നയപരമായ പാപ്പരത്തവും അധികാരക്കൊതിയും സൃഷ്ടിച്ച ജീര്‍ണതയാണ് ബി.ജെ.പിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റ പ്രതിരോധ ഘടനയെ തകര്‍ത്തതെന്ന് ഒരു വേള കനയ്യയും മേവാനിയും ചിന്തിച്ചു നോക്കിയോ എന്തോ? രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ചോദിക്കാനുണ്ടാവുക കോണ്‍ഗ്രസിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി വൈറസിനെ പ്രതിരോധിക്കാന്‍ കനയ്യകുമാറിനും ജിഗ്നേഷ് മേവാനിക്കുമാകുമോയെന്ന് തന്നെയാണ്.
ബി.ജെ.പി വൈറസ് വ്യാപനത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള വാക്സിന്‍ മരുന്നാണോ ഈ കനയ്യകുമാറും മേവാനിയും. രാഹുല്‍ഗാന്ധി കടുത്ത ഹിന്ദുത്വ വിരുദ്ധരെ കോണ്‍ഗ്രസ് ശരീരത്തില്‍ കടത്തിവിട്ട് കോണ്‍ഗ്രസിന് ഹിന്ദുത്വാക്രമണത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാനുള്ള പരീക്ഷണത്തിലാണോ. അങ്ങനെയും ചിന്തിക്കാമല്ലോ.
അമിത്ഷായുടെ ഓപ്പറേഷന്‍ ലോട്ടസുകളുടെ പ്രലോഭനങ്ങളില്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന സഹപ്രവര്‍ത്തകരെയും മുതിര്‍ന്ന നേതാക്കളെയും പിടിച്ചു നിര്‍ത്താനാവാത്ത രാഹുല്‍ കോണ്‍ഗ്രസിനെ പിടികൂടിയിരിക്കുന്ന മാരക വൈറസുകളെ പ്രതിരോധിക്കാനുള്ള ചൊട്ടു ചികിത്സകളിലാണോ. ഉന്നതനേതാക്കള്‍ കളം വിടുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ നയപരമായ പാപ്പരത്തം കൂടിയാണെന്ന് രാഹുല്‍ തിരിച്ചറിയുന്നുണ്ടോ.
കനയ്യ കുമാർ
നയപരമായ പാപ്പരത്തവും അധികാരക്കൊതിയും സൃഷ്ടിച്ച ജീര്‍ണതയാണ് ബി.ജെ.പിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റ പ്രതിരോധ ഘടനയെ തകര്‍ത്തതെന്ന് ഒരു വേള കനയ്യയും മേവാനിയും ചിന്തിച്ചു നോക്കിയോ എന്തോ?
രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ചോദിക്കാനുണ്ടാവുക കോണ്‍ഗ്രസിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി വൈറസിനെ പ്രതിരോധിക്കാന്‍ കനയ്യകുമാറിനും ജിഗ്നേഷ് മേവാനിക്കുമാകുമോയെന്ന് തന്നെയാണ്.
ജിഗ്നേഷ് മേവാനി
കോണ്‍ഗ്രസിലെ നേതാക്കള്‍ ഒന്നൊന്നായി ബി.ജെ.പിയിലേക്ക് ചേക്കറുകയും കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ ബി.ജെ.പിയുടേതായി മാറികൊണ്ടിരിക്കുന്നതുമാണ് കഴിഞ്ഞ ഒരു ദശകാലത്തോളമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. യു.പി. ഉള്‍പ്പെടെ ഇന്ത്യയുടെ ഹൃദയഭൂമികളില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തത് കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിക്കാരാക്കി മാറ്റിയാണ്. യു.പിയിലെ റീത്ത ബഹുഗുണ മുതല്‍ കര്‍ണാടകയിലെ എസ്.എം. കൃഷ്ണ വരെ. 2015 വരെ കോണ്‍ഗ്രസുകാരനായിരുന്ന ഹിമന്ത് ബിസ്വ സര്‍മയെ ഹിന്ദുത്വത്തില്‍ ജ്ഞാനസ്നാനം ചെയ്ത് എടുത്താണല്ലോ അമിത് ഷാ ഇപ്പോള്‍ അസമില്‍ ന്യൂനപക്ഷ വേട്ടയാരംഭിച്ചിരിക്കുന്നത്.
2014ല്‍ ദേശീയാധികാരത്തിലെത്തിയ ബി.ജെ.പി യെ നയപരമായി നേരിടുന്നതില്‍ പാര്‍ലിമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്‍.ഐ.എ – യു.എ.പി.എ നിയമ ഭേദഗതി, മുത്തലാഖ് നിരോധന നിയമം, തൊഴില്‍ നിയമ ഭേദഗതി, വാഹന നിയമ ഭേദഗതി, തുടങ്ങി ഒട്ടനവധി നിയമ ഭേദഗതി ബില്ലുകള്‍ക്ക് ബി.ജെ.പിക്കൊപ്പം വോട്ടു ചെയ്തു.
കശ്മീരിന്റ പ്രത്യേക പദവി എടുത്തു കളഞ്ഞ രാഷ്ട്രപതിയുടെ വിജ്ഞാപന പ്രമേയം വോട്ടിനിടണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടപ്പോള്‍ അമിത് ഷാക്കൊപ്പം നിന്ന് വോട്ടെടുപ്പ് വേണ്ടന്ന നിലപാടാണല്ലോ കോണ്‍ഗ്രസും സ്വീകരിച്ചത്. രാമക്ഷേത്രവിധിയോട് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തോടും ഹിന്ദുത്വ നിലപാട് സ്വീകരിച്ചു.
കമല്‍നാഥും പ്രിയങ്കയും വെള്ളി ശാലകള്‍ നല്‍കി ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികളില്‍ പാര്‍ലിമെന്റിനകത്തും പുറത്തും നടന്ന സമരങ്ങളില്‍ കോണ്‍ഗ്രസ് കാര്യമായൊരു മുന്‍ കൈ കാണിച്ചില്ല. ബി.ജെ.പി സര്‍ക്കാറിനെതിരെ ഒറ്റപെട്ട പ്രതികരണങ്ങള്‍ക്കപ്പുറം ഒരൊറ്റ വിഷയത്തിലും ഒരു ദേശീയ പ്രക്ഷോഭം പോലും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് ഈ 7 വര്‍ഷത്തിനകം ഉയര്‍ത്തി കൊണ്ടുവരാനായില്ല.
സാമ്പത്തിക നയത്തിലെന്ന പോലെ ഹിന്ദുത്വ അജണ്ടയിലും കോണ്‍ഗ്രസിന് ശക്തമായൊരു നിലപാട് ബി.ജെ.പിക്കെതിരെ സ്വീകരിക്കാന്‍ കഴിയുന്നില്ലായെന്നതാണ് പ്രശ്നം. നയപരമായ പ്രശ്നമാണത്.
കനയ്യകുമാറും മേവാനിയും ഈ നയപരമായ പാപ്പരത്വത്തില്‍ നിന്നും കോണ്‍ഗ്രസിനെ മാറ്റിയെടുക്കാന്‍ കഴിയുന്ന ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നവരാണോ?