| Saturday, 14th October 2023, 8:46 pm

കോണ്‍ഗ്രസ് നേതാവ് പൊന്നല ലക്ഷ്മയ്യയെ ബി.ആര്‍.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പൊന്നല ലക്ഷ്മയ്യയെ ബി.ആര്‍.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ലക്ഷ്മയ്യ മറ്റ് തീരുമാനങ്ങളും നിലപാടുകളും അറിയിക്കുമെന്ന് ബി.ആര്‍.എസ് പ്രതിനിധികള്‍ അറിയിച്ചു.

ഒക്ടോബര്‍ 16ന് നടക്കാനിരിക്കുന്ന പൊതുപരിപാടിയിലായിരിക്കും അദ്ദേഹം ബി.ആര്‍.എസില്‍ ചേരുകയെന്നും അനുയോജ്യമായ പദവി നല്‍കി സ്വീകരിക്കുമെന്നും കെ.ടി രാമറാവു പറഞ്ഞു.

യു.എസില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പൊന്നല ലക്ഷ്മയ്യ നാസയിലെ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ എത്തിയത്. തെലങ്കാന തെരെഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മുന്‍ പി.സി.സി അധ്യക്ഷന്‍ പൊന്നല ലക്ഷ്മയ്യ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നത്. ലക്ഷ്മയ്യയുടെ രാജി തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കുമോ എന്ന് പാര്‍ട്ടിയില്‍ ആശങ്ക ഉയർന്നിട്ടുണ്ട്.

അന്യായമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മയ്യ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തെഴുതിയിരുന്നു.

പാര്‍ട്ടി തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടെന്നും സമവായ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി വ്യക്തിഗത ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നെന്നും ലക്ഷ്മയ്യ കത്തില്‍ ആരോപിച്ചു.

പിന്നാക്കക്കാരായ 50 പേര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ എത്തിയെങ്കിലും നേതൃത്വത്തെ കാണാന്‍ സാധിച്ചില്ലെന്നും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണാന്‍ 10 ദിവസങ്ങള്‍ കാത്തിരിക്കേണ്ടതായി വന്നുവെന്നും ലക്ഷ്മയ്യ കത്തില്‍ കുറിച്ചു.

അവിചാരിതമായാണ് തന്നെ പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും, 2015ല്‍ ഇന്ത്യയിലാകെ വന്‍ തോല്‍വി നേരിട്ടിട്ടും തെലങ്കാനയിലെ തോല്‍വിയില്‍ തന്നെ മാത്രം കുറ്റപെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K.T.R invites ex-congress leader Ponnala Lakshmaiah to join B.R.S

We use cookies to give you the best possible experience. Learn more