ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്‍.എസ് നേതാവുമായ കെ.കവിതയ്‌ക്കെതിരെ ഇ.ഡി അന്വേഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മന്ത്രി. തെലങ്കാന ഐ.ടി വകുപ്പ് മന്ത്രി കെ.ടി. രാമറാവുവാണ് കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് കൊണ്ട് രംഗത്തെത്തിയത്.
കവിതക്കെതിരെ ഇ.ഡിയെ വിട്ട മോദി എന്ത് കൊണ്ടാണ് അദാനിക്കെതിരായ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. പ്രതിപക്ഷ കക്ഷികളെ കള്ളക്കേസില്‍ കുടുക്കുന്ന പ്രതികാര രാഷ്ട്രീയം ദക്ഷിണേന്ത്യയില്‍ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടത്തില്‍ തീ കൊണ്ടാണ് മോദി കളിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതം ഏറെ വൈകാതെ അദ്ദേഹത്തിനത് മനസിലാകുമെന്നും കെ.ടി രാമറാവു പറഞ്ഞു. ബി.ജെ.പിക്കാരെല്ലാം രാജാ ഹരിശ്ചന്ദ്രന്റെ സഹോദരങ്ങളാണെന്ന് കരുതരുതെന്നും അദ്ദേഹം പരിഹസിച്ചു.
‘എന്ത് കൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത്. ഞങ്ങള്‍ക്ക് തോന്നുന്നു അദാനി മോദിയുടെ പ്രതിപുരുഷനാണ്. ഒരു നുണപരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരും. എന്താ മോദിയതിന് തയ്യാറാണോ? രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ധൈര്യം മോദിക്കുണ്ടോ?
ബി.ജെ.പിയിലെ എല്ലാവരും നല്ലവരവാന്‍ ഇവരെന്താ രാജാ ഹരിശ്ചന്ദ്രന്റെ സഹോദരങ്ങളോ മറ്റോ ആണോ? രാഷ്ട്രീയ പകപോക്കലൊക്കെ വേറെ എവിടെയെങ്കിലും ചിലവാകുമായിരിക്കും. തീ കൊണ്ട് തലചൊറിയുന്ന പരിപാടിയാണ് മോദിയിപ്പോള്‍ നടത്തുന്നത്.
എന്നെങ്കിലും അയാള്‍ക്കത് മനസിലാകും. സര്‍ക്കാരിന്റെ ഇരട്ട എഞ്ചിനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ടല്ലോ, അതിലെ സാമ്പത്തിക എഞ്ചിന്‍ അദാനിയാണ് രാഷ്ട്രീയ എഞ്ചിന്‍ മോദിയും’ അദ്ദേഹം പറഞ്ഞു.
ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിലേക്കും പിന്നീട് രാജിയിലേക്കും നയിച്ച വിവാദമായ മദ്യ നയക്കേസിലാണ് ബി.ആര്‍.എസ് നേതാവ് കെ.കവിതയ്ക്ക് ഇ.ഡി നോട്ടീസ് അയച്ചത്. പ്രതിപക്ഷ കക്ഷികളെ നിശബ്ദരാക്കാനുള്ള മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണെന്നായിരുന്നു വിഷയത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ മറുപടി.
വനിതാ സംവരണ ബില്ലിനായി ജന്തര്‍ മന്തറില്‍ ധര്‍ണ സംഘടിപ്പിക്കാനിരിക്കെയാണ് കവിതക്കെതിരെ ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ദല്‍ഹി മന്ത്രി സഭ പാസാക്കിയ പുതിയ മദ്യക്കരാര്‍ ലഭിക്കാനായി സൗത്ത് കാര്‍ട്ടല്‍ ഗ്രൂപ്പ് വഴി നൂറ് കോടി കൈക്കൂലി നല്‍കിയെന്ന കേസിലാണ് കവിതക്കെതിരെ അന്വേഷണം നടക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ചന്ദ്ര ശേഖര്‍ റാവുവും കുടുംബവും ആദ്യമേ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: K.T Rama rao verbal attack on bjp and Marendra modi