Muslim League
കോണ്‍ഗ്രസ്സുകാരേ, സംഘികളുടെ കാവിക്കൊടിയേക്കാള്‍ മഹത്വവും ദേശാഭിമാന ചരിത്രവുമുള്ളതാണാ ആ പച്ചപ്പതാക
കെ.ടി. കുഞ്ഞിക്കണ്ണന്‍
2021 Apr 04, 12:54 pm
Sunday, 4th April 2021, 6:24 pm

മുസ്‌ലിം ലീഗുമായി രാഷ്ട്രീയമായി ശക്തമായ വിയോജിപ്പും വിമര്‍ശനമുണ്ട്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പൗരത്വനിയമ ഭേദഗതിയെ വരെ അംഗീകരിച്ച് കൊടുക്കുന്ന അവരുടെ നിലപാടുകള്‍ക്കെതിരെ നിശിതമായ വിമര്‍ശനവുമുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ലീഗിന്റെ പച്ചകൊടിക്ക് തുടര്‍ച്ചയായി വിലക്ക് ഏര്‍പ്പെടുത്തുന്ന കോണ്‍ഗ്രസ് നടപടിയെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നതാണ് നിലപാട്.

അവരുടെ ചന്ദ്രകലാങ്കിതമായ പച്ചപ്പതാക രാഹുല്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന കോണ്‍ഗ്രസ് നിലപാട് ഹിന്ദുത്വ അജണ്ടയില്‍ കിടന്നുള്ള അപകടകരമായ രാഷ്ട്രീയക്കളിയാണ്. സംഘപരിപാറിന് വഴങ്ങുന്ന ഹിന്ദുത്വ അജണ്ടയുടെ കുറ്റകരമായ നീക്കമാണിതെന്ന് മനസ്സിലാക്കണം.

ബ്രിട്ടീഷുകാരുടെ കാല് നക്കി നടന്ന സംഘികള്‍ വടക്കേന്ത്യയില്‍ നടത്താനിടയുള്ള പ്രചരണം ഭയന്നാണ് പോലും പച്ചപ്പതാകക്ക് രാഹുല്‍ പരിപാടികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. പാര്‍ലിമെന്റ് തെരഞ്ഞടുപ്പ് കാലത്ത് രാഹൂലിന്റെ പ്രചരണത്തിന് പാക്കിസ്ഥാന്‍ പതാകയാണ് ഉപയോഗിക്കുന്നതെന്ന സംഘി പ്രചരണത്തിന് വഴങ്ങിയാണ് ഇപ്പോഴും പച്ചക്കൊടിക്ക് വയനാട്ടില്‍ വിലക്ക് തുടരുന്നത്!

എന്റെ കോണ്‍ഗ്രസുകാരെ, ബ്രിട്ടീഷുകാരുടെ ആസനം തുടച്ച് നടന്ന സംഘികളുടെ കാവിക്കൊടിയെക്കാള്‍ മഹത്വവും ദേശാഭിമാന ചരിത്രവുമുള്ളതാണാ ആ പച്ചപ്പതാകയെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ത്രിവര്‍ണ്ണപ്പതാകയോടും ചെങ്കൊടിയോടും ചേര്‍ത്ത് സ്വാതന്ത്ര്യ സമരപ്പോരാളികള്‍ ഉയര്‍ത്തിപ്പിടിച്ച പതാകകളില്‍ ആ പച്ചക്കൊടിയുമുണ്ടായിരുന്നു.

റോയല്‍ നേവി കലാപകാരികള്‍ വരെ ത്രിവര്‍ണ്ണപതാകയോടും ചെമ്പതാകയോടുമൊപ്പം ആ പച്ചക്കൊടിയും ഉയര്‍ത്തിയാണ് നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയത്. ചരിത്രബോധം നഷ്ടപ്പെട്ട് സംഘികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന കോണ്‍ഗ്രസ്സുകാരോട് പച്ചപ്പതാകയുടെ ചരിത്രം പറയാന്‍ ആത്മാഭിമാനള്ള ആരും ലീഗിലില്ലാതെ പോയല്ലോ എന്ന ഖേദത്തിനൊന്നും കാര്യമില്ലെന്നറിയാം.

‘കോണ്‍ഗ്രസുകാരെ പോലെ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണ’മെന്ന മനോനിലയിലാണല്ലോ ലീഗുകാരും! എന്തു ചെയ്യാം.

മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ ഭാഗമാണല്ലോ. മാനന്തവാടിയിലെ സ്ഥാനാര്‍ത്ഥി യു.ഡി.എഫിന് വേണ്ടിയാണല്ലോ മത്സരിക്കുന്നത്. രാഹുല്‍ഗാന്ധി മാനന്തവാടിയില്‍ വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനുമാണല്ലോ. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി ഹറാമാകുന്നത് എന്ന് ലീഗുകാരാലോചിക്കേണ്ടതല്ലേ?

എന്തുകൊണ്ടാണ് ആത്മാഭിമാനമുള്ള മുസ്‌ലിം ലീഗുകാര്‍ക്ക് അങ്ങനെയൊന്നും ചിന്തിക്കാനും പ്രതികരിക്കാനുമാവാഞ്ഞത്. സ്വന്തം പ്രസ്ഥാനത്തിന്റെ കൊടിയുമായി മാനന്തവാടിയില്‍ എത്തി അതൊന്ന് ആത്മാഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാതെ തലതാഴ്ത്തിപ്പിടിച്ച് നില്‍ക്കേണ്ടി വന്ന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരുടെ അവസ്ഥയെ കുറിച്ച് ലീഗിലെ ആത്മാഭിമാനമുള്ളവര്‍ സ്വസ്ഥമായിരുന്ന് ചിന്തിക്കട്ടെ.

മാനന്തവാടിയില്‍ ആര്‍.എസ്.എസുമായി വോട്ടു പറഞ്ഞ് ഉറപ്പിച്ചിരിക്കുന്നവര്‍ക്കാണോ മുസ്‌ലിം ലീഗിന്റെ കൊടി ഹറാമാകുന്നതതെന്ന് തന്നെയാണ് ചോദ്യം? അതല്ല രാഹുല്‍ ഗാന്ധിക്ക് തന്നെയാണോ ലീഗ് കൊടി ഹറാമായത്. പച്ചക്കൊടി മതനിരപേക്ഷതയുടെ ചിഹ്നമല്ലെന്ന് കരുതുന്ന കോണ്‍ഗ്രസുകാരില്‍ ഇനിയും പ്രതീക്ഷ വെക്കണമോയെന്നൊന്നും മുസ്‌ലിം ലീഗ് നേതാക്കളോട് ചോദിക്കുന്നില്ല. പക്ഷെ, സാധാരണ ലീഗ് പ്രവര്‍ത്തകര്‍ ഇതൊക്കെയൊന്ന് ആലോചിക്കണം. മോഡിയെയും അമിത് ഷായെയും അഡ്ജസ്റ്റ് ചെയ്യുന്ന കോണ്‍ഗ്രസ് രാഷ്ടീയത്തിന് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.

Content Highlight: K.T. Kunhikkannan writes about Muslim League

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍