| Thursday, 22nd July 2021, 10:52 am

മുറുക്കാന്‍ കടയിലെപ്പോഴും ജുബ്ബയും മുണ്ടും റെഡിയാക്കി വെച്ച സിനിമാതാരം

അനു പാപ്പച്ചന്‍

സ്‌ക്രീനില്‍ കാണാന്‍ നല്ല ഇഷ്ടമായിരുന്നു. ആരെയും അനുകരിക്കാത്ത ഒരു ശൈലി. കെ.ടി.എസ്. പടന്നയില്‍ എന്ന ചുരുക്കപ്പേരിലെ അപരിചിതത്വം ഒന്നും കാഴ്ചയില്‍ തോന്നില്ല. കണ്ടിരിക്കുമ്പോഴോ ഏറ്റവും അടുപ്പം തോന്നുന്ന ഓമന മുഖമാകും.!

കൂലിപ്പണിക്കാരനായ അച്ഛന്റെ മകന് സുബ്രഹ്മണ്യന്‍ എന്നായിരുന്നു പേരിട്ടത്. ക്ലാസില്‍ നിറയെ സുബ്രഹ്മണ്യന്മാരായപ്പോള്‍ കൊച്ചു പടന്നയില്‍ തായ് സുബ്രഹ്മണ്യന്‍ എന്ന് ചുരുക്കിയത് അധ്യാപകരാരോ ആണ്.

തിരയില്‍ ചിരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ദുരിതത്തിരയാണ് എന്ന ദുര്‍വിധിക്ക് കൊച്ചു പടന്നയില്‍ തായ് സുബ്രഹ്മണ്യന്റെ ജീവിതം സാക്ഷ്യം. ദാരിദ്യം കൊണ്ട് സ്‌കൂള്‍ പഠനം നിര്‍ത്തേണ്ടി വന്നു. പന്ത്രണ്ടാം വയസ്സ് മുതല്‍ പണിക്കു പോകേണ്ടി വന്ന ബാല്യകാലം. ഉടുക്ക് കലാകാരന്‍ കൂടിയായിരുന്ന അച്ഛന്റെ മകന് കല, രക്തത്തിലുണ്ടായിരുന്നു.

കെ.ടി.എസ്. പടന്നയില്‍

അച്ഛനൊപ്പവും അല്ലാതെയും കൂലിപ്പണിക്കൊപ്പം, കലാപരിപാടികള്‍ക്കും പോയി. ചെറുപ്പത്തിലേ, നാടകത്തെ നെഞ്ചേറ്റിയപ്പോഴും അഭിനയിക്കാനുള്ള മോഹത്തെ, ശരീരം യോജിച്ചതല്ല എന്നു വിധിച്ച് ഒഴിവാക്കപ്പെട്ട കാലമുണ്ടായി. എങ്കിലും ഏറെ ഇഷ്ടത്തോടെ നാടകത്തെ പിന്തുടര്‍ന്നു. വിവാഹ ദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്ത് ആദ്യമെത്തുന്നത്.

വിദ്യാഭ്യാസമില്ല, അച്ചടി ഭാഷയില്ല എന്ന അവഗണനകളെയെല്ലാം അതിജീവിച്ച് തോറ്റു കൊടുക്കാതെ, നിരന്തര ശ്രമം തുടര്‍ന്നു. കേരളത്തിലെ അറിയപ്പെടുന്ന നാടക ട്രൂപ്പുകളില്‍ പേരെടുത്തു പടന്നയില്‍. അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും വാങ്ങിച്ചു.

നാടകത്തില്‍ സജീവമായ സമയത്താണ് തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങര ക്ഷേത്ര പരിസരത്ത് പെട്ടിക്കട തുടങ്ങുന്നത്. കല കൊണ്ട് പട്ടിണി കിടക്കാതെ കഴിയാനാവില്ല എന്ന ഉള്‍വിളി. അത് സത്യവുമായിരുന്നു. നാടകത്തില്‍ നിന്ന് സിനിമയിലെത്തി. അനിയന്‍ ബാവ ചേട്ടന്‍ ബാവ മുതല്‍ ഏതാണ്ട് 140 സിനിമകള്‍ അഭിനയിച്ചിട്ടും തന്റെ മുറുക്കാന്‍ കട തന്നെയായിരുന്നു നിത്യ വരുമാനമാര്‍ഗം.

കെ.ടി.എസ്. പടന്നയില്‍

ജുബ്ബയും മുണ്ടും എപ്പോഴും റെഡിയാക്കി വക്കുക. വിളിക്കുമ്പോള്‍ പോകുക. സിനിമ ജീവിതച്ചെലവിന് കാര്യമായ സംഭാവന നല്കിയില്ല എന്നു സാരം. അവസരം ചോദിച്ച് പിന്നാലെ പോകാനോ മതിയായ പ്രതിഫലം നല്‍കാതെ മുതലെടുക്കുന്നവരോട് തര്‍ക്കിക്കാനോ താല്പര്യമില്ലാത്തതിനാല്‍ പെട്ടിക്കടയില്‍ തന്നെ ഇരിക്കുന്നു എന്ന് അദ്ദേഹം വേദനിച്ചിട്ടുണ്ട്. സിനിമയെ ഒരു പാട് ഇഷ്ടപ്പെട്ട അദ്ദേഹം കലയെ വരുമാനമായിക്കണ്ടില്ല എന്നതാണ് സത്യം.

പ്രേക്ഷകരെ തന്റെ ചിരി കൊണ്ട് അനായാസം കീഴടക്കിയപ്പോഴും താന്‍ കുടുങ്ങിപ്പോയ ടൈപ്പ് കഥാപാത്രങ്ങളില്‍ അദ്ദേഹം വ്യസനിച്ചു. പല്ലില്ലാത്ത അപ്പൂപ്പന്റെ ഹാ…ഹാ ചിരി ഒരിക്കല്‍ ഹിറ്റായതില്‍ പിന്നെ, തന്റെ വയ്പു പല്ല് വായില്‍ വക്കാനായിട്ടില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിലെ ലൈറ്റ് കോമഡി കുടുംബ സിനിമകളിലെ ഒഴിവാക്കാനാവാത്ത മുത്തച്ഛന്‍ കഥാപാത്രങ്ങള്‍ സിനിമയിലെ ചിരിക്കും വിപണിക്കും ചില്ലറ സംഭാവനകളല്ല നല്കിയത്.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയില്‍ കെ.ടി.എസ് അവതരിപ്പിച്ച കഥാപാത്രം

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്‌കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍… എത്ര സിനിമകള്‍ സാക്ഷ്യം.

ന്യൂ ജനറേഷനിലും എണ്‍പതു വയസു കഴിഞ്ഞ അപ്പൂപ്പന്‍ ഒഴിവായില്ല. കുഞ്ഞിരാമായണത്തിലും രക്ഷാധികാരി ബൈജുവിലും പടന്നയിലപ്പൂപ്പന്‍ ചിരിച്ചു നിറഞ്ഞു നിന്നു. വിടവാങ്ങുമ്പോഴും അതേ ചിരി ഹൃദയത്തില്‍.

ആഘോഷങ്ങളോടെയോ പ്രാധാന്യത്തോടെയോ രേഖപ്പെടുന്നില്ലയെങ്കിലും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വിയര്‍പ്പു ജീവിതങ്ങളിലുമാണ് സിനിമയുടെ അടിത്തറക്കല്ലുകള്‍ ഉറച്ചിരിക്കുന്നത്. ആദരം, സ്‌നേഹം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K.T.S. Padannayil memoir – Anu pappachan writes

അനു പാപ്പച്ചന്‍

We use cookies to give you the best possible experience. Learn more