തച്ചക്കുട്ടി പപ്പുവും മുണ്ടയില്‍ കോരനും പിണറായി വിജയനും
Opinion
തച്ചക്കുട്ടി പപ്പുവും മുണ്ടയില്‍ കോരനും പിണറായി വിജയനും
കെ.എ സെയ്ഫുദ്ദീന്‍
Tuesday, 25th December 2018, 1:54 pm

 

പണ്ട് പണ്ട്… പൊന്നുതമ്പുരാന്‍ തിരുവിതാംകൂര്‍ വാഴുന്ന കാലം. തിരുവനന്തപുരത്ത് പേട്ടയില്‍ തച്ചക്കുടി പപ്പു എന്ന ഒരാളുണ്ടായിരുന്നു. തിരുവിതാംകോട്ടെ ഈഴവരില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയയാള്‍. അന്നത്തെ പഠിപ്പനുസരിച്ച് പ്ലീഡര്‍ ഉദ്യോഗം കിട്ടാന്‍ അത് ധാരാളമായിരുന്നു…

തന്റെ പഠിപ്പും യോഗ്യതയും വെച്ച് ജോലിക്ക് അപേക്ഷിച്ച പപ്പുവിന് ഹിന്ദു രാജ്യമായ തിരുവിതാംകൂറിന്റെ വിശ്വാസാചാരങ്ങള്‍ അനുസരിച്ച് പറ്റിയ ജോലിയൊന്നും ഇല്ലെന്ന മറുപടിയാണ് രാജാവില്‍നിന്നു കിട്ടിയത്. തനിക്കു കഴിയാതെ പോയത് മക്കളിലൂടെയെങ്കിലും നേടുക എന്ന സ്വപ്നത്തില്‍ പപ്പു മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. അക്കാലത്തുതന്നെ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നുന്ന വിധത്തില്‍ അച്ഛന് കൊടുത്ത അതേ മറുപടി രാജദര്‍ബാറില്‍നിന്ന് ആ രണ്ടു മക്കളെയും തേടിയെത്തി.
“നിങ്ങള്‍ക്ക് പറ്റിയ തൊഴില്‍ ഇവിടെയില്ല…” എന്ന അത്യുഗ്രന്‍ അറിയിപ്പ്..

പപ്പുവിന്റെ മൂത്ത മകന്‍ വേലായുധന്‍ ബി.എ പാസാകുമ്പോള്‍ തിരുവിതാംകൂറില്‍ ആകെ ഏഴ് ബി.എക്കാരേ ഉള്ളുവെന്നോര്‍ക്കണം. ഈഴവ സമുദായത്തിലെ ആദ്യ ബി.എക്കാരനായിരുന്നു വേലായുധന്‍. അച്ഛനെ പോലെ പ്ലീഡര്‍ നിയമനത്തിന് സര്‍വഥാ യോഗ്യന്‍…
ഒടുവില്‍ ഗതികെട്ട വേലായുധന്‍ മദിരാശിയിലേക്ക് വണ്ടി കയറി. അവിടെ സായിപ്പിന്റെ കീഴില്‍ ക്ലാര്‍ക്കുദ്യോഗത്തില്‍ പ്രവേശിച്ചു…

വേലായുധന്റെ അനിയന്‍ പഠിപ്പില്‍ ജ്യേഷ്ഠനെക്കാളും ബഹുകേമനായിരുന്നു. 1884ല്‍ അന്നത്തെ വൈദ്യശാസ്ത്ര ഡിപ്ലോമ കോഴ്‌സായ അപ്പോത്തിക്കരി പരീക്ഷയ്ക്ക് അഞ്ചു രൂപ ഫീസടച്ച് പരീക്ഷ എഴുതി. പത്തുപേരില്‍ രണ്ടാം റാങ്കുകാരനായി. പക്ഷേ, ഈഴവനായ ഒറ്റ കാരണത്താല്‍ പ്രായം കൂടിപ്പോയി എന്ന നുണ പറഞ്ഞ് ആ യുവാവിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചു.

ജ്യേഷ്ഠന്റെ വഴിയില്‍ മദിരാശിക്ക് വണ്ടി കയറിയ ആ ചെറുപ്പക്കാരന്‍ ഏറെ കഷ്ടപ്പെട്ട് എല്‍.എം.എസ് (Licentiate in Medicine and Surgery) കോഴ്‌സിനു ചേര്‍ന്നു. പല വട്ടം ജോലിക്ക് അപേക്ഷിച്ചിട്ടും ഡിപ്ലോമക്കാരായ അപ്പോത്തിക്കരിമാരെ നിയമിക്കുന്ന തിരുവിതാംകൂറിലെ ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ ബിരുദധാരിയായ ആ ചെറുപ്പക്കാരന് ജോലി കിട്ടിയില്ല. വീണ്ടും ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ വേണ്ടിവന്നു അദ്ദേഹത്തിന് ജോലി നല്‍കാന്‍.

Also read:മുഖ്യമന്ത്രിയും കൂട്ടരും ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ; ശോഭാ സുരേന്ദ്രന്റെ സമരപന്തലില്‍ സുരേഷ് ഗോപി

മൈസൂര്‍ ഗവര്‍മെന്റിന്റെ വാക്‌സിന്‍ ഡിപ്പോയില്‍ ജോലി കിട്ടിയ അദ്ദേഹത്തെ മൈസൂര്‍ സര്‍ക്കാര്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകാലാശാലയില്‍ ഉപരിപഠനത്തിനയച്ചു. ഡി.പി.എച്ച്, എഫ്.ആര്‍.പി.എച്ച് ബിരുദങ്ങള്‍ നേടി തിരികെ വന്നിട്ടും ജോലിക്കായി നല്‍കിയ അപേക്ഷക്ക് അച്ഛന്‍ പപ്പുവിന് നല്‍കിയ അതേ മറുപടിയുടെ കോപ്പി തന്നെ കൊടുക്കുകയായിരുന്നു തിരുവിതാംകൂര്‍ രാജാവ് ചെയ്തത്.

ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും കണ്ടെത്തിയ, കേരള ചരിത്രത്തില്‍ ഡോ. പല്‍പ്പു എന്ന് പേരുകേട്ട ആ വലിയ മനുഷ്യന് നേരിടേണ്ടിവന്ന അപമാനങ്ങളില്‍ പ്രധാനം അദ്ദേഹത്തിന്റെ ജാതിയും അവരുടെ തൊഴിലും തന്നെയായിരുന്നു.

1891ല്‍ തിരുവിതാംകൂര്‍ രാജാവിന് സമര്‍പ്പിച്ച “മലയാളി മെമ്മോറിയലി”നും അഞ്ചു വര്‍ഷത്തിനു ശേഷം സമര്‍പ്പിച്ച ഈഴവ മെമ്മോറിയലിനും പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ഡോ. പല്‍പ്പു തന്നെയായിരുന്നു. മാസം അഞ്ചു രൂപ വേതനം കൈപ്പറ്റുന്ന ഒരു ഈഴവന്‍ പോലും തിരുവിതാംകൂറില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ചിരുന്നു ഈ നിവേദനങ്ങളില്‍.

അതിനു മഹാരാജാവ് നല്‍കിയ മറുപടി ഉഡായിപ്പിന്റെ മാനിഫെസ്‌റ്റോയാണ്….

“”പൊതുവെ വിദ്യാഹീനരും സര്‍ക്കാര്‍ ഉദ്യോഗത്തിന് പ്രാപ്തരാക്കി തീര്‍ക്കുന്ന വിദ്യാഭ്യാസത്തിനു പോകുന്നതിനെക്കാള്‍ അവരുടെ സ്വന്തം തൊഴിലുകളായ കൃഷി, കയര്‍പിരിപ്പ്, കള്ളെടുപ്പ് മുതലായവയെക്കൊണ്ട് തന്നെ തൃപ്തിപ്പെട്ടിരിക്കുന്നവരാകുന്നു. 3,87,176 ജനങ്ങളുള്ള ഈ സമുദായത്തില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ പാസായവരായി രണ്ടുപേര്‍ മാത്രമേയുള്ളൂ….”

എന്നാല്‍, യോഗ്യരായവരെ നിയമിച്ചുകൂടെ എന്നു ചോദിച്ചാല്‍, അതിന് ഈ രാജ്യത്തെ ആചാരങ്ങളും വിശ്വാസികളും സമ്മതിച്ചിട്ടുവേണ്ടേ… ശൂദ്രന്മാര്‍ സമ്മതിക്കുമോ… എന്നൊക്കെയുള്ള പയറഞ്ഞാഴി പരുവത്തിലൊരു ന്യായമായിരുന്നു പറഞ്ഞത്….

അഥവാ കള്ള് ചെത്തുകയും തെങ്ങു കയറുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എന്തിനാണ് അധികാരിപ്പണി എന്ന് വെള്ളം ചേര്‍ക്കാത്ത മലയാളത്തില്‍ പറയാം…

എന്നിട്ട്, ആ ആചാരങ്ങളെയും വിശ്വാസങ്ങളെയും വിശ്വാസികളെയും ഒപ്പം രാജാവിനെയും എടുത്തു ഓടയിലെറിഞ്ഞാണ് ഇന്നുകാണുന്ന ഉദ്യോഗങ്ങളിലൊക്കെ കീഴ്ജാതിക്കാര്‍ കേറിയിരിക്കുന്നത്..

പക്ഷേ, ആ പഴയ സവര്‍ണ ഏമ്പക്കം തികട്ടി വരുമ്പോള്‍ “തെങ്ങുകയറേണ്ടവനെ പിടിച്ച് തലയില്‍ കേറ്റുമ്പോള്‍ ഓര്‍ക്കണം ” എന്നൊക്കെ അധോവായു വമിപ്പിക്കാന്‍ തോന്നും.

ഡോ. പല്‍പ്പുവിനോട് 121 വര്‍ഷം മുമ്പ് ചോദിച്ച ചോദ്യം ഇനി ചോദിക്കാന്‍ പറ്റില്ലെന്നറിയാവുന്നതു കൊണ്ടാണ് തലയില്‍ കയറ്റിയതിനെക്കുറിച്ച് വിസ്തരിക്കുന്നത്. മുണ്ടയില്‍ കോരന്മാരുടെ മക്കള്‍ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആകുന്നത് എങ്ങനെ, എത്രനാള്‍ സഹിക്കും..
അതിപ്പോള്‍ ജന്മഭൂമിക്കാരന്റെ കാര്‍ട്ടൂണായി പുറത്തുവന്നുവെന്നേയുള്ളു…

(വിവരങ്ങള്‍ക്ക്: “തിരുവിതാംകോട്ടെ ഈഴവര്‍” – ഡോ. പല്‍പ്പു. സിതാര ബുക്‌സ്, പള്ളിക്കല്‍ പി.ഒ, കായംകുളം)

കെ.എ സെയ്ഫുദ്ദീന്‍
മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍