| Wednesday, 21st April 2021, 11:58 am

നോമ്പുകാലത്തെ മലപ്പുറം, സത്യമെന്ത്, വിദ്വേഷങ്ങള്‍ക്ക് പിന്നിലാര്?

കെ.ടി. കുഞ്ഞിക്കണ്ണന്‍

കേരളത്തിലെ ഏറ്റവും മതനിരപേക്ഷവും സൗഹാര്‍ദപൂര്‍ണവുമായ മനുഷ്യബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. ഇതെഴുതുന്നയാള്‍ 1980 മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലമ്പൂര്‍ മുതല്‍ എടപ്പാള്‍ വരെയുള്ള മലപ്പുറം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും അലഞ്ഞിട്ടുണ്ട്. ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. നോമ്പുകാലങ്ങളില്‍ എത്രയോ മുസ്‌ലിം വീടുകളില്‍ താമസിച്ചിട്ടുണ്ട്.

മലപ്പുറം നഗരത്തില്‍ എത്രയോ നോമ്പുകാലങ്ങളില്‍ പോയിട്ടുണ്ട്. ഒരിക്കല്‍ പോലും എവിടെയെങ്കിലും എനിക്ക് ഭക്ഷണ നിരോധനമുള്ളതായി അനുഭവപ്പെട്ടിട്ടില്ല. നോമ്പുകാലത്ത് മറ്റു മത വിശ്വാസികള്‍ക്ക് ഭക്ഷണം നിഷേധിക്കുന്ന ഒരവസ്ഥയും മലപ്പുറത്തില്ല. ഇസ്‌ലാം അതനുവദിക്കുന്നില്ലായെന്ന് നല്ല ബോധ്യമുള്ളവരാണ് മലപ്പുറത്തെ മുസ്‌ലിം മതവിശ്വാസികള്‍.

1990കളുടെ ആദ്യം ചില തീവ്രവാദ ഗ്രൂപ്പുകള്‍ നോമ്പുകാലത്ത് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ചില നീക്കങ്ങള്‍ നടത്തിയപ്പോള്‍ മലപ്പുറത്തെ മത വിശ്വാസികള്‍ ഉള്‍പ്പെട്ട മതനിരപേക്ഷ ശക്തികളാണ് അതിനെ തടഞ്ഞതും അത്തരം വിഭാഗങ്ങളെ ഒറ്റപ്പെടുത്തിയതും. ആര്‍.എസ്.എസുകാര്‍ തങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയ അജണ്ടക്കാവശ്യമായ രീതിയില്‍ മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറം ജില്ലയെ കുറിച്ചുള്ള നുണക്കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ശീലമാക്കിയവരാണല്ലോ.

പി.എസ്.സി പരീക്ഷക്ക് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ ഏതോ ഒരു കമ്യുണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ് എന്ന പേരില്‍ ജനം ടി.വി. നടത്തുന്ന വിദ്വേഷ പ്രചരണം അവരുടെ വര്‍ഗീയ അജണ്ടയുടെ വിഷം ചീറ്റലാണെന്ന് എല്ലാവര്‍ക്കും മനസ്സിലാവും. എല്ലാവിധ വര്‍ഗീയ, മത തീവ്രവാദ ഭീഷണികളെയും സ്വാധീനങ്ങളെയും അതിജീവിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യമാണ് മലപ്പുറത്തിന്റേത്.

ഇനി നോമ്പുകാലത്ത് മലപ്പുറത്ത് എത്രയോ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ആ നഗരത്തില്‍ ചെന്നിട്ടുള്ള ആര്‍ക്കാണ് അറിയാത്തത്.
മലപ്പുറം സിവില്‍ സ്റ്റേഷനടുത്ത് പ്രശാന്ത് ഹോട്ടല്‍, സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിനടുത്തുള്ള ഹോട്ടല്‍, മനോരമ ഓഫീസിനടുത്തുള്ള ഹോട്ടല്‍, കോട്ടപ്പടിയിലെ 3 ഹോട്ടലുകള്‍, ബൈപാസിലുള്ള ഹോട്ടലുകള്‍…

മലപ്പുറവും പഴയ മലബാറും കൊളോണിയല്‍ വിരുദ്ധ ദേശീയബോധം കൊണ്ട് ഒരു ജനതയുടെ ആത്മാഭിമാനത്തെ ഉണര്‍ത്തിയ വെളിയങ്കോട് ഉമ്മര്‍ഖാസിയുടെയും മമ്പുറം തങ്ങന്മാരുടെയും നാടാണ്. ആലി മുസ്‌ലിയാരുടെയും വാരിയംകുന്നന്റെയും എം.പി. നാരായണ മേനോന്റെയും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെയും പോരാട്ട ചരിത്രവുമായി ചേര്‍ന്നു കിടക്കുന്ന ജീവിതസംസ്‌കാരമാണ് മലപ്പുറത്തിന്റേത്.

മലപ്പുറത്തെ പറ്റിയുള്ള മുന്‍വിധികളും വിദ്വേഷ പ്രചരണവും ചരിത്രപരമാണ്. ഫ്യൂഡല്‍കൊളോണിയല്‍ കാലഘട്ടത്തോളം വേരുകളുള്ളതാണ്.
സവര്‍ണ ജാതി ജന്മിത്വത്തിനും കൊളോണിയല്‍ മേധാവിത്വത്തിനുമെതിരെ പൊരുതിനിന്ന മാപ്പിള കുടിയാന്മാരെയും അവരുടെ വിശ്വാസങ്ങളെയും ഇകഴ്ത്തികെട്ടാനും ഹിന്ദു വിരുദ്ധമാക്കാനുമുള്ള ആസൂത്രിതമായ പ്രചാരവേലകളാരംഭിച്ചത് ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥരും പോലിസ് മേധാവികളുമായിരുന്നു.

മലബാര്‍ വിപ്ലവത്തെ ഹിന്ദുവിരുദ്ധ കലാപമായി ബ്രിട്ടിഷുകാരോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സിലെ സവര്‍ണലോബിയും ചിത്രീകരിക്കുകയായിരുന്നു. മലബാറിലെ കുടിയാന്‍ സമരങ്ങളെ മാപ്പിളസ്ഥാന് വേണ്ടിയുള്ള ഹിന്ദു വിരുദ്ധകലാപങ്ങളായി പ്രത്യയശാസ്ത്രവല്‍ക്കരിച്ച ദാശരഥിമാരുടെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തതും അതൊരു കുട്ടി പാക്കിസ്ഥാസ്ഥാനാവുമെന്ന് വിലപിച്ചതും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.T. Kunhikkannan Writes about Malappuram and Ramadan

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more