കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ ആകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ. വിദ്യ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി ഒളിവിലായിരുന്ന വിദ്യയെ പൊലീസ് കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.
വിദ്യയുടെ വീട് കേന്ദ്രീകരിച്ചും വടകര, മേപ്പയൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ന് പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് മേപ്പയൂരില്‍ നിന്നും വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. അട്ടപ്പാടിയിലെ അഗളി സ്റ്റേഷനിലേക്ക് ഇപ്പോള്‍ വിദ്യ കൊണ്ടുപോയിട്ടുണ്ട്. മൂന്ന് കേന്ദ്രങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് ഇന്ന് തെരച്ചില്‍ നടത്തിയിരുന്നത്.
നേരത്തെ വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ഐ.പി.സി 465, 468, 471 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി കാസര്‍ഗോഡ്, പാലക്കാട് കോളേജുകളില്‍ ജോലി ചെയ്തതായാണ് വിദ്യക്കെതിരെയുള്ള കേസ്. രണ്ട് വര്‍ഷം മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായാണ് രേഖ. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പളിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്.
2018-19, 202021 കാലയളവുകളില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്‌തെന്ന് കാട്ടിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ട് കോളേജുകളില്‍ വിദ്യ ജോലി ചെയ്തിരുന്നത്. വ്യാജമായ സീലും എംപ്ലവും പതിപ്പിച്ചുകൊണ്ടാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരുന്നത്.
അട്ടപ്പാടി കോളേജിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിന് എത്തിയപ്പോള്‍ സംശയം തോന്നിയ കോളേജ് അധികൃതരാണ് മഹാരാജാസിലെ പ്രിന്‍സിപ്പളുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ശേഷം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Content Highlight: K Vidhya in custody