എഴുത്തിന്റെ പ്രതിഫലമോ കോപ്പിയോ ബാബുവേട്ടന് ഞങ്ങള്‍ അയച്ചുകൊടുക്കുമായിരുന്നില്ല. പ്രവാസത്തിന്റെ കുറിപ്പുകളില്‍ പറഞ്ഞ പോലെ സ്ഥിരമായൊരു മേല്‍വിലാസത്തില്‍ ബാബുവേട്ടന്‍ ഒരിക്കലും തളഞ്ഞുനിന്നില്ല. നാലോ അഞ്ചോ ആഴ്ചകള്‍ കൂടുമ്പോള്‍ ബാബുവേട്ടന്‍ നേരിട്ടത്തെി അതുവരെയുള്ള ലക്കങ്ങളും പ്രതിഫലവും വാങ്ങി എങ്ങോട്ടോ പോയി.
പച്ചപ്പു പോലുമില്ലാത്ത മരുഭൂമിയില്‍ ഇത്രയും പച്ചപുതച്ച കഥകളുണ്ടാകുമോ എന്ന് സംശയിച്ച സുഹൃത്തിനോട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് രാത്രി ഫോണില്‍ വിളിച്ചുപറയേണ്ടിവന്നു “ആ കഥാകാരന്‍ മരിച്ചുപോയിരിക്കുന്നു” എന്ന്.
എന്നെങ്കിലും നേരില്‍ കാണണമെന്ന് വായനാതല്‍പരനായ എന്റെ ചങ്ങാതി കാത്തിരുന്നത് മരുഭൂമിയുടെ ആ കഥാകാരനെയായിരുന്നു. അറബി ഗോത്രത്തിന്റെ ചൂരു പേറിയ ബദുവികളുടെ വംശത്തില്‍ പിറന്ന സാദുമൊത്ത് ബാബു ഭരദ്വാജ് എന്ന മലയാളി മരുഭൂമിയുടെ ഇരുണ്ട നിശബ്ദതയില്‍ കൂടാരമുറ്റത്ത് മലര്‍ന്നു കിടന്നു കണ്ട ആകാശത്തിന്റെ നക്ഷത്ര എടുപ്പുകള്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിച്ച അനേകം വായനക്കാരില്‍ ഒരാളായിരുന്നു എന്റെ സുഹൃത്തും.
തനി നാട്ടിന്‍പുറമായ ഞങ്ങളുടെ കുഗ്രാമത്തിലെ അവന്റെ സ്റ്റേഷനറി കടയില്‍ വെച്ചായിരുന്നു ആദ്യമായി ഞാന്‍ ബാബു ഭരദ്വാജിനെ അറിഞ്ഞത്. അന്നൊരു വെറും വിദ്യാര്‍ഥി മാത്രമായിരുന്നു ഞാന്‍. സഹില്‍ എന്നു പേരുള്ള ആ സുഹൃത്ത് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഒരു കോപ്പി എടുത്തുതന്നിട്ട് പറഞ്ഞു “അവിടിരുന്ന് അത് വായിക്ക്…” ഒറ്റയിരിപ്പില്‍ അതു വായിച്ചു തീരുമ്പോള്‍ ഞാന്‍ ബാബു ഭരദ്വാജിനെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു.
അത്രയും തീക്ഷ്ണമായ ഭാഷയില്‍, മരുഭൂമികളിലേക്ക് ജീവിതം തേടി പലായനം ചെയ്ത മലയാളികളെക്കുറിച്ച് ആ മനുഷ്യന്‍ പറഞ്ഞുകൊണ്ടിരുന്നു പിന്നീട് ഓരോ ലക്കങ്ങളിലും.
തിരുവനന്തപുരത്തുനിന്ന് കടല്‍ കടന്ന് വിമാനങ്ങള്‍ പറന്നുയരുന്നതിനും നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ ചിറകുവിരിക്കുന്നതിനും മുമ്പ്. ബോംബെയിലേക്ക് തീവണ്ടി കയറി ബാന്ദ്രയിലെ മൂന്നാംകിട ലോഡ്ജില്‍ മാസങ്ങളോളം മൂട്ടയുടെയും പട്ടിണിയുടെയും കടി കൊണ്ടവശനായി ട്രാവല്‍ ഏജന്‍സിക്കാരുടെ കരുണ കൊണ്ട് ഗള്‍ഫില്‍ പോയി മടങ്ങിവന്ന ഞങ്ങളുടെ ഒരു നാട്ടുകാരനും ബാബു ഭരദ്വാജിനെ ആദ്യമായി വായിച്ചത് സഹിലിന്റെ കടയില്‍നിന്നായിരുന്നു.
ഓരോ വാരവും മാധ്യമം ആഴ്ചപ്പതിപ്പു തേടി അയാള്‍ കടയില്‍ വന്നു. മൂലയിലൊരു കസേരയിലിരുന്ന് നെടുവീര്‍പ്പുകളോടെ അയാളത് മുഴുവന്‍ വായിച്ചു തീര്‍ത്തു. ആ വാരികയിലെ മറ്റൊന്നും അയാള്‍ വായിച്ചില്ല. അതൊന്നും മനസ്സിലാകില്ലെന്ന് അയാള്‍ പറയുമായിരുന്നു.
പ്രവാസിയുടെ കുറിപ്പുകളിലെ അനേകം ജീവിതങ്ങളിലൂടെ കടന്നുപോയ അയാള്‍ക്ക് ബാബു ഭരദ്വാജ് എന്ന മനുഷ്യന്‍ കുറിച്ചിട്ട ഓരോ വരികളും നിഘണ്ടുകളുടെ പിന്തുണയില്ലാതെ മനസ്സിലാകുമായിരുന്നു. അല്ലെങ്കിലും മരുഭൂമിയുടെ വ്യാകരണം വേറൊന്നാണല്ലോ. അത് അനുഭവിച്ചവര്‍ക്ക് മാത്രം മനസ്സിലാകുന്ന അജ്ഞാതമായ ഭാഷ.
പിന്നീട് ഹജ്ജ് തീര്‍ഥാടനത്തിനു പോയ സഹില്‍ ഗള്‍ഫിലെ സുഹൃത്തുക്കളുമൊത്ത് മരുഭൂമിയുടെ രാവറിയാനിറങ്ങിയ കഥ പറഞ്ഞുതന്നു. സാദിന്റെ പാട്ടിനൊത്ത് ഒട്ടകത്തിന്റെ ആഞ്ഞ താളത്തില്‍ മരുഭൂമികള്‍ കടക്കുമ്പോള്‍ ബാബു ഭര്വദ്വാജിന്റെ വാക്കുകളിലെ മരുപ്പച്ചകള്‍ പൂത്തുലഞ്ഞ ഗന്ധം നേരിട്ടനുഭവപ്പെട്ടതായി അവന്‍ പറഞ്ഞുതന്നു.
വിരഹങ്ങളുടെ പതംപറച്ചിലുകളായിരുന്ന പ്രവാസ കുറിപ്പുകളില്‍, അമ്പരപ്പിക്കുന്ന ജീവിതങ്ങളുടെ അണക്കെട്ടുകള്‍ പൊട്ടിച്ചുവിട്ടത് ബാബുഭരദ്വാജായിരുന്നു. പ്രവാസവും പ്രവാസ എഴുത്തും ആണുങ്ങളുടേതു മാത്രമായി വിലയിട്ടിരുന്ന കാലത്താണ് മരുക്കാറ്റില്‍ ജീവിതത്തിന്റെ വേരുറപ്പിക്കാന്‍ പാടുപെട്ട അനേകമനേകം പെണ്‍ ജന്മങ്ങളെക്കുറിച്ചും ബാബുഭരദ്വാജ് ചൂണ്ടിക്കാട്ടിയത്.
എത്രയെത്ര ജീവിതങ്ങള്‍. എത്രയെത്ര മനുഷ്യര്‍. അതിലെല്ലാം വറ്റാതെ കിടന്ന നന്മയുടെ ആഴമുള്ള കിണറുകളുണ്ടായിരുന്നു. അതില്‍ ഒരിക്കലും തണുപ്പകലാത്ത സ്‌നേഹത്തിന്റെ തണുത്ത ഉറവകള്‍ പൊട്ടിയൊലിച്ചുകൊണ്ടിരുന്നു.
എഴുത്തിനുമപ്പുറം ആളുന്ന നന്മയും സ്‌നേഹവുമുള്ള ഒരാള്‍ക്കു മാത്രമേ അങ്ങനെ എഴുതാന്‍ കഴിയുമെന്ന് ആദ്യ വായനയില്‍നിന്നുതന്നെ ഉറപ്പിച്ചിരുന്നു. ഭാഷയുടെ കൃത്രിമത്വങ്ങളോ ആടയാഭരണങ്ങളോ ഇല്ലാതെ ചമല്‍ക്കാരത്തിന്റെ മോടികൂട്ടലുകളോ തീണ്ടാതെ ഓരോ മനുഷ്യരുടെയും ജീവിതം പകര്‍ത്തുമ്പോള്‍ ബാബുഭരദ്വാജ് ആരായിരിക്കുമെന്ന് മനസ്സില്‍ ഒരു സങ്കല്‍പ്പത്തെ രൂപപ്പെടുത്തിയിരുന്നു.
മാധ്യമത്തിലൂടെ തന്നെ വായിച്ച “കലാപങ്ങള്‍ക്കൊരു ഗൃഹപാഠം” എന്ന നോവല്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നു തോന്നി. തുടരന്‍ നോവലുകള്‍ വായിക്കുന്നത് ഒരിക്കലും ഇഷ്ടമല്ലാതിരുന്നിട്ടും ബാബുഭരദ്വാജ് എന്ന പേര് ആ തീരുമാനത്തെയും മാറ്റിമറിച്ചു.
അങ്ങനെ എന്നെങ്കിലും നേരില്‍ കാണണമെന്നു കരുതിയ ബാബുഭരദ്വാജ് ഒരുച്ച നേരത്ത് എന്റെ മുന്നിലേക്ക് കയറിവന്നു. എന്റെ സങ്കല്‍പ്പത്തിന് തികച്ചും ചേര്‍ന്നൊരാള്‍ തന്നെയായിരുന്നു ആ മനുഷ്യന്‍. മുഖത്ത് ഒട്ടിച്ചുവെച്ചപോലൊരു ചതുര കണ്ണടക്കു പിന്നിലിരുന്നു അല്‍പം കുസൃതിയുള്ള കണ്ണുകള്‍ വര്‍ഷങ്ങളുടെ പരിചയമുള്ളപോലെ ചിരിച്ചു.
ആ കൂടിക്കാഴ്ച ആദ്യമായി ബാബുഭരദ്വാജിനെ പരിചയപ്പെട്ട “മാധ്യമം” ആഴ്ചപ്പതിപ്പിന്റെ ഓഫീസില്‍ വെച്ചായിരുന്നു എന്നത് ഇന്നും വിശ്വസിക്കാന്‍ കഴിയാത്തൊരു യാദൃശ്ചികതയായി നില്‍ക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതിയില്‍ അപ്പോള്‍ ഞാനും ഒരു അംഗമായിരുന്നു.
“സാര്‍” അശ്ലീലം ഉപേക്ഷിക്കാനും “ബാബുവേട്ടാ…” എന്ന സ്‌നേഹത്തെ പകരം വെക്കാനുമായിരുന്നു ആദ്യ ഉപദേശം.
“പ്രവാസിയുടെ കാല്‍പ്പാടുകള്‍” എന്ന പേരില്‍ പഴയ പ്രവാസ കുറിപ്പുകളുടെ തുടര്‍ച്ച പരമ്പരയായി “മാധ്യമം” ആഴ്ചപ്പതിപ്പില്‍ വീണ്ടും തുടങ്ങിയത് ആ സമയത്തായിരുന്നു. മാധ്യമം വാരാന്ത്യ പതിപ്പിലും ബാബുവേട്ടന്‍ ആ സമയത്ത് സ്ഥിരം കോളം കൈകാര്യം ചെയ്തിരുന്നു.
എഴുത്തിന്റെ പ്രതിഫലമോ കോപ്പിയോ ബാബുവേട്ടന് ഞങ്ങള്‍ അയച്ചുകൊടുക്കുമായിരുന്നില്ല. പ്രവാസത്തിന്റെ കുറിപ്പുകളില്‍ പറഞ്ഞ പോലെ സ്ഥിരമായൊരു മേല്‍വിലാസത്തില്‍ ബാബുവേട്ടന്‍ ഒരിക്കലും തളഞ്ഞുനിന്നില്ല. നാലോ അഞ്ചോ ആഴ്ചകള്‍ കൂടുമ്പോള്‍ ബാബുവേട്ടന്‍ നേരിട്ടത്തെി അതുവരെയുള്ള ലക്കങ്ങളും പ്രതിഫലവും വാങ്ങി എങ്ങോട്ടോ പോയി.
ചിലപ്പോള്‍ അത് മലാപ്പറമ്പ് ഇഖ്‌റ ഹോസ്പിറ്റലിന് സമീപത്തെ “ഞണ്ടുകുഴി ” എന്ന് ഞാന്‍ കളിയാക്കി വിളിച്ചിരുന്ന ബേക്കര്‍ മോഡല്‍ വീട്ടിലേക്കായിരിക്കും. മെയിന്‍ റോഡില്‍ നിന്ന് താഴേക്ക് കുത്തനെ ഇറങ്ങി താഴേക്ക് പോയാലേ വീട്ടിലത്തെൂ. അവിടെ ചെന്നുകഴിഞ്ഞാല്‍ കൂഴിയില്‍ ചെന്നുവീണതുപോലെ ഉടനെയൊന്നും കയറിപ്പോരാനാവില്ലെന്നതായിരുന്നു ആ “ഞണ്ടുകുഴി” പ്രയോഗത്തിന്റെ ഗുട്ടന്‍സ്.
എന്നിട്ടും ബാബുവേട്ടന്‍ അവിടെപ്പോലും നിന്നില്ല.
അങ്ങനെയൊരു ദിവസമാണ് പ്രഭേച്ചിയെ പരിചയപ്പെടുന്നതും. മറ്റുള്ളവരുടെ ജീവിതത്തിന്റെ വേദനകളെ സ്വന്തത്തോട് ചേര്‍ത്തുവെച്ച് ബാബുവേട്ടന്‍ എഴുതിയതില്‍ ഒട്ടും അതിശയമില്ലായിരുന്നു. അവര്‍ രണ്ടുപേരുടെയും പരിഗണനകളില്‍ എന്നും മറ്റുള്ളവരായിരുന്നു മുന്നിലത്തെ പന്തിയില്‍.
ആഴ്ചപ്പതിപ്പിലെ പിരിമുറുകിയ ജീവിതത്തിനിടയില്‍ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ നിന്ന് ബാബുവേട്ടന്‍ പൊട്ടിവീഴുന്നതും കാത്ത് സഹപ്രവര്‍ത്തകരായ സവാദ് റഹ്മാനും എന്‍.പി. സജീഷിനുമൊപ്പം ഞാനും കാത്തിരുന്നിട്ടുണ്ട്. ബാബുവേട്ടന്‍ വരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ആഘോഷമായിരുന്നു. ഓഫീസിനു മുന്നിലെ രാമേട്ടന്റെ പീടികയില്‍നിന്ന് ചായയും കടിയും ആസ്വദിച്ചു കഴിക്കുമ്പോള്‍ ബാബുവേട്ടന്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നിയിട്ടുണ്ട്.
സത്യത്തില്‍ ബാബുവേട്ടന്‍ എന്റെ സുഹൃത്തായിരുന്നില്ല. എന്റെ നാലുവയസ്സുകാരി കുഞ്ഞിയുടെ കൂട്ടുകാരനായിരുന്നു. ഭാര്യ ഓഫീസിലേക്ക് പോകുന്ന വൈകുന്നേരങ്ങളില്‍ ബൈക്കില്‍ ഉലക സഞ്ചാരത്തിനിറങ്ങുന്ന ഞങ്ങളുടെ യാത്രകള്‍ ബാബുവേട്ടനുള്ളപ്പോള്‍ മലാപ്പറമ്പില്‍ ചെന്നു നിന്നു.
അവര്‍ക്കിടയില്‍ പതിറ്റാണ്ടുകളുടെ കാലവ്യത്യാസങ്ങള്‍ ഉണ്ടെന്നു അപ്പോള്‍ തോന്നിയിട്ടില്ല. ഒന്നിച്ച് ഒരേ ക്‌ളാസില്‍ പഠിക്കുന്ന രണ്ടു ചങ്ങാതിമാരെപ്പോലെ അവര്‍ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ പിന്നെയും ആ മനുഷ്യന്‍ ഞെട്ടിച്ചു. പ്രമേഹത്തിന്റെ കടുത്ത ആക്രമണത്തിനിരയായ അദ്ദേഹം അവള്‍ക്കായി മിഠായിപ്പൊതികള്‍ കരുതിവെച്ചിരുന്നു.
അക്ഷരങ്ങള്‍ പഠിച്ചുവരുന്ന അവള്‍ക്ക് ബാബുവേട്ടന്‍ നല്‍കിയ സ്‌നേഹോപഹാരമായിരുന്നു വിലമതിക്കാനാവാത്ത ഒരു കുഞ്ഞു പുസ്തകം. ജീന്‍ ഗിയാനോയുടെ “മരങ്ങള്‍ നട്ട മനുഷ്യന്‍”. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മരുഭൂമിക്ക് തുല്ല്യമായ ഗ്രാമത്തിന്റെ വിജനമായ ഓരങ്ങളില്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഏകാകിയായി മരങ്ങള്‍ നട്ട് വലിയൊരു കാട് വളര്‍ത്തി ഒടുവില്‍ ഒരു “ഏദന്‍ തോട്ടം” തന്നെ ഒരുക്കിയ എല്‍സിയാഡിസ് ബോഫിയര്‍ എന്ന വൃദ്ധന്റെ യഥാര്‍ഥ ജീവിതമായിരുന്നു ആ പുസ്തകം പറഞ്ഞത്.
ഊഷരമായ മനുഷ്യ മനസ്സിന്റെ വിജനമായ ഓരങ്ങളില്‍ നന്മയുടെ തേന്മരങ്ങള്‍ നട്ടു കടന്നുപോയ ബാബുവേട്ടന് ആ പുസ്തകത്തെക്കാള്‍ മനോഹരമായ മറ്റൊരു സമ്മാനം ഒരു നാലുവയസ്സുകാരിക്കായി തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നില്ല.
ആ പുസ്തകം ഇന്നും ഭദ്രമായി ഞങ്ങളുടെ അലമാരയിലിരിക്കുന്നു. പലവട്ടം വായിച്ചു കേട്ട ആ പുസ്തകത്തിലൂടെ ഒരു പുല്‍ക്കൊടിയെങ്കിലും നട്ടുപിടിപ്പിക്കുന്നവരായി അവളുടെ ലോകം വളരുമെങ്കില്‍ ബാബു ഭരദ്വാജ് ഓര്‍മകളില്‍ ഒരു വന്മരമായി ജീവിക്കുമെന്നുറപ്പ്.
സ്‌നേഹത്തിന്റെയും നന്മയുടെയും വിത്തുകള്‍ ഭൂമിയില്‍ വാരിവിതറി കടന്നുപോകുന്ന ഓരോ മനുഷ്യനിലും ഒരു എല്‍സിയാഡിസ് ബോഫിയര്‍ ഉണ്ട്. പരിചയപ്പെട്ട ഓരോ ഹൃദയങ്ങളിലും നന്മയുടെ വന്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു ബാബുവേട്ടന്‍.
ബാബുവേട്ടന്റെ സൗഹൃദത്തിന്റെ ഭ്രമണപഥത്തെ വിവരിക്കുക അത്ര എളുപ്പമല്ല. എല്ലാത്തരക്കാരും ജീവിതങ്ങളുടെ എല്ലാ മുഖങ്ങളും അതിലുണ്ടായിരുന്നു. വാക്കുകളിലൂടെ പരിചയപ്പെട്ട ആ മനുഷ്യനെ കാണാന്‍ ദൂരങ്ങളുടെ കണക്കുകള്‍ താണ്ടി എത്തിയ കുറേ മനുഷ്യരെയെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ഐഡിയ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ റേഞ്ചുള്ളത് ബാബുവേട്ടനാണ് എന്നത് ഇടയ്ക്കിടെ ഞാന്‍ ഓര്‍മപ്പെടുത്തിയിരുന്ന ഒരു തമാശ മാത്രമായിരുന്നില്ല. ഒരു സത്യമായിരുന്നു.
കോഴിക്കോട് നിന്ന് ആലപ്പുഴയിലേക്ക് ട്രാന്‍സ്ഫറായി പോയ നാളുകളില്‍ ഒരു ദിവസം അമ്പരപ്പിച്ചുകൊണ്ട് ബാബുവേട്ടന്റെ കോള്‍. അപ്പോള്‍ സീതാസ് തിയറ്ററില്‍ സെക്കന്റ് ഷോ സിനിമക്ക് കയറിയതായിരുന്നു ഞാന്‍. സിനിമ പാതിയില്‍ നിര്‍ത്തി പുറത്തുവരുമ്പോള്‍ തിയറ്ററിനു പുറത്ത് ബാബുവേട്ടന്‍ നില്‍ക്കുന്നു.
കൂടെ മറ്റൊരാളും.
എന്റെ നാട്ടുകാരനായ അയാളെ അപ്പോള്‍ മാത്രമാണ് ഞാന്‍ പരിചയപ്പെട്ടത്. ബി.എസ്.എന്‍.എല്ലില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം എന്റെ നാട്ടില്‍ത്തന്നെ ഫിഷ് ഫാമുമായി ജീവിക്കുന്ന ശശികുമാര്‍ എന്നൊരാള്‍. “മൈത്രി” എന്നു പേരിട്ട് എട്ടു പത്തേക്കര്‍ വരുന്ന തോടും കുഴിയുമായ പ്രദേശത്ത് നാടന്‍ മീനുകള്‍ വളര്‍ത്തി ജീവിക്കുന്ന ശശികുമാര്‍. ഏതോ ലാറ്റിനമേരിക്കന്‍ നോവലില്‍നിന്ന് ഇറങ്ങിവന്നതുപോലൊരു കഥാപാത്രം.
ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ടെന്നറിയാന്‍ ബാബുവേട്ടന്‍ വേണ്ടിവന്നു. തടാകം പോലെ പരന്നുകിടക്കുന്ന വിശാലമായ ഫാമിലേക്ക് തട്ടടിച്ച് ഇറക്കി പണിത മനോഹരമായ മൈത്രി ഹൗസിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളായിരുന്നു ബാബുവേട്ടന്‍. സി.എസ്. വെങ്കിടേശ്വരനെ ബാബുവേട്ടനൊപ്പം പരിചയപ്പെട്ടതും അതേ ഫാം ഹൗസിലായിരുന്നു.
ഒരിക്കല്‍ ബാബുവേട്ടന്‍ “ബിരിയാനി അബ്ദു” എന്നയാളെ പരിചയമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ദീര്‍ഘകാലത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം നാട്ടില്‍ മടങ്ങിവന്ന ഞങ്ങളുടെ നാട്ടുകാരനായിരുന്നു “ബിരിയാനി അബ്ദു” എന്ന് അറിയപ്പെട്ടിരുന്ന അബ്ദുക്ക. മലബാറിന്റെ രുചിയെപ്പോലും വെല്ലുന്ന അബ്ദുവിന്റെ “തെക്കന്‍ ബിരിയാനി”യുടെ രുചി വിശേഷങ്ങള്‍ ബാബുവേട്ടന്‍ വിളമ്പിത്തന്നു. മകളുടെ വിവാഹത്തിന് വന്ന് ബിരിയാനി വെച്ചുതരുമെന്ന് അബ്ദുക്ക ബാബുവേട്ടന് ഒരിക്കല്‍ വാക്കു നല്‍കിയിരുന്നു.
കമ്മ്യൂണിസ്റ്റുകാരനായ അബ്ദുക്ക ഗള്‍ഫില്‍ നിന്ന് മടങ്ങിയത്തെി പഞ്ചായത്തു പ്രസിഡന്റായ കഥ ഞാന്‍ പറഞ്ഞാണ് ബാബുവേട്ടന്‍ അറിഞ്ഞത്. ബാബുവേട്ടന് നല്‍കിയ വാക്കുപാലിക്കാനാവാതെ ബിരിയാനി അബ്ദു അപ്പോഴേക്കും മറഞ്ഞുപോയിരുന്നു.
പണ്ട് കായംകുളം രാജാവിന്റെ വിശ്രമകേന്ദ്രമായിരുന്ന ഒരു ചെറിയ കൊട്ടാരമുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍. തമ്പുരാന്‍മഠം എന്നു വിളിച്ചിരുന്ന വിജനമായ പറമ്പിന്റെ നടുവില്‍ ഒറ്റപെട്ടു നിന്ന ആ കൊട്ടാരത്തിന്റെ അടുത്തുകൂടിപ്പോലും പോകാന്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ക്കു പേടിയായിരുന്നു. നിറയെ മരപ്പട്ടികളും യക്ഷികളും പ്രേതങ്ങളും കൂടുകൂട്ടിയിരുന്നു ആ വീട്ടില്‍ എന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്.
ഭയം കുടിയേറിപ്പാര്‍ത്തിരുന്ന ആ കൊട്ടാരകെട്ടില്‍ പണ്ടെന്നോ ആഴ്ചകളോളം ഒറ്റയ്ക്ക് വന്നു താമസിച്ചിരുന്ന കഥ ബാബുവേട്ടന്‍ പറഞ്ഞപ്പോള്‍ അതിശയമായിരുന്നു തോന്നിയത്. മലബാറുകാരനായ ബാബുഭരദ്വാജ് അന്തിയുറങ്ങാത്ത ഏത് ദേശമാവും ഈ കൊച്ചുകേരളത്തില്‍ ഉണ്ടാവുക..? ബാബുവേട്ടന്റെ റോമിങ് ഈ കേരളത്തില്‍ മാത്രമായിരുന്നില്ലല്ലോ. ദേശങ്ങള്‍ക്ക് അതിര്‍ത്തിവരച്ച് ദേശീയതകള്‍ സൃഷ്ടിച്ചവരുടെ വലയത്തിനു പുറത്തായിരുന്നു എന്നും ബാബു ഭരദ്വാജ്.
അവസാന നാളുകളില്‍ കുറച്ചുകാലം അദ്ദേഹം “അമേരിക്കന്‍” പൗരനുമായിരുന്നു. പ്രഭേച്ചിയുടെ കണ്ണിന്റെ ചികിത്സ തേടിയുള്ള യാത്രയായിരുന്നു അത്. ഒരു ദിവസം പെട്ടെന്നായിരുന്നു പ്രഭേച്ചിയുടെ കണ്ണിന്റെ കാഴ്ച മറഞ്ഞത്. കുഞ്ഞിയെ കൈവിരലുകള്‍ കൊണ്ട് തൊട്ടുനോക്കുന്ന പ്രഭേച്ചിയെ കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ആ കണ്ണിന്റെ കാഴ്ചകള്‍ മങ്ങിയപ്പോള്‍ തകര്‍ന്നുപോയത് ബാബുവേട്ടനായിരുന്നു. പ്രഭേച്ചിയുടെ കണ്ണിന്റെ തെളിച്ചത്തിനായി ലോകത്തിന്റെ ഏതറ്റം വരെയും പോകാന്‍ ബാബുവേട്ടന്‍ തയാറായിരുന്നു. ആ വേദനക്കിടയിലും ഞങ്ങള്‍ക്ക് ആശ്വാസമായിരുന്നു ബാബുഭരദ്വാജ് എന്ന തണല്‍.
പറഞ്ഞു തീരാത്ത സങ്കടങ്ങളുണ്ടാവുമ്പോള്‍, പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കുമ്പോള്‍ സുഹൈലിനും മനേഷിനും സബീനക്കും സഫീറക്കും അംബികേച്ചിക്കുമൊക്കെ എപ്പോഴും ഓടിയത്തൊന്‍ അങ്ങനെയൊരാളേ ഉണ്ടായിരുന്നുള്ളു.
മീഡിയ വണ്‍ ചാലനിന്റെ പ്രോഗ്രാം തലവനായി ചുമതലയേറ്റ കാലത്തെ തിരക്കുകള്‍ക്കിടയില്‍ പോലും ബാബുവേട്ടന്‍ ഞങ്ങളെയാരെയും മറന്നില്ല. ചാനലിന്റെ പ്രാരംഭത്തില്‍ ഒരിക്കല്‍ ബാബുവേട്ടന്‍ ആവശ്യപ്പെട്ടത് ഒപ്പം കൂടാനായിരുന്നു. അച്ചടി മാധ്യമം വിട്ട് മറ്റൊന്നിലേക്ക് ചേക്കേറാന്‍ പാകാപ്പെട്ടിട്ടില്ലാതിരുന്നതിനാല്‍ ബാബുവേട്ടനെ നിരാശപ്പെടുത്തേണ്ടിവന്നു.
ഒടുവിലൊടുവില്‍ അവശതകളിലേക്ക് ആണ്ടുപോകുമ്പോഴും ചികിത്സക്കായി ആശുപത്രി മുറിയില്‍ കിടക്കുമ്പോഴും നോവലെഴൂത്തിനായി കാസര്‍കോഡ് താമസിക്കുമ്പോഴും ബാബുവേട്ടന് പ്രതീക്ഷയുണ്ടായിരുന്നു. “നറുക്കിലക്കാട് ഒട്ടോണമസ് റിപ്പബ്‌ളിക്” എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ അതിശക്തമായി തിരിച്ചുവരാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പക്ഷേ, ബാബുവേട്ടന്റെ മരണത്തിനു ശേഷമായിരുന്നു അത് പ്രസിദ്ധീകരിക്കാനായത്.
ഇത്ര വേഗം പോകേണ്ടിയിരുന്ന ഒരാളായിരുന്നില്ല ബാബുവേട്ടന്‍. എഴുതാനായി മാറ്റിവെച്ച ഒരുപാട് പ്രവാസ ജീവിതങ്ങളുടെ കുറിപ്പ് പിന്നെയും അദ്ദേഹത്തിന്റെ ഭാണ്ഡത്തില്‍ ബാക്കിയുണ്ടായിരുന്നു. ഞങ്ങളെയെടുത്തൊന്നോമനിക്കൂ, എന്ന് വാക്കുകള്‍ കരഞ്ഞുവിളിച്ച് ബഷീറിന് പിന്നാലെ നടന്നതായി എം.എന്‍. വിജയന്‍ മാഷ് കുറിച്ചിട്ടുണ്ട്.
ഞങ്ങളെക്കുറിച്ച് ഒന്നെഴുതൂ എന്ന് പറഞ്ഞ് പ്രവാസത്തിന്റെ മുറിപ്പാടുകളുമായി ബാബുഭരദ്വാജ് എന്ന എഴുത്തുകാരന്റെ പിന്നാലെ നടന്നത് എത്രയേറെ പച്ചയായ മനുഷ്യരായിരുന്നു. അവരെക്കുറിച്ച് ഇനിയുമിനിയും എഴുതാനുണ്ടെന്ന് പറഞ്ഞിരിക്കെ ബാബുവേട്ടനെന്ന നൊമാഡിനെ ഒരുനാള്‍ മരണം വന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി.