ്ങളുടെ രാഷ്ട്രീയവും മാധ്യമ പ്രവര്‍ത്തകരുടെ സാമൂഹിക ഉത്തരവാദിത്വങ്ങളും അങ്ങോട്ട് പഠിപ്പിച്ചു കഴിയുമ്പോള്‍ ഉച്ചയാകും. വന്നയാള്‍ യാത്രപ്പടിയും വാങ്ങി വേഗം സ്ഥലം വിടും. എന്നാല്‍ ലീലാ മേനോന് അത്തരം ഒരനുഭവം ഉണ്ടായില്ല.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഞാന്‍ മാധ്യമ പ്രവര്‍ത്തകനായി എത്തുമ്പോഴേക്കും അവര്‍ അവിടം വിട്ട് പോയിരുന്നു. പത്രത്തിന്റെ അന്നത്തെ കേരളത്തിലെ ചുമതലക്കാരന്റെ ചില ഈഗോകളെ അവര്‍ പരിഗണിച്ചില്ല എന്നതിന്റെ പേരില്‍ ഉള്ള ചില പരസ്യമായ അപമാനിക്കലുകളില്‍ മനം നൊന്ത് തന്നെയാണ് അവര്‍ അവിടം വിടുന്നത്. മുന്‍പ് പലവട്ടം ആ വിഷയം വിശദമായി പറഞ്ഞിട്ടുണ്ട് എന്നതിനാലും ഇപ്പോള്‍ ലക്ഷ്യം വിവാദം അല്ല എന്നതിനാലും അതിലേയ്ക്ക് കടക്കുന്നില്ല.

താങ്ക് ലസ്സ് ജോബുകളുടെ മുന്‍പന്തിയില്‍ ആണ് മാധ്യമ പ്രവര്‍ത്തനം എന്നുള്ളത് കൊണ്ട് അവര്‍ നീണ്ട കാലം ജോലിയെടുത്ത ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം അവരുടെ മരണത്തിന് ഇന്ന് കൊടുത്ത കവറേജ് കണ്ടപ്പോള്‍ ആദരം തോണി. ഒന്നാം പേജില്‍ വലിയ വാര്‍ത്ത. അവരുടെ രണ്ടു മുന്‍ എഡിറ്റര്‍മാരുടെയും രണ്ടു വനിതാ സഹപ്രവര്‍ത്തകരുടെയും വിശദമായ അനുസ്മരണങ്ങള്‍.

മാധ്യമ പ്രവര്‍ത്തനത്തിന് നഷ്ടമാകുന്ന മനുഷ്യത്വത്തിന്റെയും മനുഷ്യപ്പറ്റിന്റെയും നൈതികതയുടെയും വീണ്ടെടുപ്പുകള്‍ സംബന്ധിച്ച ആ നാലുപേരുടെ ആകുലതകള്‍ പലതും വളരെ പ്രസക്തം ആണെന്ന് തോന്നി.

ജന്മഭൂമി പോലെ ഒരു സംഘപരിവാര്‍ പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ആയി തൊഴിലില്‍ നിന്നും ജീവിതത്തില്‍ നിന്നും അവര്‍ക്ക് മാഞ്ഞുപോകേണ്ടി വന്നു എന്നത് തീര്‍ച്ചയായും ലീലാ മേനോന്റെ ഒരു പരിമിതിയാണ്. അരാഷ്ട്രീയതയുടെ അപാരതകളില്‍ വിഹരിക്കുന്നു എന്ന് പറയുന്ന ഒരുപാടുപേരുടെ അവസാനത്തെ അഭയം ഹിന്ദുത്വമാകുന്നു എന്ന അവസ്ഥയില്‍ പ്രത്യേകിച്ചും.

തങ്കമണിയും സൂര്യനെല്ലിയും വിതുരയും അടക്കമുള്ള നാടിനെ നടുക്കിയ ഒട്ടേറെ കുപ്രസിദ്ധമായ സ്ത്രീപീഡന സംഭവങ്ങളില്‍ സത്യം ലോകത്തെ അറിയിക്കാനും ഇരകളുടെ കൂടെ നിന്ന് അവര്‍ക്ക് നീതി ഉറപ്പാക്കാനും ലീലാ മേനോന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നിരിക്കിലും സമാനമായ ചില സംഭവങ്ങളില്‍ തുല്യമായ ജാഗ്രത അവര്‍ കാട്ടാതിരുന്നതും അത് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമായതും സംബന്ധിച്ച് ഒരുപാട് സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളത് അവിശ്വസിക്കേണ്ടതുണ്ട് എന്ന് ഇന്നും കരുതുന്നില്ല.

സമഗ്രമായി വിലയിരുത്തുമ്പോള്‍ ആരുടെ സാമൂഹിക ഇടപെടലുകളിലും ഇത്തരം വൈരുധ്യങ്ങള്‍ സംഭവിക്കുന്നു എന്ന് കാണാം. പക്ഷെ ആ പോരായ്മകള്‍ക്ക് എല്ലാം അപ്പുറത്ത് നില്‍ക്കുന്ന ധീരതയും കരുത്തും നിശ്ചയങ്ങളുമായിരുന്നു അവര്‍.

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം പുരുഷ കേന്ദ്രീകൃതമായിരുന്ന ഒരു കാലത്തില്‍ തന്റെതായ ഒരു വഴി വെട്ടിത്തുറന്ന് അതിലൂടെ അവര്‍ ധീരമായി മുന്നോട്ടു പോയി. ശബ്ദം ഇല്ലാത്ത ഒരുപാട് മനുഷ്യരുടെ ശബ്ദമായി. മനുഷ്യപ്പറ്റുള്ള വാര്‍ത്തകള്‍. മനസ്സുകളെ പിടിച്ചു കുലുക്കുന്ന ആര്‍ദ്രമായ ശൈലി.
പത്ര വാര്‍ത്തകളുടെ പരമാവധി ആയുര്‍ദൈര്‍ഘ്യം ഇരുപത്തിനാല് മണിക്കൂറുകള്‍ മാത്രം ആയിരിക്കുന്ന ഒരു ലോകത്തില്‍ വാര്‍ത്തകളെ അസ്വസ്ഥതയാക്കി അവര്‍ നിരവധി മനുഷ്യരുടെ ഹൃദയങ്ങളില്‍ പകര്‍ത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അഹമ്മദാബാദില്‍ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കാന്‍ പോയ കെ ബി ജിനന്‍ എന്ന കലാകാരന്‍ അവരില്‍ ഒരാളായിരുന്നു. ലീലാ മേനോനെ ഒരു തവണയേ കണ്ടിട്ടുള്ളു എങ്കിലും ജിനനെ പലവട്ടം കണ്ടിട്ടുണ്ട്. നാല് മാസം മുന്‍പ് ബാംഗ്ലൂരിലെ ഫയര്‍ഫ്ളൈസ് ഇന്റര്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് കണ്ടു പിരിയുമ്പോള്‍ ജിനന്‍ പറഞ്ഞു, ഞാന്‍ അരുവാക്കൊടിന് പോവുകയാണ് എന്ന്. അവിടുത്തെ ആളുകളുമായി താങ്കള്‍ തല്ലി പിരിഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം വേദാന്തിയായി: “അത് ഞങ്ങള്‍ ഇടയ്ക്കിടെ തല്ലി പിരിയും. പിന്നെ ഇടയ്ക്കിടെ യോജിക്കും. അവരില്‍ നിന്നും വേര്‍പെട്ടാല്‍ എനിക്ക് പിന്നെ എന്ത് നിലനില്‍പ്പ്?”

കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുന്ന കുംഭാരന്മാരുടെ ഗ്രാമം. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഇല്ലാതായതോടെ അവിടുത്തെ സ്ത്രീകള്‍ കുറേപ്പേര്‍ കൊമേഴ്സിയല്‍ സെക്സ് വര്‍ക്കേഴ്സ് ആയി. പുരുഷന്മാരും കുട്ടികളും പിമ്പുകള്‍ ആയി വഴികളില്‍ ഇടപാടുകാരെ കാത്തു നിന്നു. ലീലാ മേനോനും ഫോട്ടോ ജേര്‍ണലിസ്റ്റ് ജീവന്‍ ജോസും ഒരുപാട് റിസ്‌ക് എടുത്ത് അവിടെ പോയി ആ സാഹചര്യം കണ്ടെത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ മൊത്തം മനസാക്ഷിയെ അത് സ്പര്‍ശിച്ചു.

അഹമ്മദാബാദില്‍ നിന്നും പത്രം വായിച്ച് ജിനന്‍ അവിടെ എത്തുമ്പോള്‍ സഹായവുമായി നേരത്തെ എത്തിയവര്‍ പലരും മടങ്ങി തുടങ്ങിയിരുന്നു. ജിനന്‍ അവിടെ തന്നെ നിന്നു. ടെറാകോട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ അവിടുത്തെ ആളുകളെ പരിശീലിപ്പിച്ചു. ഗ്രാമം അതിന്റെ പഴയ ജീവിത രീതികളിലേക്ക് തിരിച്ചു പോയി. ജിനനൊപ്പം അരുവാക്കോട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പോകുമ്പോള്‍ അവിടെ ആരും ലീലാ മേനോന്‍ എന്ന മാധ്യമ പ്രവര്‍ത്തകയെ ഓര്‍ക്കുന്നുണ്ടായിരുന്നില്ല.

ഇംഗ്ലീഷ് മാധ്യമങ്ങളുടെ ഒരു പരിമിതിയാണ് അത്. ഏറ്റവും ദുര്‍ബലരായ ആരെപറ്റി നമ്മള്‍ എഴുതുന്നുവോ ആ മനുഷ്യരില്‍ നമ്മള്‍ എഴുതുന്നത് എത്തില്ല. നമ്മള്‍ എഴുതുന്നത് അവര്‍ക്ക് വായിച്ചു മനസ്സിലാക്കാനോ ഓര്‍ത്തുവയ്ക്കാനോ കഴിയണം എന്നില്ല. അതിന്റെ കാര്യവുമില്ല.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സ്‌കോളര്‍ഷിപ്പ് കിട്ടിയ അന്ധനായ ഒരു മനുഷ്യനും ഭാര്യയും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കാണാന്‍ വന്നത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം കെ ദാസ് അനുസ്മരിച്ചത് ഇന്ന് വായിച്ചു. ലണ്ടനില്‍ പോകാനുള്ള വിമാന ടിക്കറ്റിനുള്ള കാശ് അയാളുടെ കയ്യില്‍ ഇല്ല. സ്‌കോളര്‍ഷിപ്പില്‍ അത് ഉള്‍പ്പെടുന്നുമില്ല. ദാസ് സാര്‍ ലീലാ മേനോനോട് ഒരു വാര്‍ത്ത എഴുതാന്‍ ആവശ്യപ്പെട്ടു. ബോംബയിലെ ടാറ്റാ ട്രസ്റ്റ് വാര്‍ത്ത കണ്ട് അയാള്‍ക്കും ഭാര്യക്കും ടിക്കറ്റ് എടുത്തു കൊടുത്തു.

വര്‍ഷങ്ങള്‍ക്കുശേഷം ദാസ് സാര്‍ ലണ്ടനില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെ ഒരു അന്ധന്‍ പേര് വിളിച്ചു അടുത്ത് വന്നു. മലയാളത്തില്‍ സംസാരിച്ചു. പഴയ സാമ്പത്തിക വിദഗ്ധന്‍. തന്നെ എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തിന് അന്ധനായ ആ മനുഷ്യന്‍ പറഞ്ഞു: വര്‍ഷങ്ങള്‍ക്കു മുന്‍പ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതെ ഒരു വാര്‍ത്തയുടെ സാധ്യത തിരഞ്ഞ് നിങ്ങളുടെ ഓഫീസില്‍ വന്നപ്പോള്‍ കേട്ട ആ ശബ്ദം ഇപ്പോഴും മനസ്സില്‍ ഉള്ളത് കൊണ്ട്.

നന്മയായും സ്നേഹമായും സാന്ത്വനമായും കരുണയായും ഇങ്ങനെ ചില മനുഷ്യരൊക്കെ ജീവിച്ചിരുന്നു എന്നത് കൊണ്ടാണ് ഈ ലോകം ഇത്രയെങ്കിലും ഒക്കെ ആയി തുടരുന്നത്. വലിയ മനുഷ്യര്‍ മരിക്കുന്നില്ല. അവര്‍ മറവിയിലേക്ക് പതിയെ പതിയെ മാഞ്ഞുപോകുന്നത് മാത്രമേ ഉള്ളൂ…

ശബ്ദങ്ങളായും ഓര്‍മ്മകളായും വാക്കുകളായും ഭാവങ്ങളായും അവര്‍ ആ മറവികളെ കുറേക്കാലം എങ്കിലും പ്രതിരോധിച്ചു കൊണ്ടിരിക്കും. കള്ളനാണയങ്ങള്‍ സ്വയം മഹത്വവത്കരിക്കുമ്പോഴും ആ പ്രതിരോധങ്ങള്‍ ജനങ്ങളുടെ കൂട്ടായ വിമോചന പ്രതീക്ഷകളുടെ പ്രേരകങ്ങളായി നിലകൊള്ളും.

കെ.എ. ഷാജി

പരിസ്ഥിതി, അതിജീവനം, ആദിവാസി പ്രശ്‌നങ്ങള്‍, ദളിത് പ്രശ്‌നങ്ങള്‍, സന്തുലിത വികസനം, ഭൂമിയുടേയും പ്രകൃതി വിഭവങ്ങളുടേയും ഉപയോഗം, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ലേഖകന്‍ മോംഗാബെ ഇന്ത്യ, ഡൗണ്‍ ടു എര്‍ത്ത്, ദി ടെലഗ്രാഫ്, ദൈനിക് ഭാസ്‌കര്‍, പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയാ ഫൗണ്ടേഷന്റെ സൗത്ത് ഇന്ത്യാ കണ്‍സള്‍ട്ടന്റാണ്. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more