| Thursday, 7th April 2022, 9:09 pm

കെ.വി. തോമസ് ചാലാ ഡേയ്ഞ്ചറസു | K V Thomas | CPIM Party Congress| Trollodu Troll

അനുഷ ആന്‍ഡ്രൂസ്

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന ദേശീയ സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ ക്ഷണിച്ചത് മുതല്‍ തുടങ്ങിയ പുകില്‍ ഏകദേശം ഒരു കൊട്ടിക്കലാശത്തിലെത്തിയിരിക്കുകയാണ്. കെ. വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ പിന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാണില്ലെന്ന് ഗര്‍ജിക്കുന്ന കെ. സുധാകരനോട്, ഞാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനും പോകും കോണ്‍ഗ്രസ് പാര്‍ട്ടിയിലും കാണും എന്ന് തിരിച്ചടിച്ചിരിക്കുകയാണ് കെ.വി. തോമസ്.

കോണ്‍ഗ്രസുകാര്‍ ആരും ഇനി മുതല്‍ സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പങ്കെടുക്കാന്‍ പാടില്ല, കണ്ണൂര്‍ക്ക് പോകാന്‍ പാടില്ല, സെമിനാറില്‍ പങ്കെടുക്കാന്‍ പാടില്ല, സി.പി.ഐ.എം നേതാക്കളുടെ മുഖത്ത് നോക്കാന്‍ പാടില്ല, പിണറായി വിജയനുള്ള പരിപാടികളുടെ പരിസരത്ത് പോലും കണ്ടു പോകരുത് എ്ന്നിങ്ങനെ വിചിത്രമായ കുറെ വാദങ്ങളുമായാണ് കെ.പി.സി.സി വന്നിരിക്കുന്നത്.

നമ്മുടെ ഗര്‍ജ്ജിക്കുന്ന സിംഹം കെ. സുധാകരന്‍ കെ.പി.സി.സി നേതൃത്വം ഏറ്റെടുത്തപ്പോള്‍ മുതല്‍ മൂപ്പരൊരു സ്വയം പ്രഖ്യാപിത രായാവായി മാറിയിട്ടുണ്ട് എന്ന് ജനങ്ങള്‍ക്ക് ഏകദേശം പിടികിട്ടിയിട്ടുണ്ട്. പുള്ളിക്ക് തീരെ പിടിക്കാത്ത ഒരു കക്ഷിയാണ് പിണറായി വിജയന്‍.. അത് നമ്മള്‍ ആ ബ്രണ്ണന്‍ കോളേജ് ഗാഥകളില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട്..കാര്യം വ്യക്തിപരമാണ്. എങ്കില്‍ പിന്നെ അത് നേരിട്ട് ഒറ്റക്കങ്ങോട്ട് ആയാല്‍ പോരെയെന്നും ജനങ്ങള്‍ ചോദിക്കാറുണ്ട്.

കെ. വി. തോമസ്

പക്ഷെ അതില് ഒരു ത്രില്ലില്ല എന്നാണ് സുധാകരേട്ടന് പറയുന്നത്….പുള്ളിക്ക് ഇത് മുഴുവന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ തലയിലേക്കിടണം. പാര്‍ട്ടിയുടെ സിംഹം ഗര്‍ജിക്കുമ്പോള്‍ അതിനൊപ്പം തുള്ളാന്‍ തുള്ളാന്‍ കോണ്‍ഗ്രസുകാരും റെഡി ആണ്… അതാണിപ്പോ കെ.വി തോമസിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്…

കോണ്‍ഗ്രസിനും സുധാകരനും ഇത്രയും കലിപ്പ് തോന്നാന്‍ മാത്രം കെ.വി. തോമസ് എന്താണ് ചെയ്തത്! കോണ്‍ഗ്രസിനെ തള്ളിപറഞ്ഞിട്ടില്ല, പാര്‍ട്ടിയിലെ നേതാക്കളെ ആരെയും തള്ളി പറഞ്ഞിട്ടില്ല, പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ പോകുമെന്നും പറഞ്ഞില്ല, പുനസംഘടനയുടെ വിവരങ്ങളും ചോര്‍ത്തിയിട്ടില്ല. പിന്നെ എന്താണ് ചെയ്തത് ? ഒരു ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വരെ പോകും എന്ന് പറഞ്ഞു. അതിന്റെ പേരിലാണ് ഈ കോലാഹലം മുഴുവന്‍ നടക്കുന്നത്.

സുധാകരന്‍ കഴിഞ്ഞാല്‍ ഈ സീനില്‍ നിറഞ്ഞു നിന്നത് രാജ്‌മോഹന്‍ ഉണ്ണിത്താനാണ്. എന്തെല്ലാം ഡയലോഗുകളാണ്… നന്ദികേട് കാട്ടുന്നു.. ശരീരമിവിടെ മനസവിടെ…പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് സി.പി.ഐ.എമ്മിന്റെ പ്ലാറ്റ്‌ഫോമുമായി അടുക്കാന്‍ പോകുന്നത് അസാധാരണമാണ്… കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഇനി കെ.വി. തോമസിന് സ്ഥാനമില്ല… അങ്ങനെ പോകുന്നു ആ ഡയലോഗുകള്‍…

രാജ്മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസുകാര്‍ നിഷിദ്ധമെന്ന് പറയുന്ന ഈ സെമിനാര്‍ എന്തിനെ കുറിച്ചാണെന്ന് ഒന്നറിയണമെന്ന് ആര്‍ക്കായാലും ഒരു ആഗ്രഹം തോന്നും. അതു കൂടി കേള്‍ക്കുമ്പോഴാണ് ഈ കഥയുടെ ഒരു പോക്ക് കണ്ട് നമ്മുടെ തല പുകയുക.

നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെയും ഫെഡറലിസത്തെയും അട്ടിമറിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ കുറിച്ചാണ് ഈ വിലക്കപ്പെട്ട സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്.. അതും സൗത്ത് ഇന്ത്യയിലെ രണ്ട് മുഖ്യമന്ത്രിമാര്‍ സംസാരിക്കുന്ന ഒരു ചടങ്ങ്…. അവരോടോപ്പമാണ് കേരളത്തിലെ ഏറ്റവും സീനിയറായ, ഒരുപാട് കൊല്ലങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായ കെ.വി. തോമസിനെയും ക്ഷണിച്ചത്.

സാധാരണ ഗതിയില്‍ ഒരു ദേശീയ സമ്മേളനത്തില്‍ നടക്കുന്ന ഇത്തരം ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക എന്നതാണല്ലോ മതേതരത്വവും, ജനാതിപത്യവും ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യേണ്ടത്. പല ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന ഈ വേദി… സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായതുകൊണ്ട് മാത്രം ആ ചര്‍ച്ചയേ ബഹിഷ്‌കരിച്ച് എന്തോ ഒരു ഹീറോയിസം കാണിക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കുന്നത്.

കെ. സുധാകരന്‍

പല സംസ്ഥാനങ്ങളിലും സി.പി.ഐ.എമ്മിനൊപ്പം നിന്ന് ഇലക്ഷനെ വരെ നേരിട്ടവരാണ് കോണ്‍ഗ്രസെന്ന് സുധാകരനെയും സെമി കേഡറുകളെയും ആരെങ്കിലുമൊന്ന് ഓര്‍മ്മിപ്പിച്ചു കൊടുക്കണം…

സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും നടക്കുന്ന ഇത്തരം സെമിനാറുകളില്‍ കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മാണിയും ഉള്‍പ്പെടെ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളെ നേരത്തെ പല തവണ ക്ഷണിക്കാറുള്ളതാണ്. അവര്‍ പങ്കെടുക്കാറുമുണ്ട്. പക്ഷെ കാലം മാറി, ഇപ്പോള്‍ തൂണിലും തുരുമ്പിലും സുധാകരനിസമാണ്.

പണിമുടക്ക് ഇഷ്ടമില്ലാത്തതു കൊണ്ട്, ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ ആരുമല്ലാന്ന് പറയുന്ന തരത്തിലുള്ള ലോജിക്കും കൊണ്ട് നടക്കുന്നവരോട് പോയി, നിങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുന്ന രാജ്യത്തെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയാണ് ഈ സെമിനാറെന്നും, പിന്നെ മറ്റൊരു പാര്‍ട്ടിയോടും സ്വന്തം നേതാക്കളോടും കുറച്ചൊക്കെ ജനാധിപത്യ മര്യാദ കാണിക്കാമെന്നും പറയാമെന്ന് ആഗ്രഹിക്കുന്നതിലും തെറ്റുണ്ട്.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ വിലക്കിനെ തട്ടിത്തെറിപ്പിച്ചെത്തുന്ന കെ.വി തോമസിനോട്, ഒന്നുകൊണ്ടും പേടിക്കണ്ട….കട്ട സപ്പോര്‍ട്ടിന് ഞങ്ങളുണ്ട് എന്നാണ് സി.പി.ഐ.എം പറഞ്ഞിരിക്കുന്നത്. വഴിയാധാരാമാകുമെന്ന പേടി വേണ്ടെന്ന് പറഞ്ഞുകൊണ്ട് സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും, മുതിര്‍ന്ന നേതാവ് ഇ.പി ജയരാജനുമെല്ലാം പ്രോത്സാഹനവും കൊടുക്കുന്നുണ്ട്.

ശശി തരൂരിനെ ഗര്‍ജിച്ച് വീട്ടിലിരുത്തിയ പോലെ, ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖറിനെ പടിക്കല്‍ നിന്ന് തിരിച്ചു വിളിച്ച പോലെ, കെ.വി തോമസിന്റെ കാര്യത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല. അതിശക്തനും കരുത്തനുമായ ഒരു നേതാവിനെയാണ് നഷ്ടമാകുന്നതെന്നേ കോണ്‍ഗ്രസിനോട് പറയാനുള്ളു…

Content Highlight: K V Thomas going to CPIM Party Congress and related controversies

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.