കെ.ടി. ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി തേടി സന്ദീപ് വചസ്പതി
Kerala
കെ.ടി. ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി തേടി സന്ദീപ് വചസ്പതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 3:56 pm

തിരുവനന്തപുരം: കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി തേടി ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി. ലോകായുക്തക്കെതിരെ ജലീല്‍ നടത്തിയ പരമാര്‍ശങ്ങള്‍ നിയമസംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

കോഴ വാങ്ങിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞതെന്ന ജലീലിന്റെ പ്രസ്താവന നീതിന്യായവ്യവസ്ഥക്ക് എതിരാണെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നും അപേക്ഷയില്‍ പറഞ്ഞു.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ നേരത്തെ സിറിയക് തോമസിനെതിരെ ആരോപിച്ചിരുന്നത്.

എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.

കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി ജെയിംസിന് മഹാത്മഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വാങ്ങി കൊടുത്തതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.

അതേസമയം, ലോകായുക്തക്കെതിരെയുള്ള കെ.ടി ജലീലിന്റെ ആക്ഷേപങ്ങള്‍ വ്യക്തിപരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജലീല്‍ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ല, വ്യക്തിയാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം അഭിപ്രായം പറഞ്ഞത്. ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്. ജലീല്‍ ഉയര്‍ത്തിയ തരത്തിലുള്ള ആരോപണം സി.പി.ഐ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.


Content Highlights: K.T. Sandeep Vachaspati seeks permission from court to file criminal case against Jaleel