തിരുവനന്തപുരം:താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാര്‍ട്ടി വിരുദ്ധമായി ഒന്നും സെമിനാറില്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറില്‍ താന്‍ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.
കണ്ണൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ്.
ദേശീയതലത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. പാര്‍ട്ടി കോണ്‍ഗ്രസിലേത് ഒരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു, കെ.വി. തോമസ് പറഞ്ഞു.
അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചര്‍ച്ച ചെയ്യും.
Content Highlights: K.V. Thomas about CPIM party congress seminar controversy