| Friday, 12th July 2024, 8:36 am

അത്തരം പ്രവണതകൾ കമ്മ്യൂണിസ്റ്റ് ആദർശങ്ങളെ കാർന്ന് തിന്നുന്ന അർബുദങ്ങൾ, അവയെ പാടെ വെട്ടിമാറ്റി മാത്രമേ പാർട്ടിക്ക് മുന്നോട്ട് പോകാനാവൂ: കെ.ടി. കുഞ്ഞിക്കണ്ണൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാർട്ടിക്കകത്ത് കടന്നുവന്ന ധന സമ്പാദന വാഞ്ഛകളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും വലിയ അപകടങ്ങളെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ.

സ്വാർത്ഥതകൾക്കായി പാർട്ടിയെ ഉപയോഗിക്കുന്ന പ്രവണത കമ്മ്യൂണിസ്റ്റ് ആദർശങ്ങളെ കാർന്ന് തിന്നുന്ന അർബുദങ്ങളാണെന്നും അവയെ പാടെ വെട്ടിമാറ്റിക്കൊണ്ട് മാത്രമേ പാർട്ടിക്ക് മുന്നോട്ട് പോകാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്.

സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയുടെ അഴിമതി കേസ് ഉൾപ്പടെ പാർട്ടിയിൽ നിരവധി വിവാദങ്ങൾ നിലനിൽക്കവെയാണ് കെ.ടി കുഞ്ഞിക്കണ്ണന്റെ പരാമർശം. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഹോമിയോ ഡോക്ടർ ദമ്പതികളുടെ കയ്യിൽ നിന്ന് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആരോപണവിധേയനാണ് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി.

വിഷയം വലിയ ചർച്ചയായതോടെ പ്രമോദിനോട് വിശദീകരണം തേടാൻ പാർട്ടി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ചേരുന്ന സി.പി.എം ജില്ല കമ്മറ്റിയിൽ പ്രമോദിനെതിരെയുള്ള നടപടിയിൽ തീരുമാനമാകും.

അതോടൊപ്പം റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ആളുകളുടെ വാഹങ്ങൾ പാർട്ടി നേതാക്കൾ ഉപയോഗിക്കുന്നുവെന്ന വിവാദവും നിലനിൽക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് നടക്കുന്ന തെറ്റ് തിരുത്തൽ പ്രക്രിയയെന്നത് നല്ല കമ്മ്യൂണിസ്റ്റ്കാരെ വാർത്തെടുക്കാനുള്ള പ്രസ്ഥാനത്തിന്റെ ലക്ഷ്യവുമായി ബന്ധപ്പെട്ട നിരന്തരം തുടരേണ്ട രാഷ്ട്രീയ സംഘടന പ്രക്രിയയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ കൂട്ടിച്ചേർത്തു.

എങ്ങനെ നല്ലൊരു കമ്മ്യൂണിസ്റ്റ് ആകാമെന്ന് ലിയോ ഷാവോയെ ഉദ്ധരിച്ച് കൊണ്ട് ഇ.എം.എസ് എഴുതിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

പാർട്ടി സംഘടനയെന്നത് ഞങ്ങളുടെ മുന്നണിപ്പടയാണെന്നും ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ലവങ്ങളിലേക്ക് നയിക്കുക എന്ന ദൗത്യമാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കമ്യൂണിസ്റ്റു പാർടിക്കകത്ത്
നടക്കുന്ന തെറ്റുതിരുത്തൽ പ്രക്രിയയെന്നത്
നല്ല കമ്യൂണിസ്റ്റുകാരെ വാർത്തെടുക്കാനുള്ള പ്രസ്ഥാനത്തിൻ്റെ ലക്ഷ്യവുമായി ബന്ധപ്പെട്ട, നിരന്തരം തുടരേണ്ട ഒരു രാഷ്ട്രീയ സംഘടനാ പ്രക്രിയയാണെന്ന് ലിയോ ഷാവോചിയെ ഉദ്ധരിച്ച് കൊണ്ടു സഖാവ് ഇ എം എസ് എഴുതിയിട്ടുണ്ടു്.

പാർടി സംഘടനയെന്നത്
ജനങ്ങളുടെ മുന്നണിപ്പടയാണെന്നും ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ലവങ്ങളിലേക്കും കമ്യൂണിസത്തിലേക്കും നയിക്കുക എന്ന ചരിത്രദൗത്യമാണ് അതിലർപ്പിതമായിരിക്കുന്നതെന്നുമുള്ള തിരിച്ചറിവാണ് ഓരോ കമ്യൂണിസ്റ്റുകാരനും ഉണ്ടാവേണ്ടതെന്നും ലിയോ ഷാവോ ചിയുടെ “എങ്ങിനെ നല്ലൊരു കമ്യൂണിസ്റ്റാവാം ”
എന്ന ലഘു ഗ്രന്ഥത്തെ പരിചയപ്പെടുത്തി കൊണ്ട് ഇ എം എസ് ഓർമ്മിപ്പിക്കുന്നുണ്ട്.

മനുഷ്യരാശിയുടെ വർത്തമാനത്തെ ദുരിതപൂർണ്ണമാക്കുന്ന സാമ്രാജ്യത്വ ചൂഷണത്തെയും മർദ്ദകവാഴ്ചയെയും അവസാനിപ്പിക്കാനുള്ള വിമോചന അഭിലാഷങ്ങളാൽ പ്രചോദിതരാവുന്നവരും അതിനായി ജീവിതം സമർപ്പിക്കപ്പട്ടവരുമാണ് കമ്യൂണിസ്റ്റുകാർ … അതിന് സഹായകരമായ രാഷ്ട്രിയ സിദ്ധാന്തങ്ങളാൽ ആയുധമണിഞ്ഞവരുമാണ് കമ്യൂണിസ്റ്റുകാർ …

ഈയൊരു അടിസ്ഥാന വീക്ഷണബലത്തിൽ നിന്നേ കമ്യൂണിസ്റ്റ പാർടികൾക്ക് അതിൻ്റെ ദൗർബ്ബല്യങ്ങളെയും പാർടി നേതാക്കളിലും അംഗങ്ങളിലും കടന്നു കൂടുന്ന കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാത്ത ശൈലികളെയും പ്രവണതകളെയും തിരുത്താനാവൂ…
1956 ൽ ഇ എം എസ് ചൈനീസ് പാർടി കോൺഗ്രസിൽ പങ്കെടുത്തപ്പോൾ ലിയു ഷാവോ ചിയുമായി നടത്തിയ സംഭാഷണത്തെ അനുസ്മരിച്ച് കൊണ്ടു് തെറ്റുതിരുത്തൽ പ്രക്രിയയുടെ കാതൽ എന്തെന്ന് വിശദീകരിക്കുന്നുണ്ടു്.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചടത്തോളം പാർടിക്കകത്തെ തെറ്റുതിരുത്തൽ
ഒരു രാഷ്രീയസംഘടനാപ്രക്രിയയാണെന്നും അതിനെ ആവർത്തിക്കപ്പെടുന്ന, കേവലമായ ഏറ്റുപറച്ചിലുകളുടെ അനുഷ്ഠാനപരതയായി ലഘൂകരിക്കരുതെന്നും ലിയു ഷാവോ ചിയുടെ ഒരു സംഭാഷണ ഭാഗം ഉദ്ധരിച്ച്
ഇ എം എസ്സ്പറയുന്നുണ്ട്.
തെറ്റുകൾക്ക് അടിയിൽ കിടക്കുന്ന ആശയങ്ങളെയാണ് കണ്ടെത്തി തിരുത്തേണ്ടത്.,
ഒരു ബൂർഷാസമൂഹത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ള അപകടം പാർടിക്കകത്ത് കടന്നു വന്നേക്കാവുന്ന ധനസമ്പാദന വാഞ്ഛകളാണ്.
അതിനുള്ള പാർട്ടിയെ ഉപയോഗിച്ചുള്ള വഴിവിട്ട ഇടപെടലുകളാണ്. അത്തരം പ്രവണതകൾ കമ്യൂണിസ്റ്റ് ആദർശങ്ങളെ തന്നെ കാർന്നുതിന്നുന്ന അർബുദ കോശങ്ങളാണെന്ന തിരിച്ചറിവോടെ വെട്ടി മാറ്റി കൊണ്ടേ പാർടിയെയും അതിൻ്റെ രാഷ്ട്രീയത്തെയും
ജനവിശ്വാസത്തിൽ
ഉറപ്പിച്ച് നിർത്താനാവൂ…

Content Highlight: k.t kunjikkannan’s post about kerala communist party

We use cookies to give you the best possible experience. Learn more