ഗാസയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ചോരയില്‍ മുങ്ങി മരിക്കുകയാണ്. ഇസ്രായേലിന്റെ സൈനികാക്രമണങ്ങളില്‍ പിടഞ്ഞു വീണു മരിക്കുന്ന കുഞ്ഞുങ്ങളുടെയും നിരപരാധികളായ സ്ത്രീ പുരുഷന്മാരുടെയും വാര്‍ന്നൊലിക്കുന്ന ചോരയില്‍ ചവിട്ടി നിന്ന് ഭീകരതക്കെതിരായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് ഗീര്‍വാണം മുഴക്കുകയാണ് സയണിസ്റ്റുകള്‍.
ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഉള്‍പ്പെടെ സയണിസ്റ്റുകളുടെ ആഗോളതന്ത്രത്തിന്റെ പങ്കാളികള്‍ കൂട്ടക്കൊലകളെ ന്യായീകരിക്കുകയാണ്. ഒരു ജനതയെ സ്വന്തം ചോരയില്‍ മുക്കിക്കൊല്ലുന്ന അധിനിവേശ ഭീകരതക്കെതിരെ ആഗോള സമൂഹത്തിന്റെ പ്രതിഷേധമുയരേണ്ടതുണ്ട്.
പലസ്തീനികളുടെ ദേശീയ സ്വത്വവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്ന ഇസ്രായേലിനെതിരെ ലോക രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇനിയും മടിച്ചു നില്ക്കരുത്. ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ നയം തിരുത്താന്‍ എന്തുകൊണ്ടാണ് ജോ ബൈഡന്‍ മടിച്ചു നില്ക്കുന്നത്? പശ്ചിമേഷ്യയിലെ അമേരിക്കന്‍ അധിനിവേശ താല്പര്യങ്ങളുടെ ഔട്ട് പോസ്റ്റായി ഇസ്രായേലിനെ ശക്തിപ്പെടുത്തി നിലനിര്‍ത്തുകയെന്ന റിപ്പബ്ലിക്കന്മാരുടെ നിലപാട് തന്നെയാണോ ഡമോക്രാറ്റുകളും തുടരുന്നത്?
ഇന്ത്യക്കാരായ നാം ഇന്ത്യന്‍ സര്‍ക്കാറിനോട് ജറുസലേമിലെ കയ്യേറ്റവും പലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലകളും അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ രാഷ്ട്രത്തോട് ആവശ്യപ്പെടാന്‍ നിര്‍ബന്ധം പിടിക്കണം. ബി.ജെ.പിയെ പോലെ തന്നെ കടുത്ത വംശീയ വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന കക്ഷിയാന്ന് ഇസ്രായേലിലെ ഭരണകക്ഷിയും എന്ന കാര്യം മറന്നു കൊണ്ടല്ല ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും എന്നും പലസ്തീനികളോടൊപ്പം നിന്നതാണ്. രാജ്യമില്ലാത്ത ജനതയുടെ വിമോചന നേതാവായ യാസര്‍ അറാഫത്തിന് പലസ്തീന്‍ രാഷ്ട്രപ്രതിനിധിയെന്ന കല്പിത പദവി നല്‍കി അംഗീകരിച്ച് ചേര്‍ത്ത് പിടിച്ച രാജ്യമാണ് ഇന്ത്യ.
ഭീകരരെ നേരിടാനെന്ന വ്യാജേന സാധാരണ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ നടത്തുകയാണ് ഇസ്രായേല്‍ സേന. തങ്ങള്‍ ഭീകരരെയാണ് ആക്രമിക്കുന്നതെന്നാണ് സയണിസ്റ്റ് സൈന്യം ലോകത്തോട് പറയുന്നത്. ഭീകരതക്കെതിരായ യുദ്ധമെന്ന രീതിയിലാണ് പലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ട് അവരുടെ ജന്മഭൂമി വെട്ടിപിടിക്കുന്നത്.
അമേരിക്കന്‍ പിന്തുണയോടെയുള്ള അധിനിവേശ യുദ്ധമാണിത്. സര്‍വ്വ യു.എന്‍. പ്രമേയങ്ങളെയും ലോകാഭിപ്രായങ്ങളെയും കാറ്റില്‍ പറത്തികൊണ്ടുള്ള സയണിസ്റ്റ് ഭീകരതയാണ് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും അഴിച്ചുവിട്ടിരിക്കുന്നത്. കിഴക്കന്‍ ജറുസേലമിനെ കീഴടക്കാനും പൂര്‍ണമായി അധിനിവേശം ഉറപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് പലസ്തീന്‍ ജനതക്കെതിരായി ഇസ്രായേല്‍ ആക്രമണം തുടരുന്നത്.
ജൂത കുടിയേറ്റത്തിനായി ഷെയ്ക്ക്‌ജെറായിലെ തദ്ദേശീയരായ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പലസ്തീന്‍കാരുടെ പ്രതിഷേധവും ചെറുത്തുനില്പും ശക്തമായതോടെയാണ് സയണിസ്റ്റ് ഭരണകൂടം ആക്രമണം ആരംഭിച്ചത്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പലസ്തീനികളാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. 3 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 35 ലേറെ പേര്‍ കൊല്ലപ്പെട്ടു. ഗാസാ നഗരത്തില്‍ ഇസ്രായേല്‍ നിരവധി വ്യോമാക്രമണങ്ങളാണ് നടത്തിയത്. ടെല്‍ അവീവിനും നേരെ ഹമാസ് നടത്തുന്ന പ്രതിരോധാക്രമണങ്ങളിലും നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. സ്ത്രീകളും കുട്ടികളും നിഷ്‌ക്കരുണം വധിക്കപ്പെടുകയാണ്. നൂറു കണക്കിന് പേര്‍ക്കാണ് ഗുരുതരമായ പരിക്കുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. ഈ ആക്രമണങ്ങളിലും കൂട്ടക്കൊലകളിലും ലോകം പുലര്‍ത്തുന്ന മൗനം കുറ്റകരവും ഇസ്രായേലിന്റെ ശിശുഹത്യകള്‍ക്കും പലസ്തീന് നേരെ നടക്കുന്ന അധിനിവേശത്തിനും നല്‍കുന്ന സമ്മതിയായി തീരും.
ട്രംപിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് നെതന്യാഹു ഭരണകൂടം ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് ഗതിവേഗംകൂട്ടിയത്. പലസ്തീന്‍ ഭരണാധികാരികളുടെ അഭിപ്രായങ്ങളെയും അവരുടെ മാതൃഭൂമി സംരക്ഷിക്കാനുള്ള അവകാശങ്ങളെയും വിലവെക്കാതെയാണ് ഇസ്രായേല്‍ ഭരണകൂടം ജറുസലേമില്‍ ബലം പ്രയോഗിച്ച് പലസ്തീനികളെ ഒഴിപ്പിക്കാനും തുരത്തി ഓടിക്കാനും ആരംഭിച്ചത്. അതിനെ തുടര്‍ന്നാണ് പലസ്തീന്‍ ജനതയുടെ ചെറുത്തുനില്പ് ശക്തിപ്പെട്ടത്.
ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന മണ്ണില്‍ നിന്നും പലസ്തീകളെ വെട്ടിപ്പടുത്തെറിയാനുള്ള സയണിസ്റ്റ് അധിനിവേശത്തിനെതിരായ ന്യായമായ പ്രതിരോധത്തെയാണ് ഇസ്രായേല്‍ ഭീകരതയായി ലോക സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത്! പലസ്തീന്‍ പ്രശ്‌നത്തെ മുസ്‌ലിം – ജൂത സംഘര്‍ഷമാക്കി വംശീയതയുടെ ചോരപ്പുഴയില്‍ പലസ്തീനികളെ മുക്കിക്കൊല്ലാനാണ് അമേരിക്കന്‍ പിന്തുണയോടെ സയണിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആ ഒരു ലക്ഷ്യത്തോടെയും അധിനിവേശപദ്ധതിയില്‍ നിന്നുമാണ് മുസ്‌ലിം മതവിശ്വാസികളുടെ വിശുദ്ധ മോസ്‌കുകളില്‍ മൂന്നാമത്തതായി പരിഗണിക്കുന്ന അല്‍ അഖ്‌സ പള്ളിക്ക് നേരെ ഇസ്രായേല്‍ സേന ആക്രമണമഴിച്ചുവിട്ടത്. ജൂത, ക്രിസ്തു, മുസ്‌ലിം സെമിറ്റിക് മതങ്ങള്‍ ഒരേ
ചരിത്ര സംസ്‌കാര പാരമ്പര്യത്തില്‍ നിന്നാണല്ലോ വ്യത്യസ്ത മതങ്ങളായി മനുഷ്യരാശിക്ക് മുമ്പില്‍ അവതരിച്ചത്.
1920 വരെ ജറുസലേം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ജൂതമതവിശ്വാസികളും മുസ്‌ലിം മത വിശ്വാസികളും ഒരു പോലെ പുണ്യഭൂമികളായി കരുതുന്ന പ്രദേശമാണ് ടെംപിള്‍ മൗണ്ട്. അല്‍ അഖ്‌സ പള്ളി ടെംപിള്‍ മൗണ്ടിലാണ്. ഇവിടെ തന്നെയാണ് ജൂതവിശ്വാസികള്‍ പ്രധാന തീര്‍ത്ഥാടന ഭൂമിയായി കരുതുന്ന വെസ്റ്റേണ്‍വാള്‍. സംസ്‌കാര സംഘര്‍ഷത്തിന്റെതായ രാഷ്ട്രീയ സൈനിക പ്രയോഗങ്ങളിലൂടെ പലസ്തീന്റെ മണ്ണിനെ യുദ്ധക്കളമാക്കാനും പലസ്തീനികളെ അരിഞ്ഞെറിയാനുമുള്ള സയണിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയാതെ പോകരുത്.
രാജ്യമില്ലാത്ത ജനങ്ങള്‍ക്കായി ജനതയില്ലാത്ത രാജ്യം എന്ന പെരുംനുണയുടെ വിളംബരത്തിലൂടെ പിറന്നു വീണ ഇസ്രായേല്‍ രാഷ്ട്രം സ്വാതന്ത്ര്യവും ജന്മദേശവും പലസ്തീനികള്‍ക്ക് നിഷേധിക്കുകയായിരുന്നു. 1948 ല്‍ 14 ലക്ഷത്തോളം പലസ്തീനികള്‍ അവിടെ താമസിക്കുമ്പോഴാണ് ജനതയില്ലാത്ത രാജ്യമെന്ന പെരുംനുണപ്രചരിപ്പിച്ച് പലസ്തീനികളെ തുരത്തിയത്…വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലേക്ക് ഒതുക്കിയത്… ഇപ്പോള്‍ അവിടെ നിന്ന് പലസ്തീനികളെ തുരത്തുകയാണ് സയണിസ്റ്റുകള്‍.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക