പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥക്ക് മനുഷ്യ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ല എന്ന ധാരണ ശക്തിപ്പെട്ടിരിക്കയാണ്. പൊതുവെ ഇടതുപക്ഷോന്മുഖമായൊരു അതിജീവനപ്രയത്‌നങ്ങള്‍ക്ക് സ്വീകാര്യത കൂടിവരുന്ന സംഭവങ്ങളാണ് സാര്‍വദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നത്.
കെ.ടി കുഞ്ഞിക്കണ്ണന്‍
[]ലോകമെമ്പാടും അലയടിച്ചുയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങളും തൊഴിലാളി പണിമുടക്കുകളും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ വര്‍ഷം. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷവിജയങ്ങളും നവലിബറല്‍ നയങ്ങള്‍ക്കെതിരായ ജനമുന്നേറ്റങ്ങളും മുതലാളിത്തത്തിനെതിരായ സോഷ്യലിസ്റ്റ് ബദലിന്റെ പ്രസക്തിയിലേക്കാണ് ധൈഷണിക ലോകത്തെ എത്തിച്ചത്.
പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥക്ക് മനുഷ്യ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ല എന്ന ധാരണ ശക്തിപ്പെട്ടിരിക്കയാണ്. പൊതുവെ ഇടതുപക്ഷോന്മുഖമായൊരു അതിജീവനപ്രയത്‌നങ്ങള്‍ക്ക് സ്വീകാര്യത കൂടിവരുന്ന സംഭവങ്ങളാണ് സാര്‍വദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നത്
സോവിയറ്റ് യൂനിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചക്ക് ശേഷം പ്രത്യയശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്ത്യമാഘോഷിക്കുകയായിരുന്നു ആഗോള മുതലാളിത്തം.
അമേരിക്കന്‍ ചിന്താസംഭരണികളും വംശീയതയുടെ പ്രത്യയശാത്രകാരന്‍മാരും റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലുള്ള മാധ്യമ രാക്ഷസന്‍മാരുമാണ് ഈ പ്രചണ്ഡമായ പ്രചാരവേലക്ക് നേതൃത്വം കൊടുത്തത്.
സോഷ്യലിസത്തിനും മനുഷ്യവിമോചനത്തിന്റെ ദര്‍ശന പദ്ധതിയായ മാര്‍ക്‌സിസത്തിനും മരണംവിധിച്ച പ്രചണ്ഡമായ ഈ വിധ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിജയഭേരികളെയെല്ലാം അപ്രസക്തമാക്കും വിധം ലോകമെമ്പാടും നവലിബറല്‍ നയങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടങ്ങള്‍ ഇന്ന് അലയടിച്ചുയരുകയാണ്.
ആഫ്രിക്ക മുതല്‍ വാള്‍സ്ട്രീറ്റ് വരെ പടരുന്ന പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിന് അന്ത്യം പ്രഖ്യാപിക്കുകയാണ്. സോഷ്യലിസവും മാര്‍ക്‌സിസവും ചിന്താലോകത്ത് തിരിച്ചുവരുന്നു.
കാലഹരണപ്പെട്ടതെന്നും നിരാകരിക്കപ്പെട്ടതെന്നും ബൂര്‍ഷ്വാ പണ്ഡിതന്‍മാര്‍ വിധിയെഴുതിയ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ പുതിയ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നു.
2012 ലെ യു.എന്‍ റിപ്പോര്‍ട്ട് മുതലാളിത്ത വ്യവസ്ഥ നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഫലമായി അനുഭവിക്കുന്ന അഗാധമായ പ്രതിസന്ധിയെ സ്വയം അനാവരണം ചെയ്യുന്നുണ്ട്.
സാമ്രാജ്യത്വ പ്രതിസന്ധി ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ തന്നെ പ്രതിസന്ധിയാണെന്ന തിരിച്ചറിവ് ചിന്താലോകത്ത് ശക്തിപ്പെട്ട് തുടങ്ങിയിരിക്കുന്നു. സമകാലീന സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയെയും അതിന്റെ സാമന്ത സമ്പദ്ഘടനകളെയും തിരിച്ചുവരാനാവാത്ത പതന മാര്‍ഗ്ഗത്തിലേക്ക് എത്തിച്ചിരിക്കുന്നു.
2012 ലെ യു.എന്‍ റിപ്പോര്‍ട്ട് മുതലാളിത്ത വ്യവസ്ഥ നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഫലമായി അനുഭവിക്കുന്ന അഗാധമായ പ്രതിസന്ധിയെ സ്വയം അനാവരണം ചെയ്യുന്നുണ്ട്.
ആഗോളതലത്തില്‍ വളര്‍ച്ചാനിരക്ക് 4%ത്തില്‍നിന്നും 2.8%മായി കുറഞ്ഞിരിക്കുന്നു. മുതലാളിത്ത സമ്പദ്ഘടനകള്‍ ഒന്നഴിയാതെ മാന്ദ്യത്തിന്റെ പിടിയിലാണ്. ഗ്രീസ് പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ കടപ്രതിസന്ധിയിലാണ്.
സാമൂഹ്യമിച്ചങ്ങള്‍ സമ്പൂര്‍ണ്ണമായി രാജ്യന്തര കോര്‍പ്പറേറ്റുകള്‍ കയ്യടക്കുകയും ദേശീയ സര്‍ക്കരുകള്‍ സമ്പദ്ഘടനയെ ആഗോള കടവിപണിയുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുന്ന നടപടികളുടെ ഫലമായി കടഭാരം അനുദിനം കൂടുകയാണ്.
ഗ്രീസിന്റെ കടബാധ്യത ജി.ഡി.പി യുടെ 142% മാണ്. ഐ.എം.എഫിന്റെ ഘടനാപരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച ഈ സാമ്പത്തിക ദുരന്തത്തിന് ഐ.എം.എഫ് നിര്‍ദ്ദേശിക്കുന്ന ഔഷധം ചെലവ് ചുരുക്കലാണ്.
ഐ.എം.എഫും ലോകബേങ്കും യൂറോപ്യന്‍യൂനിയനും ഗ്രീസിനോട് 300കോടി യൂറോവിന്റെ ചെലവ് ചുരുക്കാനാണ് കല്‍പ്പിച്ചത്. ഇതിന്റെ ഫലമായി ആ രാജ്യത്ത് മിനിമം കൂലിയില്‍ 20.7% വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു.
പെന്‍ഷന്‍ ഫണ്ടില്‍ പ്രതിവര്‍ഷം 30 ദശലക്ഷം യൂറോയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. കഴിഞ്ഞ 3 വര്‍ഷംകൊണ്ട് 150000 തൊഴില്‍ അവസരങ്ങള്‍ പൊതു മേഖലയില്‍ വെട്ടിക്കുറച്ചു. ആരോഗ്യ – ശിശുസംരക്ഷണ ചെലവും വേതനവും തുടര്‍ച്ചയായി കുറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു
ചരിത്രം അവസാനിച്ചു എന്നും വര്‍ഗ്ഗസമരങ്ങളുടെ കാലം കഴിഞ്ഞു എന്നും പെരുമ്പറകൊട്ടിയ അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തുതന്നെ വര്‍ഗ്ഗസമര മുന്നേറ്റങ്ങള്‍ ആരംഭിക്കുകയും ഭൂഖണ്ഡങ്ങളിലേക്ക് പടരുന്നതുമാണ് കഴിഞ്ഞ 3 വര്‍ഷക്കാലമായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
ബ്രിട്ടനില്‍ ഡേവിഡ് കാമറൂണ്‍ താച്ചറിസത്തെ ആഴത്തിലും പരപ്പിലുമാക്കി ജനജീവിതത്തെ ദുഷ്‌കരമാക്കിയിരിക്കുന്നു. സേവന മേഖലകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്‍മാറ്റം വരുന്ന 5 വര്‍ഷത്തിനകം 7,10,000 സര്‍വ്വീസ് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുത്തുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
ലോക്കല്‍ ഗവണ്‍മെന്റുകളില്‍ പണിയെടുക്കുന്ന പത്തില്‍ ഒരാള്‍വീതം പുറത്തുപോകേണ്ടിവരും. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് എല്ലാ രക്ഷാ ഔഷധങ്ങളെയും അതിജീവിച്ചുകൊണ്ട് തള്ളിവിടുകയാണ്.
പ്രതിദിനം 18000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് അമേരിക്കയിലുള്ളത്. കാലിഫോര്‍ണിയയിലെ സിലിക്കന്‍ വാലിയില്‍പോലും 50%ത്തോളം തൊഴിലവസരങ്ങള്‍ ഇല്ലാതായിരിക്കുന്നു.
50%ത്തിലേറെ വേതനം വെട്ടിക്കുറച്ചിരിക്കുന്നു. ഐ.ടി, ബി.ടി തുടങ്ങിയ പുതുതലമുറ വ്യവസായ മേഖലകളില്‍പോലും തൊഴിലാളികളുടെയും ജീവനക്കാരുടെയും പണിമുടക്കുകള്‍ അമേരിക്കയിലിപ്പോള്‍ പതിവായിക്കഴിഞ്ഞിട്ടുണ്ട്.
നവലിബറല്‍ നയങ്ങള്‍ അസമത്വങ്ങളുടെ വിളഭൂമിയാക്കി ലോകത്തെയന്നപോലെ അമേരിക്കയെയും മാറ്റിയിരിക്കുന്നു.
മെയ് ദിന പേരാട്ടങ്ങളുടെ ചോരവീണ ചിക്കാഗോവിലും വിസ്‌കോണ്‍സിലും ന്യൂ ഇന്ത്യാനയിലും തൊഴിലാളി പണിമുടക്കുകള്‍ സാധാരണയായി കഴിഞ്ഞിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ അസമത്വങ്ങളുടെ വിളഭൂമിയാക്കി ലോകത്തെയന്നപോലെ അമേരിക്കയെയും മാറ്റിയിരിക്കുന്നു.
വാള്‍സ്ട്രീറ്റ് പിടിച്ചടുക്കല്‍ പ്രക്ഷോഭകര്‍ ഈ ഒരു യാഥാര്‍ത്ഥ്യത്തെയാണ് “ഞങ്ങള്‍ 99% നിങ്ങള്‍ ഒരു ശതമാനത്തിനെതിരെ” അണിനിരക്കുകയാണ് എന്ന മുദ്രാവാക്യത്തിലൂടെ പ്രകാശിപ്പിച്ചത്.
ഐ.എം.എഫ് മേധാവി ക്രിസ്ത്യന്‍ ലെഗാസ്, ബ്യൂക്കിഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നടത്തിയ പ്രസംഗത്തില്‍ പരിഷ്‌കാരങ്ങളുടെ ദുരന്തഫലത്തെക്കുറിച്ച് കുമ്പസാരിക്കുകയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ഉണ്ടായി.
അദ്ദേഹം പറഞ്ഞത് “”വളരെക്കാലമായി സാമ്പത്തിക വളര്‍ച്ചയുടെ മെച്ചം ചുരുക്കം ചിലരാണ് പങ്കുവെക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന അസമത്വവും ദുര്‍ബലമായ ധനമേഖലയും ലോകത്തെ അസ്ഥിരതയിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചു.
ഈ കഴിവുകേടിന്റെ ഫലം ഞാന്‍ തൊഴിലില്ലായമയിലും അന്തസ്സ് നഷ്ടപ്പെടുന്നതിലും സാമ്പത്തിക നഷ്ടത്തിലും പ്രതിഫലിച്ചതായി കാണുന്നു. അപകടങ്ങളുടെ സാധ്യത വളരെകൂടുതലുണ്ട്. ബഹുജന സമരങ്ങള്‍ ഈ വിഷമതകളുടെ ഫലമാണ്””.
21-ാം നൂറ്റാണ്ട് അമേരിക്കയുടെതാണെന്ന് പ്രവചിച്ചവരും ചരിത്രത്തിന്റെ അന്ത്യം പ്രഖ്യാപിച്ച ഫുക്ക്‌യാമമാരും നവലിബറല്‍ നയങ്ങള്‍ക്കെതിരെ അലയടിച്ചുയരുന്ന ബഹുജന മുന്നേറ്റങ്ങള്‍കണ്ട് ഞെട്ടിവിറക്കുകയാണ്.
അറബ് വസന്തവും വാള്‍സ്ട്രീറ്റ് പിടിച്ചടുക്കല്‍ പ്രസ്ഥാനവും യൂറോപ്പിലെ തൊഴിലാളി സമരങ്ങളും ആഗോളഫൈനാന്‍സ് മൂലധന വ്യവസ്ഥക്കെതിരെ ഉയര്‍ന്നുവരുന്ന വിമോചന പോരാട്ടങ്ങളുടെ ശുഭാപ്തികരമായ സൂചനകളാണ്.
ആഗോള ഫൈനാന്‍സ് വ്യവസ്ഥയുടെ ആസ്ഥാനമായ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ജനങ്ങളുടെയും പ്രസ്ഥാനത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് വിശേഷിപ്പിച്ചത് കടുത്ത വര്‍ഗ്ഗയുദ്ധമാണെന്നാണ്.
2011 ലെ വാള്‍സ്ട്രീറ്റ് പ്രസ്ഥാനം അമേരിക്കയിലെ 70 നഗരങ്ങളിലേക്കാണ് വ്യാപിച്ചത്. 82 രാജ്യങ്ങളില്‍ വാള്‍സ്ട്രീറ്റ് പ്രസ്ഥാനത്തോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്ന സൂചക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയുണ്ടായി.
സുക്കോട്ടി പാര്‍ക്കിലെ പ്രക്ഷോഭങ്ങള്‍ വര്‍ഗ്ഗ സമര മുന്നേറ്റങ്ങളാണെന്ന തിരിച്ചറിവ് അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിവിറപ്പിച്ചു. ചരിത്രം അവസാനിച്ചു എന്നും വര്‍ഗ്ഗസമരങ്ങളുടെ കാലം കഴിഞ്ഞു എന്നും പെരുമ്പറകൊട്ടിയ അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തുതന്നെ വര്‍ഗ്ഗസമര മുന്നേറ്റങ്ങള്‍ ആരംഭിക്കുകയും ഭൂഖണ്ഡങ്ങളിലേക്ക് പടരുന്നതുമാണ് കഴിഞ്ഞ 3 വര്‍ഷക്കാലമായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
സുക്കോട്ടി പാര്‍ക്കിലെ പ്രക്ഷോഭകരെ അഭിസംബോധന ചെയ്തുകൊണ്ട് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് പറഞ്ഞത് മുതലാളിത്ത പ്രതിസന്ധി ചാക്രിക (Cyclic)ആണെന്നതുപോലെ വ്യവസ്ഥാപരം ആണെന്ന കാര്യം തിരിച്ചറിയണമെന്നാണ്.
അടുത്ത പേജില്‍ തുടരുന്നു
ലോകം മാര്‍ക്‌സിലേക്കും വര്‍ഗ്ഗസമര സിദ്ധാന്തങ്ങളിലേക്കും മടങ്ങുകയാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ടുകൊണ്ടാണ് യൂറോപ്പിലാകെ തൊഴിലാളി സമരങ്ങളും പണിമുടക്കുകളും അലയടിക്കുന്നത്.
മുതലാളിത്തത്തെ മാറ്റാതെ അതിന്റെ ജന്മസിദ്ധമായ കുഴപ്പങ്ങളില്‍നിന്ന് മനുഷ്യസമൂഹത്തിന് രക്ഷനേടാനാവില്ലെന്നാണ് സ്റ്റിഗ്ലിറ്റ്‌സ് ഉത്‌ബോധിപ്പിച്ചത്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ലോകത്തെ മുതലാളിത്തത്തില്‍നിന്നും അതിന്റെ ഹിംസാത്മകമായ നവലിബറലിസത്തില്‍നിന്നും വിമോചിപ്പിക്കാതെ മനുഷ്യവംശത്തിന്റെ ഭാവി സുരക്ഷിതമായിരിക്കില്ലെന്നാണ്.
കമ്പോളത്തിന് കൂച്ചുവിലങ്ങിടാനും ജനങ്ങളെ സ്വതന്ത്രരാക്കാനും ആഹ്വാനം ചെയ്യുന്ന ബാനറുകളാണ് അവരുയര്‍ത്തിയത്. അഫ്ഗാനിലെയും ഇറാഖിലെയും നരഹത്യകള്‍ അതിസമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ളതാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. ലാഭത്തിനല്ല ജനങ്ങള്‍ക്കാണ് മുന്‍ഗണനനല്‍കേണ്ടത് എന്നാണ് പ്രക്ഷോഭകര്‍ ഭരണാധികാരികളെ ഓര്‍മ്മിപ്പിച്ചത്.
ലാഭകേന്ദ്രിതമായ മുതലാളിത്ത വ്യവസ്ഥയെ മാറ്റാനാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരും അതിന്റെ അനുഭാവ സൂചകമായി ലോകമെമ്പാടും ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളോട് വിളിച്ചുപറഞ്ഞത്. ലോകത്തെ മാറ്റാനുള്ള സിദ്ധാന്തം മാര്‍ക്‌സിസമാണെന്ന തിരിച്ചറിവും ഈ പ്രക്ഷോഭകര്‍ക്കുണ്ടായിരുന്നു എന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ പ്രസക്തിയും പ്രാധാന്യവും.
ലോകം മാര്‍ക്‌സിലേക്കും വര്‍ഗ്ഗസമര സിദ്ധാന്തങ്ങളിലേക്കും മടങ്ങുകയാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ടുകൊണ്ടാണ് യൂറോപ്പിലാകെ തൊഴിലാളി സമരങ്ങളും പണിമുടക്കുകളും അലയടിക്കുന്നത്.
വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ലോകത്തെ മുതലാളിത്തത്തില്‍നിന്നും അതിന്റെ ഹിംസാത്മകമായ നവ ലിബറലിസത്തില്‍നിന്നും വിമോചിപ്പിക്കാതെ ഭാവി സുരക്ഷിത മായിരിക്കില്ലെന്നാണ്.
വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2011 ല്‍ ഗ്രീസിലും സ്‌പെയിനിലും ബ്രിട്ടനിലും ഇറ്റലിയിലും പോര്‍ച്ചുഗലിലും ഡന്‍മാര്‍ക്കിലും നെതര്‍ലാന്റ്‌സിലും ദിവങ്ങള്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കുകളും പ്രക്ഷോഭങ്ങളുമാണ് നടന്നത്.
ബ്രിട്ടനില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആവേശകരമായ സമരങ്ങളാണ് നടന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുമുമ്പിലും മാഞ്ചസ്റ്ററിലും ആരംഭിച്ച പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുകയായിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പിടിച്ചടുക്കല്‍ പ്രക്ഷോഭം തന്നെ രൂപം കൊണ്ടിരുന്നു.
നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ ഡാം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നിലും 40ഓളം ടെന്റുകള്‍ ഉയര്‍ന്നിരുന്നു. ജര്‍മ്മിനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ യൂറോപ്യന്‍ കേന്ദ്രബാങ്കിനുമുമ്പില്‍ 50 ടെന്റുകളാണ് സ്ഥാപിച്ചത്.
സ്‌പെയിനിന്റെ തലസ്ഥാന നഗരമായ മാഡ്രിഡില്‍ യുവാക്കളും തൊഴിലാളികളും ചേര്‍ന്ന് “ഇന്‍ഡിഗ്നഡോസ്” എന്ന ഒരു പ്രസ്ഥാനത്തിനുതന്നെ രൂപംനല്‍കി. അറബ് വസന്തത്തിനും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനും പ്രചോദവും വഴികാട്ടിയുമായി തീര്‍ന്നത് ഈ പ്രസ്ഥാനമായിരുന്നു. ഇതിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് അണിനിരന്നത്.
ഇറ്റലിയിലും റോമിലുമെല്ലാം തുടര്‍ച്ചയായ പണിമുടക്കുകള്‍ നടക്കുകയുണ്ടായി. പ്രക്ഷോഭകരും പോലീസും തമ്മിലുള്ള തെരുവ് യുദ്ധങ്ങള്‍ പതിവായിതീരുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, ബിസ്ബണ്‍ എന്നീ നഗരങ്ങളില്‍ വേതനം വെട്ടിക്കുറക്കുന്നതിനും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അവസാനിപ്പിക്കുന്നതിനുമെതിരെ രോഷാകുലരായ ജനങ്ങള്‍ തുടര്‍ച്ചയായി സമരം ചെയ്യുകയുണ്ടായി.
ഫിലപ്പെന്‍സിലും ഹോങ്കോങ്കിലും, തായവാനിലും, തായ്‌ലന്റിലും ദക്ഷിണ കൊറിയയിലുമുള്ള പ്രധാന നഗരങ്ങളിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് മുമ്പില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്.
ഏഷ്യന്‍ വളര്‍ച്ചാ ധ്രുവത്തിലെ അത്ഭുതമെന്ന് വിശേഷിക്കപ്പെട്ട തായ്‌ലെന്റുപോലുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനകളുടെ തകര്‍ച്ച ആരാജ്യങ്ങളെ ദാരിദ്ര്യത്തിന്റെയും സാമൂഹ്യ ജീര്‍ണ്ണതകളുടെയും വിളനിലമായി മാറ്റിയിരിക്കുന്നു.
എയിഡ്‌സും വിദേശനാണ്യം നേടാനുള്ള ലൈംഗിക വ്യവസായവും തായ്‌ലന്റിനെ വേട്ടയാടുകയാണ്. ഇതിനെതിരായി ഏഷ്യന്‍ വികസന ബാങ്കിന്റെ മേധാവിയെ വിചാരണചെയ്യുന്നതടക്കമുള്ള തീക്ഷ്ണമായ ജനകീയ സമരങ്ങള്‍ തായ്‌ലന്റില്‍ ഉയര്‍ന്നുവരികയുണ്ടായി.
ജപ്പാനില്‍ ടോക്കിയോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോര്‍പ്പറേറ്റ് മൂലധനാധിപത്യത്തിനും ആണവനിലയങ്ങള്‍ക്കുമെതിരായ ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഫുക്കിഷിമയുടെ ദുരന്തഭീതി ആണവ കോര്‍പ്പറേറ്റുകള്‍ക്കതിരായ പ്രതിഷേധമായി വളരുകയാണ്.
സ്വതന്ത്ര വ്യാപാര കരാറുകാര്‍ക്കെതിരെ കാനഡയിലും മെക്‌സിക്കോയിലും കൊളമ്പിയയിലും ചിലിയിലും വലിയ പ്രതിഷേധ റാലികളും പണിമുടക്കുകളുമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ഗോത്ര വംശീയ ധ്രുവീകരണങ്ങള്‍ നടത്തി മൂലധനാധിപത്യത്തിനെതിരെ വളര്‍ന്നുവരുന്ന സമരങ്ങളെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള തിരിച്ചറിവ് ആഫ്രിക്കന്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ ശക്തമായിട്ടുണ്ട്. വര്‍ഗ്ഗ ഐക്യത്തിന്റെയും വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും അനിഷേധ്യമായ പ്രസക്തിയെ ആഫ്രിക്കയിലെയും മറ്റ് ഇതരരാജ്യങ്ങളിലെയും തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ ജനകീയ മുന്നേറ്റങ്ങളുടെ നിര്‍ണ്ണായക ഘടകമായി എടുത്തിട്ടുണ്ട്.
ആഫ്രിക്കയില്‍ നവലിബറല്‍ നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ നയങ്ങള്‍ക്കുമെതിരെ വലിയ ജനകീയ മുന്നേറ്റങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. റോയല്‍ ഡച്ച് ഷെല്‍ പോലുള്ള എണ്ണകുത്തകകള്‍ക്കെതിരെ നൈജീരിയയില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
ഒഗോണി വംശീയതയില്‍ നിന്ന് ദേശീയമായ ഉണര്‍വ്വിലേക്കും വര്‍ഗ്ഗബോധത്തിലേക്കും നൈജീരിയന്‍ തൊഴിലാളി വര്‍ഗ്ഗം വളര്‍ന്നുവരികയാണ്. പെട്രോള്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെ നൈജീരിയയില്‍ നടന്ന അനിശ്ചിതകാല പണിമുടക്കില്‍ 3 തൊഴിലാളികളാണ് രക്തസാക്ഷികളായത്.
ഭരണകൂടത്തിന്റെ നിറതോക്കുകള്‍ക്ക് മുമ്പില്‍ വര്‍ഗ്ഗബോധത്തിന്റെ വിരിമാറുയര്‍ത്തിപ്പിടിച്ച് നൈജീരിയന്‍ തൊഴിലാളിവര്‍ഗ്ഗം ചരിത്രം സൃഷ്ടിക്കുകയാണ്. വിലക്കയറ്റത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ലോഗോസില്‍ നടന്ന പ്രതിഷേധത്തില്‍ 13 തൊഴിലാളികള്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പെട്രോളിയം കയറ്റുമതി രാജ്യമായ നൈജീരിയയില്‍ പെട്രോളിന്റെ വില ലിറ്ററിന് 29 പെന്‍സിന്‍നിന്ന് 69 ആക്കി ഉയര്‍ത്തിയതിനെതിരെ 6 ദിവസം നീണ്ടുനിന്ന പണിമുടക്കാണ് തൊഴിലാളികള്‍ നടത്തിയത്.
സബ്‌സിഡികള്‍ പുനസ്ഥാപിച്ചുകൊണ്ട് ഭാഗികമായി വില കുറപ്പിക്കാന്‍ ഈ പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ കോണ്‍ട്രാക്ട് സംവിധാനത്തിനെതിരെ തൊഴിലാളികളുടെ പണിമുടക്കും പ്രതിഷേധവും ശക്തമായി തുടരുകയാണ്.
ഗോത്ര വംശീയ ധ്രുവീകരണങ്ങള്‍ നടത്തി മൂലധനാധിപത്യത്തിനെതിരെ വളര്‍ന്നുവരുന്ന സമരങ്ങളെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള തിരിച്ചറിവ് ആഫ്രിക്കന്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ ശക്തമായിട്ടുണ്ട്.
വര്‍ഗ്ഗ ഐക്യത്തിന്റെയും വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും അനിഷേധ്യമായ പ്രസക്തിയെ ആഫ്രിക്കയിലെയും മറ്റ് ഇതരരാജ്യങ്ങളിലെയും തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ ജനകീയ മുന്നേറ്റങ്ങളുടെ നിര്‍ണ്ണായക ഘടകമായി എടുത്തിട്ടുണ്ട്.
ടുണിഷ്യയിലും ഈജിപ്തിലും നടന്ന ജനാധപത്യ പ്രക്ഷോഭങ്ങളെ അതിന്റെ ലക്ഷ്യങ്ങളില്‍നിന്ന് വഴിതെറ്റിക്കാനുള്ള ഇസ്ലാമിസ്റ്റുകളുടെ ഇടപെടലും സ്വാധീനവും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പാഠമാണ്.
എന്തെല്ലാം പരിമിതികളുള്ളപ്പോഴും അറബ് വസന്തത്തിന് പുറകിലെ പ്രേരണയും ഇച്ഛാശക്തിയും തൊഴിലാളിവര്‍ഗ്ഗ യൂനിയനുകളായിരുന്നു എന്ന കാര്യം അനിഷേധ്യമാണ്. അറബ് വസന്തത്തെ കേവലമായ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ജനമുന്നേറ്റമായി പരിമിതപ്പടുത്തിക്കൂടാ.
അത് നവലിബറല്‍നയങ്ങള്‍ പാപ്പരാക്കിയ പരുത്തികൃഷിക്കാരുടെയും തുണിമില്‍തൊഴിലാളികളുടെയും നവതലമുറ വ്യവസായങ്ങളില്‍ പണിയെടുക്കുന്ന പ്രഫഷണലുകളുടെയും തൊഴില്‍രഹിതരായ യുവജനങ്ങളുടെയും സംഘടിതമായൊരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു.
മുസ്ലീം ബ്രദര്‍ഹുഡിന്റെയും അന്നഹദാ പാര്‍ടിയുടെയും മതാധികാര വാഴ്ചക്കു വേണ്ടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായി ഈജിപ്തിലെയും ടുണീഷ്യിലെയും ജനകീയ പ്രക്ഷേഭങ്ങളെ ലളിത വല്‍ക്കരിക്കുന്നവര്‍ മുല്ലപ്പൂ വിപ്ലവത്തിലേക്ക് നയിച്ച സാമൂഹ്യ സാമ്പത്തിക ഘടകങ്ങളെ അവഗണിക്കുകയാണ്.
ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റങ്ങള്‍ പുതിയ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളിലൂടെ മുതലാളിത്തത്തിന് ബദല്‍ സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ്.
അറബ് വസന്തത്തിന്റെയും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെയും ദിശാബോധമില്ലായ്മയും സംഘടിതമായ രാഷ്ട്രീയ ബോധമില്ലായമയും അരാജകത്വവും അതിന്റെ തന്നെ ലക്ഷ്യത്തില്‍നിന്ന് അതിനെ തടസ്സപ്പെടുത്തുകയായിരുന്നു.
ഈ എല്ലാ വിമര്‍ശനങ്ങളുമുള്ളപ്പോള്‍തന്നെ ഇത്തരം ആഗോളമുന്നേറ്റങ്ങളെല്ലാം തന്നെ നവലിബറല്‍ മൂലധന വ്യവസ്ഥക്കെതിരായ ലോകജനതയുടെ പ്രതിഷേധത്തിന്റെയും മുന്നേറ്റത്തിന്റെയും സൂചനകളായി വിലയിരുത്തണം.
മുതലാളിത്ത ചൂഷണത്തിനെതിരായ തൊഴിലാളി വര്‍ഗ്ഗ വിമോചന പ്രസ്ഥാനത്തിന് കരുത്ത് നല്‍കുന്ന ജനമുന്നേറ്റങ്ങളാണ്. മുതലാളിത്തത്തിന്റെ ജന്മസിദ്ധമായ കുഴപ്പങ്ങളും പ്രതിസന്ധിയും സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും നാണയപ്പെരുപ്പവും അതിന്റെ ഫലമായ ജീവിത ദുരിതങ്ങളും അവസാനിപ്പിക്കാന്‍ മുതലാളിത്തത്തെ പരിവര്‍ത്തനപ്പെടുത്തുന്ന തൊഴിലാളി വര്‍ഗ്ഗ വിമോചന ശക്തികള്‍ക്കേ കഴിയൂ.
ഇന്നിപ്പോള്‍ ഭൂഖണ്ഡങ്ങളിലാകെ പടരുന്ന ജനകീയ സമരങ്ങള്‍ മുതലാളിത്ത ലോകത്തെ മാറ്റിയെടുക്കാനുള്ള മനുഷ്യ യത്‌നങ്ങളാണ്. ലോകത്തെ മാറ്റാനായി പൊരുതുന്ന ജനത മുതലാളിത്തം സഷ്ടിച്ച ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരമാവണമെങ്കില്‍ സോഷ്യലിസം സ്ഥാപിച്ചുകൊണ്ടേ കഴിയൂ എന്ന് തിരിച്ചറിയുന്നുണ്ട്.
ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റങ്ങള്‍ പുതിയ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളിലൂടെ മുതലാളിത്തത്തിന് ബദല്‍ സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ്.