ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന കബോഡി സ്‌കേപ്‌സ് ബി.എഫ്.ഐ ഫ്‌ളെയര്‍ ലണ്ടന്‍ എല്‍.ജി.ബി.ടി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു.
മാര്‍ച്ച് 16 മുതല്‍ 27 വരെ നീളുന്ന ഫിലിം ഫെസ്റ്റിവലില്‍ കബോഡി സ്‌കേപ്‌സിന് മൂന്ന് ദിവസം പ്രദര്‍ശനം ഉണ്ടാകും. മാര്‍ച്ച് 17 നും മാര്‍ച്ച് 18 നും മാര്‍ച്ച് 19 നും ചിത്രം പ്രദര്‍ശിപ്പിക്കും.
കേരളത്തിലെ ജനകീയ സമരങ്ങളെ കുറിച്ചും ലിംഗ പ്രശ്‌നങ്ങളെ കുറിച്ചുമാണ് പ്രധാനമായും സിനിമ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ മുഖ്യധാരാ സമരത്തിനു പുറത്ത് നടക്കുന്ന ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന സാമൂഹ്യമനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരിട്ട് അഭിനേതാക്കളാകുന്ന ചിത്രമെന്ന സവിശേഷതയും ഈ ജയന്‍ ചെറിയാന്‍ ചിത്രത്തിനുണ്ട്.
സ്വവര്‍ഗാനുരാഗികളായ 2 യുവാക്കളുടേയും മുസ്‌ലീം പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
കേരളത്തിലെ യുവത ഇന്ന് നേരിടുന്ന അരക്ഷിതാവസ്ഥയും സമൂഹത്തിന്റെ ഫാസിസ്റ്റ് ചിന്തകളുമാണ് സിനിമയുടെ വിഷയമാകുന്നത്. മധ്യവര്‍ഗ ആധിപത്യമുള്ള സമൂഹത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ചിത്രം. യുവാക്കളുടേയും സ്ത്രീകളുടേയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹത്തില്‍ അതിനായുള്ള ചെറുത്തുനില്‍പ്പ് കൂടിയാണ് ക ബോഡിസ്‌കേപ്‌സ്.