തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി കെ.വി തോമസ്.[]
ആന്റണി പറഞ്ഞത് പച്ചമലയാളത്തിലാണെന്നും ഇത് എല്ലാവര്‍ക്കും മനസ്സിലായതാണെന്നും കെ.വി തോമസ് പറഞ്ഞു. എല്ലാവരും ഒന്നിച്ച് നിന്നാല്‍ കേരളത്തിന് കൊള്ളാമെന്നും നന്നായി നിന്നാല്‍ കൂടുതല്‍ കേന്ദ്ര പ്രൊജക്ടുകള്‍ കേരളത്തിലേക്ക് വരുമെന്നും കെ.വി തോമസ് പറഞ്ഞു.
കേരളത്തില്‍ പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ധൈര്യമില്ലെന്നാണ് ഇന്നലെ എ.കെ.ആന്റണി പറഞ്ഞത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന് അനുകൂലമല്ലെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനേയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനേയും വേദിയിലിരുത്തിയായിരുന്നു യു.ഡി.എഫിനെതിരെയുള്ള ആന്റണിയുടെ കടുത്ത വിമര്‍ശനം.
പ്രതിരോധ വകുപ്പിന്റെ ബ്രഹ്മോസ് തുടര്‍പദ്ധതികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
2006 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ കലവറയില്ലാത്ത സഹായമാണ് തനിക്ക് നല്‍കിയത്. പദ്ധതികളെക്കുറിച്ച് താന്‍ കേന്ദ്രത്തിലിരുന്ന് പ്രഖ്യാപിച്ചിരുന്നതേയുള്ളൂ. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും മുഖ്യമന്ത്രിയായിരുന്ന വി.എസുമൊക്കെ മുന്‍കൈയെടുത്താണ് പദ്ധതികള്‍ക്ക് ഇവിടെ തുടക്കം കുറിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്താന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല. എനിക്കറിയുന്ന എല്ലാ നല്ല വാക്കുകളും ഉപയോഗിച്ച് ഞാനദ്ദേഹത്തെ പുകഴ്ത്തുകയാണെന്നും ആന്റണി പറഞ്ഞു.
അതേസമയം, ആന്റണിയുടെ പരാമര്‍ശം സദുദ്ദേശപരമാണെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറയുന്നത്. ട്രേഡ് യൂണിയന്റെ അതിപ്രസരമാണ് ആന്റണിയെകൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നും യു.ഡി.എഫില്‍ പ്രശ്‌നങ്ങളില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.