' അതുകൊണ്ട് ആരോഗ്യമന്ത്രീ, ഒരു മിന്നല്‍ സന്ദര്‍ശനം നടത്തണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍, രക്തദാതാവായി' കെ.കെ ശൈലജക്ക് മാധ്യമപ്രവര്‍ത്തകന്റെ തുറന്ന കത്ത്
Kerala
' അതുകൊണ്ട് ആരോഗ്യമന്ത്രീ, ഒരു മിന്നല്‍ സന്ദര്‍ശനം നടത്തണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍, രക്തദാതാവായി' കെ.കെ ശൈലജക്ക് മാധ്യമപ്രവര്‍ത്തകന്റെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2017, 8:35 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിന്റെ ദുരവസ്ഥ തുറന്നുകാട്ടി ആരോഗ്യമന്ത്രിക്ക് കെ.കെ ശൈലജക്ക് മാധ്യമപ്രവര്‍ത്തകന്റെ തുറന്ന കത്ത്. മാധ്യമപ്രവര്‍ത്തകനായ കെ.എ സെയ്ഫുദ്ദീനാണ് ഫേസ്ബുക്കിലൂടെ രക്തബാങ്കിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടുന്നത്.

മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ രക്തം ദാനം ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യമോ, രക്തം ശേഖരിക്കാന്‍ സുരക്ഷിതമായ ഉപകരണങ്ങളോ, വൃത്തിയുള്ള അന്തരീക്ഷമോ, വിശ്രമിക്കാന്‍ സൗകര്യങ്ങളോ ഇല്ലെന്ന കാര്യമാണ് സെയ്ഫുദ്ദീന്‍ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കല്‍ കോളജില്‍ ഒരു രക്തദാതാവായി, ഔദ്യോഗിക വാഹനങ്ങളും അകമ്പടിയുമില്ലാതെ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തണമെന്നാണ് സെയ്ഫുദ്ദീന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.


Also Read: ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍


“കാഷ്വാലിറ്റി ബ്ലോക്കിന്റെ തൊട്ടുമുകളിലെ നിന്നുതിരിയാന്‍ ഇടമില്ലാത്ത, കാലന്റെ ഇരുട്ടുമുറി പോലെ തോന്നിക്കുന്ന വരാന്തയോട് ചേര്‍ന്നാണ് ബ്ലഡ് ബാങ്ക്. മങ്ങിയ വെളിച്ചത്തില്‍ നിഴലുകള്‍ പോലെ നിരന്നു നില്‍ക്കുന്ന മനുഷ്യര്‍. ഒന്നിരിക്കാന്‍പോലും സൗകര്യമില്ലാത്തതിനാല്‍ മൈക്കില്‍ കൂടി പേരു വിളിക്കുന്ന ഊഴവും കാത്ത് വരാന്തയില്‍ ഒറ്റക്കാലില്‍ എത്ര നേരമാണ് നില്‍ക്കേണ്ടിവരുന്നത്.” എന്നു പറയുന്ന അദ്ദേഹം രക്തംദാനം ചെയ്യാനായി വരുന്നവര്‍ക്ക് ഇരിക്കാന്‍ അത്യാവശ്യത്തിന് കസേരയെങ്കിലും ഒരുക്കിക്കൂടേയെന്നും ചോദിക്കുന്നു.

 

“ഇതിലും ഗതികേടാണ് ബ്ലഡ് ബാങ്കിനുള്ളില്‍. കണ്ടാല്‍ അറപ്പുതോന്നുന്നത്ര വൃത്തിഹീനം. പണ്ടു പുരാതന കാലത്ത് ഫാഷനായിരുന്ന മൊസൈക്ക് തറയില്‍ ചളി കട്ടപിടിച്ചുകിടക്കുന്നു. ഒരു സമയം ആറുപേരുടെ രക്തം ശേഖരിക്കാനുള്ള ടേബിളാണ് മലബാറിന്റെ ആസ്ഥാനമായ ഈ മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിലുള്ളത്. ഏറ്റവും വൃത്തിയോടെ പരിപാലിക്കേണ്ട ഈ സ്ഥലത്തിന്റെ അവസ്ഥ പരിതാപകരമാണ്.” ബ്ലഡ് ബാങ്കിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു.

നിലവാരം കുറഞ്ഞ സിറിഞ്ചും ബ്ലഡ് ബാഗും ഉപയോഗിച്ചാണ് രക്തം ശേഖരിക്കുന്നതെന്നും സെയ്ഫുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


Don”t Miss: ‘ങേ ഇതെന്താപ്പോ ഉണ്ടായെ?’; ബിരുദദാന ചടങ്ങിനിടെ വകുപ്പ് മേധാവിയുടെ കാലുതൊട്ട് വണങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥി; ആശ്ചര്യം വിട്ടുമാറാതെ അധ്യാപകന്‍ 


“രക്തം ശേഖരിക്കുന്നതാകട്ടെ തീരെ നിലവാരം കുറഞ്ഞ ബ്ലഡ് ബാഗും സിറിഞ്ചും ഉപയോഗിച്ച്. ഡ്യൂപ്ലിക്കേറ്റ് നിര്‍മാണത്തിന് പേരുകേട്ട ഫരീദാബാദിലെ ഒരു കമ്പനിയുടെ ബാഗാണിത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും ഇതേ ബാഗും സിറിഞ്ചും തന്നെയാണോ ഉപയോഗിക്കുന്നതെന്നറിയില്ല.” അദ്ദേഹം പറയുന്നു.

രക്തം ദാനം ചെയ്തു കഴിഞ്ഞാല്‍ അരമണിക്കൂറെങ്കിലും വിശ്രമിക്കണമെന്ന് ബ്ലഡ് ബാങ്കിനുള്ളില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“രക്തം കൊടുത്ത ശേഷം അരമണിക്കൂറെങ്കിലും ബാങ്കിനുള്ളില്‍ തന്നെ വിശ്രമിക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. എവിടെയാണ് അവര്‍ വിശ്രമിക്കുക. തൂണിനോട് ചേര്‍ന്ന് ഭിത്തിയില്‍ മുട്ടാതെ ഇട്ടിരിക്കുന്ന രണ്ട് ഇരുമ്പ് കട്ടിലിലാണ് രക്തം ദാനം ചെയ്ത ശേഷം വിശ്രമിക്കേണ്ടത്. ആലസ്യത്തോടെ ഒന്ന് ചാരിയിരിക്കാന്‍ പോലും കഴിയാതെ, കുത്തിനിര്‍ത്തിയ പോലെ നാലഞ്ചുപേര്‍ ഒരു കട്ടിലില്‍ ഇരിപ്പിനും നില്‍പ്പിനുമിടയിലെ ഒരു ആസനത്തില്‍ സ്ഥിതി കൊള്ളേണ്ട ഗതികേട്. ” അദ്ദേഹം വിശദീകരിക്കുന്നു.

രക്തംകൊടുക്കാന്‍ വരുന്നവരോട് ആശുപത്രി ജീവനക്കാര്‍ മോശമായി പെരുമാറുന്ന കാര്യവും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

“അതുകൊണ്ട് രക്തം കൊടുക്കാനെന്ന പേരില്‍ ആരുമറിയാതെ ഇടിമിന്നലുപോലെ പരിവാരങ്ങളും ചാനല്‍ ക്യാമറകളുമില്ലാതെ ബഹുമാനപ്പെട്ട മന്ത്രി ഒന്നു വരണം കോഴിക്കോട് മെഡിക്കല്‍ കോളജിലെ രക്തബാങ്കില്‍…” എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

സെയ്ഫുദ്ദീന്റെ കത്ത് പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയാന്‍…

ചില വെളുപ്പാന്‍ കാലങ്ങളില്‍ ഊരും പേരുമറിയാത്ത ആരുടെയെങ്കിലും ഫോണ്‍ കോളുകള്‍ക്ക് ഉത്തരമായി ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിലേക്ക് ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയും ആവശ്യപ്പെടാതെയും ഓടിച്ചെല്ലുന്ന അനേകം പേരുള്ള നാടാണിത്. അവരിലൊരാളാണ് ഞാനും. ഇത്രയുംകാലത്തിനിടയില്‍ എത്ര പേര്‍ക്ക് രക്തം കൊടുത്തെന്നോ അവര്‍ ആരൊക്കെയെന്നോ ഒരു കണക്കും സൂക്ഷിക്കാത്തവരില്‍ ഒരാള്‍.

ഒരുപാട് നന്മകളൊന്നും ചെയ്യാന്‍ വകുപ്പില്ലാത്ത ഈ ജീവിതത്തില്‍ ഇത്രയെങ്കിലുമായല്ലോ എന്ന ആശ്വാസമാണ് ആരു വിളിച്ചാലും ഓടിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്നത്.

മൂന്നു മാസമാകുമ്പോള്‍ എവിടെ നിന്നെങ്കിലും വിളിയെത്തും. മിക്ക സ്വകാര്യ ആശുപത്രിക്കാരുടെ കൈയിലും ഞങ്ങളുടെ നമ്പറുണ്ടാകും. അല്ലെങ്കില്‍, രക്തദാന സന്നദ്ധത അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും വെബ്‌സൈറ്റില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ചായിരിക്കും വിളിക്കുക.

രക്തം ദാനം ചെയ്യാന്‍ നിറഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. നാളെ ചിലപ്പോള്‍ ഞങ്ങള്‍ക്കുവേണ്ടിയും ആരെങ്കിലും ഇതുപോലെ ഓടേണ്ടിവരില്ലെന്ന് ആരറിഞ്ഞു….

രക്തം കൊടുക്കുന്നതില്‍ ഒരു മടിയുമില്ല. പക്ഷേ, ഒട്ടും സമയമില്ലാത്ത ജീവിതപ്പാച്ചിലിനിടയില്‍ ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ അതിനായി മാറ്റിവെക്കേണ്ടിവരും. അതാണ് പലരെയും രക്തം നല്‍കാന്‍ മടുപ്പിക്കുന്നത്. പ്രത്യേകിച്ച് ഗവ. ആശുപത്രികളില്‍. അതില്‍, പ്രത്യേകം പറയണം കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അവസ്ഥ.

രാവിലെ എട്ടു മണിമുതല്‍ 12 മണിവരെയുള്ള നാല് മണിക്കൂറിനുള്ളില്‍ നുറുകണക്കിന് ആളുകളാണ് രക്തം നല്‍കാന്‍ എത്തുക. അതില്‍ ഏറെപ്പേര്‍ക്കും രോഗികളുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ല.

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രീ..

ഒരു മിന്നല്‍ സന്ദര്‍ശനം നടത്തണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.

കഴിയുമെങ്കില്‍ ഔദ്യോഗിക വാഹനവും അകമ്പടിയും ഒഴിവാക്കി ഒരു രക്തദാതാവിനെപ്പോലെ വരണം.

കാഷ്വാലിറ്റി ബ്ലോക്കിന്റെ തൊട്ടുമുകളിലെ നിന്നുതിരിയാന്‍ ഇടമില്ലാത്ത, കാലന്റെ ഇരുട്ടുമുറി പോലെ തോന്നിക്കുന്ന വരാന്തയോട് ചേര്‍ന്നാണ് ബ്ലഡ് ബാങ്ക്. മങ്ങിയ വെളിച്ചത്തില്‍ നിഴലുകള്‍ പോലെ നിരന്നു നില്‍ക്കുന്ന മനുഷ്യര്‍. ഒന്നിരിക്കാന്‍പോലും സൗകര്യമില്ലാത്തതിനാല്‍ മൈക്കില്‍ കൂടി പേരു വിളിക്കുന്ന ഊഴവും കാത്ത് വരാന്തയില്‍ ഒറ്റക്കാലില്‍ എത്ര നേരമാണ് നില്‍ക്കേണ്ടിവരുന്നത്…

ഒന്നിരിക്കാന്‍ അത്യാവശ്യത്തിന് കസേരയെങ്കിലും ഒരുക്കിക്കൂടേ…

നിന്ന് കാല്‍ കഴയ്ക്കുമ്പോള്‍ ചിലര്‍ സ്‌റ്റെയര്‍കെയ്‌സിന്റെ പടവുകളില്‍ കുത്തിയിരിക്കും.

അതിനെക്കാള്‍ ഗതികേടാണ് ബ്ലഡ് ബാങ്കിനുള്ളില്‍. കണ്ടാല്‍ അറപ്പുതോന്നുന്നത്ര വൃത്തിഹീനം. പണ്ടു പുരാതന കാലത്ത് ഫാഷനായിരുന്ന മൊസൈക്ക് തറയില്‍ ചളി കട്ടപിടിച്ചുകിടക്കുന്നു. ഒരു സമയം ആറുപേരുടെ രക്തം ശേഖരിക്കാനുള്ള ടേബിളാണ് മലബാറിന്റെ ആസ്ഥാനമായ ഈ മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിലുള്ളത്. ഏറ്റവും വൃത്തിയോടെ പരിപാലിക്കേണ്ട ഈ സ്ഥലത്തിന്റെ അവസ്ഥ പരിതാപകരമാണ്.

രക്തം ശേഖരിക്കുന്നതാകട്ടെ തീരെ നിലവാരം കുറഞ്ഞ ബ്ലഡ് ബാഗും സിറിഞ്ചും ഉപയോഗിച്ച്. ഡ്യൂപ്ലിക്കേറ്റ് നിര്‍മാണത്തിന് പേരുകേട്ട ഫരീദാബാദിലെ ഒരു കമ്പനിയുടെ ബാഗാണിത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും ഇതേ ബാഗും സിറിഞ്ചും തന്നെയാണോ ഉപയോഗിക്കുന്നതെന്നറിയില്ല.

രക്തം കൊടുത്ത ശേഷം അരമണിക്കൂറെങ്കിലും ബാങ്കിനുള്ളില്‍ തന്നെ വിശ്രമിക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. എവിടെയാണ് അവര്‍ വിശ്രമിക്കുക..

തൂണിനോട് ചേര്‍ന്ന് ഭിത്തിയില്‍ മുട്ടാതെ ഇട്ടിരിക്കുന്ന രണ്ട് ഇരുമ്പ് കട്ടിലിലാണ് രക്തം ദാനം ചെയ്ത ശേഷം വിശ്രമിക്കേണ്ടത്. ആലസ്യത്തോടെ ഒന്ന് ചാരിയിരിക്കാന്‍ പോലും കഴിയാതെ, കുത്തിനിര്‍ത്തിയ പോലെ നാലഞ്ചുപേര്‍ ഒരു കട്ടിലില്‍ ഇരിപ്പിനും നില്‍പ്പിനുമിടയിലെ ഒരു ആസനത്തില്‍ സ്ഥിതി കൊള്ളേണ്ട ഗതികേട്.

രക്തദാനത്തിനു ശേഷം ധാരാളം വെള്ളം കുടിക്കണമെന്ന് നിര്‍ദേശമുണ്ട്. അത് പാലിക്കാനായി നിരത്തിവെച്ചിരിക്കുന്നത് കുടിച്ച ശേഷം ആരോ വലിച്ചെറിഞ്ഞ കുറേ മിനറല്‍ വാട്ടറിന്റെ കുപ്പികള്‍. തൊട്ടടുത്ത ഫില്‍ട്ടറില്‍നിന്ന് ആ കുപ്പിയില്‍ വെള്ളമെടുത്ത് കുടിച്ചുകൊള്ളണം.

ചിലപ്പോള്‍ ഒരു ചായ കിട്ടിയാല്‍ ആയി. അതിനിടയില്‍ നഴ്‌സ് വന്ന് രക്തമെടുത്ത സൂചിപ്പാടില്‍ ഒരു ബാന്‍ഡേജ് ഒട്ടിക്കും. ഒട്ടിച്ച നഴ്‌സിനൊപ്പം അതും കൂടെ പോരും. ഒരു കാശിനും കൊള്ളാത്ത ഒന്ന്. ഇതിനൊക്കെയും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുറതെറ്റാതെ കാശ് പോകുന്നുണ്ടാകുമല്ലോ…

രക്തം കൊടുത്ത ശേഷം മതിയായി വിശ്രമിച്ചേ പോകാവൂ എന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. അതെങ്ങാനും പാലിച്ച് അര മണിക്കൂര്‍ വിശ്രമിച്ചേ പോകൂ എന്നെങ്ങാനും ദൃഢ പ്രതിജ്ഞയെടുത്തുപോയാല്‍ മാവൂര്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായതുപോലെ ബ്ലഡ് ബാങ്കിനുള്ളില്‍ സ്തംഭനാവസഥയുണ്ടാകും. അപ്പോള്‍ തന്ത്രത്തില്‍ നഴ്‌സ് നമ്മളെ മെല്ലെ പുറത്താക്കും.
അതൊക്കെയും നല്ലൊരു കാര്യത്തിനാണല്ലോ എന്നുകരുതി സമാധാനിക്കാം. രക്തം കൊടുത്താല്‍ അര ദിവസത്തെ അവധിയൊക്കെ കിട്ടുമെന്ന് ചട്ടമുണ്ടെങ്കിലും അതൊന്നും എല്ലാ ആപ്പീസിലും നടക്കില്ല.

ആപ്പീസ് ജോലിയുള്ളവന്‍ മുതല്‍ അന്നന്നത്തെ കൂലിപ്പണിക്കാരന്‍ വരെ രക്തം കൊടുക്കാന്‍ വരുന്നവരായുണ്ട്. അവരുടെ ഒരു ദിവസം നല്ലൊരു കാര്യത്തിനു തുനിറഞ്ഞിറങ്ങിയതിന് അപഹരിക്കപ്പെടുന്ന വിധം തിരക്കാണിവിടെ. സ്വന്തമായി ഡ്രൈവ് ചെയ്തു പോകരുതെന്നൊക്കെ പറയുമെങ്കിലും അപഹരിക്കപ്പെട്ട ദിവസത്തിന്റെ ശേഷം ഭാഗം പൂരിപ്പിക്കാന്‍ ടൂ വീലറിലൊക്കെ പാഞ്ഞുപോകുന്നവരാണ് ഞങ്ങള്‍.

മെഡിക്കല്‍ കോളജിന്റെ മറ്റു പല ബ്ലോക്കുകളും കോടികള്‍ മുടക്കി മോടി പിടിപ്പിക്കുകയും ടൈലും മാര്‍ബിളുമിട്ട് മനോഹരമാക്കുകയും ചെയ്യുമ്പോഴാണ് ജനത്തിന് ഏറ്റവും അത്യവശ്യമുള്ള ബ്ലഡ് ബാങ്കില്‍ ഈ നരകാവസ്ഥ.
അതേസമയം, കുറച്ചുപേര്‍ മാത്രം രക്തം കൊടുക്കാന്‍ വരുന്ന സ്വകാര്യ ആശുപത്രികളില്‍ രക്തം കൊടുക്കാന്‍ പോകുമ്പോഴുള്ള സൗകര്യങ്ങളെ പാവങ്ങള്‍ ഏറെ ആശ്രയിക്കുന്ന, തിരക്കേറിയ മെഡിക്കല്‍ കോളജുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നറിയാം. എന്നാലും, പറയാതെ നിവൃത്തിയില്ല ടീച്ചര്‍.

അവിടുത്തെ വൃത്തിയുടെ പത്തിലൊന്നെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിനുണ്ടാവാന്‍ താങ്കള്‍ ശ്രമിക്കണം. ആളുകള്‍ക്ക് ഇരിക്കാനും രക്തം കൊടുത്ത ശേഷം വിശ്രമിക്കാനും അത്യാവശ്യം നല്ല വെള്ളം കുടിക്കാനും സൗകര്യമേര്‍പ്പെടുത്തണം സാര്‍.
ഒരിക്കല്‍ രക്തം കൊടുക്കാന്‍ മെഡിക്കല്‍ കോളജില്‍വന്നവരെ പിന്നൊരിക്കലും അവിടേക്ക് തിരിഞ്ഞുനോക്കാത്തവിധമാക്കരുത് ടീച്ചര്‍.

സൂചി കുത്തുന്ന വേദന പേടിച്ച് സ്വന്തം മക്കള്‍ പോലും രക്തം കൊടുക്കാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ ആരെന്നുപോലും നോക്കാതെ രക്തം കൊടുക്കാന്‍ വരുന്നവരോട് കുറച്ചുകൂടി മാന്യമായി പെരുമാറാന്‍ ആശുപത്രിയിലെ ജീവനക്കാരോട് പറയണം ബഹുമാനപ്പെട്ട മന്ത്രീ…. അല്ലാതെ “രക്തദാനം മഹാദാനം” എന്ന് പോസ്റ്റര്‍ പതിക്കുന്നതില്‍ ഒരു കാര്യവുമില്ല ടീച്ചര്‍…
അതുകൊണ്ട് രക്തം കൊടുക്കാനെന്ന പേരില്‍ ആരുമറിയാതെ ഇടിമിന്നലുപോലെ പരിവാരങ്ങളും ചാനല്‍ ക്യാമറകളുമില്ലാതെ ബഹുമാനപ്പെട്ട മന്ത്രി ഒന്നു വരണം കോഴിക്കോട് മെഡിക്കല്‍ കോളജിലെ രക്തബാങ്കില്‍…
ഹൃദയപൂര്‍വം
കെ.എ. സൈഫുദ്ദീന്‍