ഒറ്റ ദിവസം കൊണ്ട് 60 തെങ്ങ് മറിച്ചിട്ട ചന്ദ്രന്‍ മേസ്തിരി | അത്ഭുതങ്ങള്‍ നെയ്ത ആലപ്പുഴക്കാരന്‍ തമിഴ്‌തൊഴിലാളി | കെ.എ. സൈഫുദ്ദീന്‍
Life
ഒറ്റ ദിവസം കൊണ്ട് 60 തെങ്ങ് മറിച്ചിട്ട ചന്ദ്രന്‍ മേസ്തിരി | അത്ഭുതങ്ങള്‍ നെയ്ത ആലപ്പുഴക്കാരന്‍ തമിഴ്‌തൊഴിലാളി | കെ.എ. സൈഫുദ്ദീന്‍
കെ.എ സൈഫുദ്ദീന്‍
Friday, 30th July 2021, 4:09 pm
ചന്ദ്രന്‍ കൂട്ടുകാരനുമായി പന്തയം വെച്ചു. 'ആ മോതിരം ഞാന്‍ വാങ്ങും...' തിയറ്ററിന്റെ മുറ്റം നിറയെ ജനം. തിരമാലകള്‍ക്കിടയിലേക്ക് ഒരു മീന്‍ ഊളിയിടുന്നപോലെ ചന്ദ്രന്‍ ആള്‍ത്തിരയിലേക്ക് ആണ്ടുപോയി. ചിലപ്പോള്‍ താഴ്ന്നും ആള്‍ക്കൂട്ടത്തിന്റെ തലയ്ക്കുമുകളിലൂടെ ഉയര്‍ന്നുപൊന്തിയും അയാള്‍ മലക്കം മറിഞ്ഞു. ഒടുവില്‍ പൊന്തിയത് ആദ്യ ടിക്കറ്റും സ്വര്‍ണ മോതിരവുമായിട്ടായിരുന്നു.

ഞങ്ങളുടെ ഉരുക്കുമനുഷ്യന്‍ പോയി, ചന്ദ്രന്‍ മേസ്തിരി ഒരു ലെജന്‍ഡായിരുന്നു…

നമ്മളൊക്കെ ‘ചന്ദ്രന്‍ മേസ്തിരി’ എന്ന് ചിന്തേരിട്ട് മിനുക്കി വിളിക്കുമെങ്കിലും മേസ്തിരി സ്വയം തന്നെ വിശേഷിപ്പിച്ചിരുന്നത് ‘സന്ദ്രന്‍ മേസിരി’ എന്നായിരുന്നു. ഒരു നൂറ്റാണ്ട് നീണ്ട ആയുസ്സിന്റെ ഏറിയ പങ്കും മലയാളത്തില്‍ ജീവിച്ചിട്ടും മേസ്തിരിയുടെ നാവില്‍ നിന്ന് വഴുകിപ്പോകാത്ത തമിഴ്‌മൊഴിവഴക്കത്തില്‍ ‘സന്ദ്രന്‍ മേസിരി’യായി തന്നെ പുലര്‍ന്നുപോന്നു. ഞങ്ങളുടെ നാടിന്റെ കരുത്തും ശില്‍പ്പിയും ചന്ദ്രന്‍ മേസ്തിരിയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മേസ്തിരി ഓര്‍മയായി.

വിളിപ്പഴക്കത്തില്‍ നാട്ടുകാര്‍ക്ക് ‘ചന്ദ്രന്‍ മേശിരി’യായി. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ‘ചന്ദ്രന്‍ മേശിരി’ എന്നുവിളിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പാണ്ടി ചന്ദ്രന്‍ എന്നും. ഒരു ലെജന്‍ഡാവാന്‍ പോന്നതെല്ലാം തികഞ്ഞ ജീവിതം. എണ്ണ തേച്ചുമിനുക്കിയ ഒരു കരിങ്കല്‍ ശില്‍പ്പം ഉച്ചവെയിലിനെ തോല്‍പ്പിച്ച് കരിങ്കല്ലടിച്ചുടയ്ക്കുന്ന ദൃശ്യം കാലമെത്ര കടന്നാലും ഞങ്ങളുടെ നാട്ടുകാരുടെ മനസ്സിലുണ്ടാവും. ഒന്നര വര്‍ഷം മുമ്പ്, കോവിഡിനും മുമ്പ് നാട്ടില്‍ വന്നപ്പോള്‍ മേസ്തിരി പറഞ്ഞു ”99 വയസ്സായി… അടുത്ത വര്‍ഷം 100” ആ കണക്കനുസരിച്ച് നൂറു വയസ്സിന്റെ പൂരണം കഴിഞ്ഞാണ് മേസ്തിരി മറഞ്ഞത്.

അഞ്ച് ദിവസം മുമ്പുവരെ മേസ്തിരി കടയില്‍ വന്നിരുന്നുവെന്ന് കുളയിത്തറയിലെ മുഹമ്മദലിക്ക പറഞ്ഞു. മരണവാര്‍ത്ത പറഞ്ഞ് മുഹമ്മദലിക്കാ അവസാനിപ്പിച്ചത് ‘നിനക്കല്ലേ, മേസ്തിരിയെക്കുറിച്ച് കൂടുതല്‍ അറിയാവുന്നത്…’എന്നു പറഞ്ഞായിരുന്നു. ശരിയാണ്, ഒരുപക്ഷേ, ചന്ദ്രന്‍ മേസ്തിരി അയാളുടെ ജീവിതം എന്നോട് പറഞ്ഞത്ര വിസ്തരിച്ച് മറ്റൊരാളോടും പറഞ്ഞിട്ടുണ്ടാവില്ല.

ഞാന്‍ ‘മാധ്യമത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും മുമ്പ് 2003 ല്‍ ഫ്രീലാന്‍ഡ്‌സ് ജേര്‍ണലിസ്റ്റായിരുന്ന കാലത്ത് ‘വാരാദ്യ മാധ്യമ’ത്തിന്റെ എഡിറ്ററായിരുന്ന ടി.എ. ഫൈസ്ബാബുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചന്ദ്രന്‍ മേസ്തിരിയുടെ ജീവിതം പകര്‍ത്തിയത്. കേശവദേവിന്റെ ‘ഓടയില്‍നിന്നി’ലെ പപ്പുവിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു മേസ്തിരിയുടെ ജീവിതം.

മേസ്തിരിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ജീവിതത്തിന്റെ അങ്ങേയറ്റത്ത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ നാട്ടിടവഴികളുണ്ടായിരുന്നു. തൂത്തുക്കുടിയിലെ പ്രസിദ്ധമായ ആര്‍.വി മില്ലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ വടക്കുമാറി ഓണാത്തെരുവിലായിരുന്നു മേസ്തിരിയുടെ കുടുംബം താമസിച്ചിരുന്നത്. അച്ഛനും അമ്മയും ആര്‍.വി. മില്ലിലെ ജോലിക്കാര്‍. രണ്ടു ജ്യേഷ്ഠന്മാരും രണ്ടു അനുജന്മാരും ഒരു സഹോദരിയുമുണ്ടായിരുന്നു മേസ്തിരിക്ക്. ചെറുപ്പത്തിലേ കരുത്തുറ്റ ശരീരം. ആരെയും കൂസാത്ത പ്രകൃതം.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. പിന്നെയും എത്രയോ കഴിഞ്ഞാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. നാട്ടിലെ ജന്മിയുടെ മകന്‍ കൂടെ പഠിക്കുന്നുണ്ട്. ആ ഹുങ്കില്‍ എല്ലാവരെയും ഉപദ്രവിക്കുന്ന പ്രകൃതക്കാരന്‍. സഹിക്കാതെവന്ന ഒരു ദിവസം ചന്ദ്രന്‍ അടിച്ചവന്റെ മുഖം പൊളിച്ചു. ആ നിമിഷം ചന്ദ്രന്‍ എന്ന പയ്യന്റെ ജീവിതം അടിമുടി മറിഞ്ഞു.

വിവരമറിഞ്ഞ ജന്മിയുടെ ആള്‍ക്കാര്‍ വടിയും വടിവാളുമൊക്കെയായി സ്‌കൂളിലേക്ക് പാഞ്ഞുവന്നു. ജീവനും ഭയന്ന് സ്‌കൂളില്‍ നിന്നിറങ്ങി ഓടിക്കയറിയത് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഒരു ഗുഡ്‌സ് ട്രെയിനിന്റെ വാഗണില്‍. പെട്ടന്ന് മുന്നോട്ടെടുത്ത ട്രെയിനിന്റെ അടഞ്ഞ വാതിലിനപ്പുറം മറഞ്ഞത് ഒരു ലോകമായിരുന്നുവെന്ന് അപ്പോള്‍ അയാള്‍ ഓര്‍ത്തില്ല.

വാഗണില്‍ കിടന്ന് മയങ്ങിപ്പോയി. നേരം പുലര്‍ന്നപ്പോള്‍ കണ്ടത് കൊല്ലം റെയില്‍വേ സ്റ്റേഷനാണ്. ആരോരുമില്ലാതെ സ്റ്റേഷനില്‍ കറങ്ങിനടന്ന തമിഴ് ബാലനോട് റെയില്‍വേയിലെ ജോലിക്കാരനായ മറ്റൊരു തമിഴന് ദയതോന്നി. അയാള്‍ ചായ വാങ്ങിക്കൊടുത്തു. ചവറയില്‍ ചെന്നാല്‍ ജോലികിട്ടുമെന്നുപറഞ്ഞ് ഒരു കത്തും കൊടുത്തുവിട്ടു. അങ്ങനെ ചവറയിലെ കളിമണ്ണുകൊണ്ട് പൈപ്പ് നിര്‍മിക്കുന്ന ഫാക്ടറിയില്‍ ചെറിയൊരു പണിക്കാരനായി. കുറേശ്ശെ മലയാളവും പഠിച്ചു.

ആറുമാസത്തിനുശേഷം ഒമ്പതുരൂപയുമായി ചന്ദ്രന്‍ ആലപ്പുഴക്ക് ബോട്ട് കയറി. അന്ന് ആലപ്പുഴയായിരുന്നുവല്ലോ കേരളത്തിലെ വലിയ തുറമുഖ നഗരവും കിഴക്കിന്റെ വെനീസും. പിന്നെ അലഞ്ഞുതിരിയലിന്റെ ഒരു ദീര്‍ഘകാലം. ആലപ്പുഴയില്‍ തടിയുമായി വന്ന ഒരു ഈരാറ്റുപേട്ടക്കാരന്‍ ഹാജിയാരുമായി പരിചയത്തിലാവുകയും അയാളുടെ തടിമില്ലില്‍ ഒരു വര്‍ഷം പണിക്കാരനുമായി. അതിനിടയില്‍ ന്യൂമോണിയ ബാധിച്ച് കോട്ടയത്ത് ആശുപത്രിയിലായിരിക്കെയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനായി തോട്ടപ്പള്ളിയില്‍ സ്പില്‍വേ നിര്‍മിക്കുന്നുവെന്നറിഞ്ഞത്. അവിടെയെത്തിയ ചന്ദ്രന് ധാരാളം പണികിട്ടി. കാരണം, കരിങ്കല്ലിനൊരു മര്‍മമുണ്ടെന്ന് മേസ്തിരി പറയും. ചുറ്റികയെടുത്ത് മര്‍മം നോക്കി വീശിയാല്‍ ഏതു കരിങ്കലും ചീളുകളായി മാറും. അത്രക്ക് കരുത്തനായിരുന്നു അയാള്‍.

അയാളൊഴുക്കിയ വിയര്‍പ്പിനിടയിലൂടെ ഒലിച്ചുപോയത് 15 വര്‍ഷങ്ങളായിരുന്നു. പിന്നിലെറിഞ്ഞുപോന്ന കുടുംബത്തെ തേടി കുറേയേറെ പണവുമായി അയാള്‍ തൂത്തുക്കുടിയില്‍ പോയി. പക്ഷേ, നഗരമാകെ അപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞിരുന്നു. കുടുംബം മറ്റെവിടേക്കോ മാറിയിരിക്കണം. അല്ലെങ്കില്‍ ജന്മിയുടെ ആള്‍ക്കാര്‍ ചുട്ടുചാമ്പലാക്കിയിട്ടുമുണ്ടാവാം. വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ കൂടി സ്വന്തക്കാരെ തിരഞ്ഞയാള്‍ പോയി. നിരാശമാത്രമായിരുന്നു ഫലം. പിന്നീടൊരിക്കലും ആ വഴിക്കിറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കരിങ്കല്ലും ചന്ദ്രനും

തോട്ടപ്പള്ളിയിലെ പണിക്കിടയില്‍ താമസിച്ചിരുന്നത് രണ്ടു കിലോമീറ്റര്‍ മാറി പല്ലനയിലായിരുന്നു. 33-ാമത്തെ വയസ്സില്‍ ചന്ദ്രന്‍ പെരുമുളത്ത് ദാമോദരന്‍ എന്നയാളിന്റെ മകള്‍ ജാനകിയെ വിവാഹം കഴിച്ചു. അതിനിടയില്‍ തീരദേശത്തെ കടല്‍ഭിത്തി നിര്‍മാണത്തില്‍ ചന്ദ്രന്‍ ഒരനിവാര്യതയായി മാറിയിരുന്നു. സ്പില്‍വേ പണി പൂര്‍ത്തിയായതും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനത്തിനു വന്നതുമൊക്കെ മേസ്തിരി പറഞ്ഞുതന്നു.

കരിങ്കല്ലും ചന്ദ്രനുമായുള്ള ആത്മബന്ധം പുറംനാടുകളിലും പ്രസിദ്ധമായി. മലബാറില്‍നിന്ന് ബാലഗംഗാധരന്‍ എന്ന കോണ്‍ട്രാക്ടര്‍ ചന്ദ്രനെ തേടിവന്നു. അയാള്‍ക്കൊപ്പം ചന്ദ്രന്‍ മലബാറിനു വണ്ടിയകറി. രണ്ടുവര്‍ഷം കണ്ണൂര്‍, തലശ്ശേരി, അഴീക്കോട് എന്നിവിടങ്ങളില്‍ പലേടത്തും കടല്‍ഭിത്തി നിര്‍മിക്കാന്‍ ചന്ദ്രനുണ്ടായിരുന്നു. എ.പി. ശ്രീധരന്‍ എന്ന കോണ്‍ട്രാക്ടര്‍ക്കൊപ്പം കോഴിക്കോട്ടെത്തിയ ചന്ദ്രനും കൂടി ചേര്‍ന്നായിരുന്നു ബേപ്പൂര്‍ തുറമുഖത്തിന് പുലിമുട്ട് കെട്ടിയത്. രണ്ടു വര്‍ഷം കോഴിക്കോട്ട് താമസിച്ചു.

കല്ലായി ലക്ഷ്മിയും ചന്ദ്രനും

ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്നപ്പോള്‍ കോഴിക്കോട്ടുകാരിയായ എന്റെ ഭാര്യ റജീനയോട് മേസ്തിരി ഒരു കഥ വിസ്തരിച്ചു. കല്ലായി ലക്ഷ്മിയെക്കുറിച്ചായിരുന്നു അത്. കല്ലായിയില്‍ പുതുതായി തുടങ്ങിയ ലക്ഷ്മി തിയറ്ററിന്റെ ഉദ്ഘാടന ദിവസം. ആദ്യം ടിക്കറ്റെടുത്ത് അകത്തുകയറുന്നയാള്‍ക്ക് തിയറ്ററുകാര്‍ വെച്ച ‘ഓഫര്‍’ ഒരു സ്വര്‍ണ മോതിരമായിരുന്നു. ചന്ദ്രന്‍ കൂട്ടുകാരനുമായി പന്തയം വെച്ചു. ‘ആ മോതിരം ഞാന്‍ വാങ്ങും…’ തിയറ്ററിന്റെ മുറ്റം നിറയെ ജനം. തിരമാലകള്‍ക്കിടയിലേക്ക് ഒരു മീന്‍ ഊളിയിടുന്നപോലെ ചന്ദ്രന്‍ ആള്‍ത്തിരയിലേക്ക് ആണ്ടുപോയി. ചിലപ്പോള്‍ താഴ്ന്നും ആള്‍ക്കൂട്ടത്തിന്റെ തലയ്ക്കുമുകളിലൂടെ ഉയര്‍ന്നുപൊന്തിയും അയാള്‍ മലക്കം മറിഞ്ഞു. ഒടുവില്‍ പൊന്തിയത് ആദ്യ ടിക്കറ്റും സ്വര്‍ണ മോതിരവുമായിട്ടായിരുന്നു.

കോഴിക്കോട് നിന്ന് മടങ്ങിവന്ന ചന്ദ്രന്‍ ജാനകിയുമായി ബന്ധം വേര്‍പെടുത്തി. അതിനകം മേസ്തിരി പണിയിലും ചന്ദ്രന്‍ മിടുക്കനായി കഴിഞ്ഞിരുന്നു. അപ്പോഴാണ് പല്ലനയില്‍ മുസ്ലിം ജമാഅത്ത് പള്ളിയുടെ നിര്‍മാണം നടക്കുന്നത്. പണിക്കാരനായി പല്ലന കുറ്റിക്കാട് വന്ന ചന്ദ്രന്‍ കൊച്ചുകണ്ടത്തില്‍ കൊച്ചുനാരായണിയെ കല്യാണം കഴിച്ചു. പള്ളിക്കാര്‍ കൊടുത്ത സ്ഥലത്ത് വീടുണ്ടാക്കി അവിടെ താമസിച്ചു. അത് അലഞ്ഞുതിരിഞ്ഞ ജീവിതത്തിന്റെ കൂടി ഫുള്‍ സ്റ്റോപ്പായിരുന്നു. മരണം വരെ മേസ്തിരി ആ വീട് വിട്ട് എങ്ങോട്ടും പോയില്ല… ഏക മകന്‍ ശശിയും അച്ഛനെ പോലെ മേസ്തിരിപണിക്കാരനായി. ശശിയണ്ണന്‍ അടുത്തിടെയാണ് മരിച്ചത്. കൊച്ചുനാരായണിയമ്മ അതിനും മുമ്പേ പോയിരുന്നു…

‘കൊച്ചുനാറാണീ… നീ പോവുവാണോ…?’ എന്ന് ചന്ദ്രന്‍ മേസ്തിരി നിലവിളിച്ചെന്ന് ഉമ്മയാണ് പറഞ്ഞത്…
മേസ്തിരിക്ക് ചില പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. എല്ലാ ദിവസവും പണി കഴിഞ്ഞ് പുത്തന്‍ചന്ത ഷാപ്പില്‍നിന്ന് നല്ല അന്തിക്കള്ള് വീശും. ഒട്ടും അധികമാവാത്ത ആ ശീലമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് മേസ്തിരി പറയുമായിരുന്നു. നൂറ് അടിച്ച് മിനുങ്ങി ഞങ്ങളുടെ കടയില്‍ വന്ന് ബാപ്പയുടെ കൈയില്‍ നിന്ന് നാലും കൂട്ടി മുറുക്കി പള്ളിയെ നോക്കി തൊഴുത് വീട്ടിലേക്ക് കയറിപോകുന്ന ചന്ദ്രന്‍ മേസ്തിരി ഒരു പതിവുകാഴ്ചയായിരുന്നു.

തൂത്തുക്കുടിയിലെ ജന്മിയുടെ മകന്റെ ചെകിട്ടത്തടിച്ച അതേ വീറോടെ ആരുടെ മുന്നിലും ഓഛാനിച്ച് നില്‍ക്കാതെ അധ്വാനത്തില്‍ വിശ്വസിച്ച് അന്തസ്സായി അയാള്‍ ജീവിച്ചു. ഒരു കമ്മ്യൂണിസ്റ്റാവാന്‍ പോന്ന എല്ലാമുണ്ടായിരുന്നു ജീവിതത്തിലെങ്കിലും ചന്ദ്രന്‍ മേസ്തിരി കോണ്‍ഗ്രസുകാരനായിരുന്നു. ശശിയണ്ണനും കോണ്‍ഗ്രസായിരുന്നു.

മുക്കാല്‍ നുറ്റാണ്ട് മലയാളക്കരയില്‍ ജീവിച്ചിട്ടും തമിഴ്‌മൊഴിച്ചന്തം മേസ്തിരിയെ വിട്ടുപോയിരുന്നില്ല. ആ തമിഴാളത്തില്‍ ഞങ്ങളൊയൊക്കെ ശാസിക്കാനും വടിയെടുത്ത് അടിക്കാനുമൊക്കെ അധികാരം മേസ്തിരിക്കുണ്ടായിരുന്നു. ചന്ദ്രന്‍ മേസ്തിരി തല്ലിയെന്ന് പരാതി വീട്ടില്‍ പറയാന്‍ മടിയായിരുന്നു. ‘കണക്കായിപ്പോയി…’ എന്ന വീട്ടീകാരുടെ കൂട്ടുപലിശ വേറെയും കിട്ടും.

ഞങ്ങളുടെ ബാപ്പ മരിച്ച ദിവസം എന്നെ കെട്ടിപ്പിടിച്ച് മേസ്തിരി കരഞ്ഞു. അത്രയും സുഹൃത്തുക്കളായിരുന്നു അവര്‍. നൂറാമത്തെ വയസ്സിലും മേസ്തിരി വിശ്രമിച്ചില്ല. തന്റെ പതിവുകള്‍ മുടക്കിയില്ല. പഴയ വേഗമില്ലെങ്കിലും അയാളെ അപ്പോഴും ആളുകള്‍ക്ക് വേണമായിരുന്നു. ചന്ദ്രന്‍ മേസ്തിരിയുടെ കരണ്ടിപ്പാട് പതിയാത്ത വീടുകള്‍ ഞങ്ങളുടെ നാട്ടില്‍ അത്യപൂര്‍വമാണ്. എല്ലാവരുടെയും ജീവിതത്തിന് അനിവാര്യമായിരുന്ന ആ ജീവിതം കഴിഞ്ഞ ദിവസം അസ്തമിച്ചു. ഒരു നൂറ്റാണ്ടുകാലം തീപ്പന്തം കണക്കെ ജ്വലിച്ചുനിന്ന ഞങ്ങളുടെ ഉരുക്കു മനുഷ്യന്‍.

അവസാനമായി മേസ്തിരിയുടെ മുഖം ഒന്നു കാണണമെന്നുണ്ടായിരുന്നു… ഗതികെട്ട ഈ കോവിഡ് കാലം എല്ലാ മുഖങ്ങളും മായ്ക്കുകയാണല്ലോ… മറയ്ക്കുകയാണല്ലോ…

മുറിവാല്‍കഥ:
തോട്ടപ്പള്ളിയില്‍ നിന്ന് തൃക്കുന്നപ്പുഴയിലേക്കുള്ള എട്ട് കിലോ മീറ്റര്‍ ദൂരത്ത് പുതുതായി റോഡ് പണിയുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് പാണ്ഡവത്ത് ശങ്കരപ്പിള്ളയും വൈസ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് (എം.എസ് ഉപ്പുപ്പ)മാണ് മേല്‍നോട്ടക്കാര്‍. തെങ്ങുകള്‍ തിങ്ങിനിറഞ്ഞ പുരയിടത്തിനു നടുവിലൂടെയാണ് റോഡ്. അതിന് തെങ്ങുകള്‍ വെട്ടിമാറ്റണം. നിയോഗിച്ചത് ചന്ദ്രന്‍ മേസ്തിരിയെ.
പഞ്ചായത്ത് പ്രസിഡന്റ് ദിവസക്കൂലിയായി എത്രവേണമെന്ന് ചന്ദ്രനോട് ചോദിച്ചു. ‘അഞ്ചു രൂപ..’ ചന്ദ്രന്‍ പറഞ്ഞു…
‘അത് കൂടുതലാണ്… പകരം ഒരു തെങ്ങിന് 50 പൈസ തരാം..’ കരാറുറപ്പിച്ച് ചന്ദ്രന്‍ പണി തുടങ്ങി….

വൈകുന്നേരം കൂലി വാങ്ങിക്കൊടുക്കാന്‍ എം.എസ് മുഹമ്മദ് ചന്ദ്രനെയും കൂട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി.. ‘കൂലി കൊടുത്തേക്കൂ..’ എന്ന് പ്രസിഡന്റിന്റെ ആജ്ഞ. പക്ഷേ, വൈസ്. പ്രസിഡന്റ് നിന്നു പരുങ്ങുന്നു. കരാര്‍ പ്രകാരമാണെങ്കില്‍ 30 രൂപ കൂലി കൊടുക്കണം… ഒറ്റ ദിവസം കൊണ്ട് ചന്ദ്രന്‍ മറിച്ചിട്ടത് 60 തെങ്ങുകളാണ്. ചന്ദ്രന്‍ മേസ്തിരിയുടെ കൈയില്‍ വീതിയുള്ള ഒരു കട്ടപ്പാരയുണ്ട്. അതുകൊണ്ട് തെങ്ങിന്റെ നാലുവശത്തും ആഞ്ഞൊരു കുത്ത്… ഏത് വമ്പന്‍ തെങ്ങും അതോടെ നിലംപൊത്തും.

‘എന്നാല്‍, ആദ്യം പറഞ്ഞ അഞ്ചു രൂപ തരാം…’ എന്ന് പ്രസിഡന്റ് പറഞ്ഞുനോക്കി. പക്ഷേ, ചന്ദ്രന്‍ മേസ്തിരി വിട്ടുകൊടുത്തില്ല… പറഞ്ഞപ്രകാരമുള്ള 30 രൂപയും വാങ്ങിയാണ് ചന്ദ്രന്‍ മേസ്തിരി പോയത്…

‘പാണ്ടി ചന്ദ്രന്‍ കോടാലികൊണ്ട് രണ്ടു വെട്ടുവെട്ടിയാല്‍ ഏതു വലിയ മരക്കുറ്റിയും പിഴുതുപോകും’ എന്ന് പഴമക്കാര്‍ പറയുമായിരുന്നു.
(പ്രശസ്ത മതപണ്ഡിതന്‍ വൈലിത്തറ മുഹമ്മദുകുഞ്ഞ് മൗലവി പറഞ്ഞ കഥയാണിത്… അവര്‍ തമ്മില്‍ അത്ര വലിയ സൗഹൃദമുണ്ടായിരുന്നു.)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KA Saifudeen writes about chandran mesthiri – labour life

കെ.എ സൈഫുദ്ദീന്‍
മാധ്യമപ്രവര്‍ത്തകന്‍