| Tuesday, 4th October 2016, 5:46 pm

യുദ്ധോത്സുകതയുടെ സംസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ഗീയതപോലെ തന്നെ അതിരുകടക്കുന്ന ദേശീയതയും അപകടകരമാണ്. അത് ക്രൂരതയെ ജീവിതമൂല്യമാക്കുന്ന യുദ്ധോത്സുകമായ ഒരു സംസ്‌കാരത്തിനാണ് പരിസരം ഒരുക്കുക.


പാക്ക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്‍ അനിവാര്യവും ഒഴിവാക്കാനാവാത്തതുമായിരിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ 200 തവണയാണ് അതിര്‍ത്തിയില്‍ അക്രമങ്ങള്‍ നടത്തിയത്. 186 ഇന്ത്യന്‍ സൈനികരാണ് നിഷ്ഠൂരമായി വധിക്കപ്പെട്ടത്.

പത്താന്‍കോട്ടും ഏറ്റവുമൊടുവില്‍ ഉറിയിലും നടന്ന അക്രമങ്ങള്‍ ഇന്ത്യയുടെ രാജ്യരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും ഭീകരവാദികളുടെ കാശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും ഇന്ത്യക്ക് തടയാന്‍ കഴിഞ്ഞില്ല എന്നത് വലിയ പ്രതിഷേധം ഉയര്‍ത്തിയതാണ്. അത് നമ്മുടെ രാജ്യരക്ഷാ നയത്തിലെ മാപ്പര്‍ഹിക്കാത്ത പാളിച്ചകളുമാണ്.

ഇപ്പോള്‍ ഭീകരവാദികള്‍ക്ക് ഇന്ത്യ നല്‍കിയിരിക്കുന്ന ശക്തമായ തിരിച്ചടി ഇന്ത്യയുടെ രാജ്യരക്ഷാപരമായ ഒരു പ്രതിരോധ തന്ത്രമെന്ന നിലക്കാണ് സി.പി.ഐ(എം) ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ സ്വാഗതം ചെയ്തിട്ടുള്ളത്. പാക്ക് അധീന കാശ്മീര്‍ കേന്ദ്രമായി ഇന്ത്യക്കെതിരായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഭീകരവാദികളുടെ നീക്കങ്ങളെ തടയുക എന്നതാണ് ഈ നീക്കങ്ങളുടെ ലക്ഷ്യം.

അതിന് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കുകയും വേണം. ഈയൊരു സാഹചര്യത്തില്‍ യുദ്ധോത്സുകത വളര്‍ത്താനും സങ്കുചിത ദേശീയവികാരങ്ങള്‍ കുത്തിപ്പൊക്കാനുമുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അങ്ങേയറ്റം അപലപനീയമാണ്.

വര്‍ഗീയതപോലെ തന്നെ അതിരുകടക്കുന്ന ദേശീയതയും അപകടകരമാണ്. അത് ക്രൂരതയെ ജീവിതമൂല്യമാക്കുന്ന യുദ്ധോത്സുകമായ ഒരു സംസ്‌കാരത്തിനാണ് പരിസരം ഒരുക്കുക. പാക്ക് അധീന കാശ്മീരിലെ 8 കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷനില്‍ ജീവന്‍ നഷ്ടപ്പെട്ടത് 38 ഭീകരന്മാര്‍ക്കാണ്.

നമ്മുടെ നവമാധ്യമങ്ങളില്‍ ഭീകരരുടെ പൊട്ടിപ്പിളര്‍ന്നുകിടക്കുന്ന മൃതദേഹങ്ങളുടെ ബീഭത്സ ചിത്രങ്ങള്‍ വിജയാഹ്ലാദമനോഭാവത്തോടെ പലരും പ്രചരിപ്പിക്കുകയുണ്ടായി. ഇതങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്. പത്താന്‍കോട്ടും ഉറിയിലുമെല്ലാം ഭീകരാക്രമണം നടത്തിയവരുടെ മനോഭാവം തന്നെയാണ് ഇത്തരം ആളുകളും പ്രകടിപ്പിക്കുന്നത്.


നമ്മുടെ നവമാധ്യമങ്ങളില്‍ ഭീകരരുടെ പൊട്ടിപ്പിളര്‍ന്നുകിടക്കുന്ന മൃതദേഹങ്ങളുടെ ബീഭത്സ ചിത്രങ്ങള്‍ വിജയാഹ്ലാദമനോഭാവത്തോടെ പലരും പ്രചരിപ്പിക്കുകയുണ്ടായി. ഇതങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്. പത്താന്‍കോട്ടും ഉറിയിലുമെല്ലാം ഭീകരാക്രമണം നടത്തിയവരുടെ മനോഭാവം തന്നെയാണ് ഇത്തരം ആളുകളും പ്രകടിപ്പിക്കുന്നത്.



യുദ്ധവും മരണവുമെല്ലാം വിജയമായി ആഘോഷിക്കുന്ന ഒരു സംസ്‌കാരം ഫാസിസത്തിന്റേതാണ്. ഫാസിസത്തിന്റെ അധികാരനിര്‍മ്മാണ വാസ്തുശില്പികളാണ് ക്രൂരതയെ ആഘോഷിക്കുന്നവരെന്ന കാര്യം നാം വിസ്മരിച്ചുകളയരുത്. ഭീകരവാദത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നതാവണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം.

പത്താന്‍കോട്ടും ഉറിയും പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാവണം നമ്മുടെ ഭീകരവാദികള്‍ക്കെതിരായിട്ടുള്ള നടപടികളുടെ ലക്ഷ്യം. അതൊരിക്കലും പാക്കിസ്ഥാനുമയുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കോ യുദ്ധസാഹചര്യത്തിലേക്കോ കാര്യങ്ങളെ എത്തിക്കാന്‍ പാടില്ല.

യുദ്ധം ഒന്നിനും പരിഹാരമെല്ലന്നാണ് ചരിത്രാനുഭവങ്ങള്‍ കാണിക്കുന്നത്. യുദ്ധം നിരപരാധികളായ മനുഷ്യരുടെ ജീവനും നിലനില്‍പിന്റെ അവലംബങ്ങളും നഷ്ടപ്പെടുത്തുന്ന, രാഷ്ട്രങ്ങളുടെ സമ്പത്ത് ആയുധ വ്യവസായ കുത്തകകള്‍ക്ക് ചോര്‍ത്തിക്കൊണ്ടുപോകാന്‍ അവസരം സൃഷ്ടിക്കുന്ന വിനാശകരമായൊരു നീക്കം മാത്രമായിരിക്കും.


ഇപ്പോള്‍ റഷ്യയും ചൈനയുമെല്ലാം വളഞ്ഞുപിടിക്കാനുള്ള തന്ത്രങ്ങളാണ് അമേരിക്കന്‍ പെന്റഗണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കഴുകന്‍ കണ്ണുകളുമായി റഷ്യക്കുചുറ്റും ആയുധങ്ങളും സൈന്യവും വിന്യസിച്ച് ഒരാണവ യുദ്ധത്തിനുതന്നെയുള്ള പുറപ്പാടിലാണ് അമേരിക്കയെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.


ലോകം ദര്‍ശിച്ച മഹായുദ്ധങ്ങളില്‍ മനുഷ്യവംശത്തിന് പറഞ്ഞറിയിക്കാനാകാത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഹിരോഷിമയും നാഗസാക്കിയും തലമുറകളിലേക്ക് അര്‍ബുദവും ജനിതക വൈകല്യങ്ങളും കൈമാറുകയാണല്ലോ. വിരാമമില്ലാത്ത ദുരിതങ്ങള്‍.

ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങള്‍, ഇസ്രാഈല്‍-ഫലസ്തീന്‍ യുദ്ധങ്ങള്‍, സിറിയന്‍ യുദ്ധങ്ങള്‍, 1962-ലെ ഇന്ത്യാ-ചൈന യുദ്ധം, 1970-ലെ ഇന്ത്യാ-പാക്ക് യുദ്ധം, 1999-ലെ കാര്‍ഗില്‍ യുദ്ധം ഇതെല്ലാം രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും നാശങ്ങള്‍ മാത്രമെ നല്‍കിയിട്ടുള്ളൂ. യുദ്ധം ഒന്നും സൃഷ്ടിക്കുന്നില്ല. അത് മനുഷ്യപുരോഗതിയെയും സംസ്‌കാരത്തെയും തകര്‍ക്കുകയാണ്. യുദ്ധത്തിന്റെ സാമ്പത്തികശാസ്ത്രം നാശത്തിന്റേതാണ് (Economics of detsruction).

കൊളോണിയല്‍ ശക്തികള്‍ പുരോഗതിയെന്നാല്‍ യുദ്ധമാണെന്ന (War is prospertiy) പ്രമാണത്തെ മുറുകെ പിടിച്ചവരായിരുന്നു. ആധുനിക മുതലാളിത്തത്തിന്റെ കോളനിവല്‍ക്കരണ പ്രക്രിയ യുദ്ധത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങളിലൂടെയാണ് നിര്‍വഹിക്കപ്പെട്ടത്.
യുദ്ധം മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ഒരു സമ്പദ്ശാസ്ത്ര പ്രവര്‍ത്തനം തന്നെയാണ്. സാമ്പത്തിക വിപുലനവും സാമ്രാജ്യത്വ വികസനവുമാണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ പിറകില്‍ പ്രവര്‍ത്തിച്ചത്.

രണ്ടാംലോകമഹായുദ്ധത്തില്‍ 70 ദശലക്ഷം മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നഗരങ്ങള്‍, ജനപഥങ്ങള്‍, തുറമുഖങ്ങള്‍, ഹൈവേകള്‍, റെയില്‍പാലങ്ങള്‍, ടെലിഫോണ്‍ സംവിധാനങ്ങള്‍, വ്യവസായശാലകള്‍, എല്ലാം തകര്‍ക്കപ്പെടുകയായിരുന്നു.

1945-നുശേഷമുള്ള ശീതയുദ്ധകാലത്തെ അധിനിവേശ പ്രവണത ഏറ്റവും ശക്തമായത് 1970-കളിലായിരുന്നല്ലോ. തങ്ങളുടെ മൂലധനവിപണിയെ സൃഷ്ടിക്കാനും ലോകജനസമൂഹത്തിനവകാശപ്പെട്ട വിഭവങ്ങള്‍ കൈയടക്കാനുമാണ് ചെറുതും വലുതുമായ എത്രയോ യുദ്ധങ്ങള്‍ ഇക്കാലത്ത് അമേരിക്ക അഴിച്ചുവിട്ടത്.

ഒരര്‍ത്ഥത്തില്‍ സാമ്രാജ്യത്വസമ്പദ്ഘടനയെന്നത് യുദ്ധോന്മുഖ സമ്പദ്ഘടനയാണ്. സാമ്രാജ്യത്വമെന്നാല്‍ യുദ്ധമെന്നാണ് ലെനിന്‍ വിലയിരുത്തിയിട്ടുള്ളത്. പുരോഗതിയെയും വികസനത്തെയും സമാധാനത്തെയുമെല്ലാം സംബന്ധിച്ച ആഗോള ഉച്ചകോടികള്‍ക്കും വാചകമടികള്‍ക്കും ഇടയില്‍ തന്നെയാണ് യുദ്ധോന്മുഖമായ സമ്പദ്ഘടനയും ശാസ്ത്രഗവേഷണപ്രവര്‍ത്തനങ്ങളും സൈനികവല്‍ക്കരണവും അമേരിക്ക മുന്നോട്ടുകൊണ്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്.


ലോകം ദര്‍ശിച്ച മഹായുദ്ധങ്ങളില്‍ മനുഷ്യവംശത്തിന് പറഞ്ഞറിയിക്കാനാകാത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഹിരോഷിമയും നാഗസാക്കിയും തലമുറകളിലേക്ക് അര്‍ബുദവും ജനിതക വൈകല്യങ്ങളും കൈമാറുകയാണല്ലോ. വിരാമമില്ലാത്ത ദുരിതങ്ങള്‍.



ചോംസ്‌കി ചൂണ്ടിക്കാണിക്കുന്നതുപോലെ മുതലാളിത്ത രാജ്യങ്ങളിലെ വിശിഷ്യാ അമേരിക്കയിലെ ശാസ്ത്രഗവേഷണത്തിന്റെ 90%-വും പ്രധാനമായും സൈനിക ലക്ഷ്യത്തോടെ നടത്തപ്പെടുന്നതാണ് (Noam Chomsky, The failed state). എറോസ്‌പേസ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് എഞ്ചിനീയറിംഗ്, രാസവ്യവസായം തുടങ്ങി എല്ലാ മേഖലകളിലെയും ഗവേഷണങ്ങള്‍ യുദ്ധവ്യവസായവുമായി ബന്ധപ്പെട്ടാണ് നടന്നിട്ടുള്ളത്.

യു.എസ് ഗവണ്‍മെന്റ് ശൂന്യാകാശ ഗവേഷണങ്ങള്‍ക്കായി ഓരോ വര്‍ഷവും ബില്യണ്‍ കണക്കിന് ഡോളറുകള്‍ ആണ് ചെലവഴിക്കുന്നത്. സൈനിക താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് കൊട്ടിഘോഷിക്കപ്പെടുന്ന വിവരവിപ്ലവം പോലും നടന്നിട്ടുള്ളത്. ബാലിസ്റ്റിക് മിസൈലുകളുടെയും റഡാര്‍ സംവിധാനങ്ങളുടേയുമെല്ലാം ഗവേഷണവികസനാവശ്യങ്ങളുമായി ബന്ധപ്പെട്ടാണല്ലോ ടെലിമാറ്റിക്‌സിന്റെയും ഇന്റര്‍നെറ്റിന്റെയും വികസനം.

അമേരിക്കയിലും ലോക രാജ്യങ്ങളില്‍ പൊതുവെയും സൈനിക ചെലവ് വര്‍ദ്ധിച്ചുവരുന്നു. ഇത് അമേരിക്കയുടെ മിലിട്ടറി-ഇന്‍ഡസ്ട്രിയല്‍-പാര്‍ലമെന്ററി കോംപ്ലക്‌സുമായി ബന്ധപ്പെട്ടാണ് പരിശോധിക്കപ്പെടേണ്ടത്. തങ്ങളുടെ യുദ്ധവ്യവസായവും അധിനിവേശ താല്‍പ്പര്യവുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും യുദ്ധോത്സുകത അമേരിക്ക വളര്‍ത്തിയെടുക്കുന്നത്.


പുരോഗതിയെയും വികസനത്തെയും സമാധാനത്തെയുമെല്ലാം സംബന്ധിച്ച ആഗോള ഉച്ചകോടികള്‍ക്കും വാചകമടികള്‍ക്കും ഇടയില്‍ തന്നെയാണ് യുദ്ധോന്മുഖമായ സമ്പദ്ഘടനയും ശാസ്ത്രഗവേഷണപ്രവര്‍ത്തനങ്ങളും സൈനികവല്‍ക്കരണവും അമേരിക്ക മുന്നോട്ടുകൊണ്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്.


സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയും യെമനിലെയും അഫ്ഗാനിസ്ഥാനിലെയും ലെബനനിലെയും സമകാലീന സംഭവങ്ങള്‍ സാമ്രാജ്യത്വം വളര്‍ത്തിയെടുക്കുന്ന യുദ്ധോത്സുകതയുടെ രക്തപങ്കിലമായ പ്രതിഫലനങ്ങളാണ്. ഉക്രൈന്‍ സംഭവവും ഐ.എസിനെ ഉപയോഗിച്ച് സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നടത്തിയ അട്ടിമറി ശ്രമങ്ങളും അമേരിക്കയുടെ ആധിപത്യമോഹങ്ങളുടെ ഫലമായിരുന്നു.

ഇപ്പോള്‍ റഷ്യയും ചൈനയുമെല്ലാം വളഞ്ഞുപിടിക്കാനുള്ള തന്ത്രങ്ങളാണ് അമേരിക്കന്‍ പെന്റഗണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കഴുകന്‍ കണ്ണുകളുമായി റഷ്യക്കുചുറ്റും ആയുധങ്ങളും സൈന്യവും വിന്യസിച്ച് ഒരാണവ യുദ്ധത്തിനുതന്നെയുള്ള പുറപ്പാടിലാണ് അമേരിക്കയെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ചൈനാ കടലില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തി ചൈനയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കാനും സംഘര്‍ഷങ്ങളിലൂടെ ഏഷ്യന്‍ മേഖലയില്‍ കാലുറപ്പിക്കാനുമുള്ള നീക്കമാണ് യു.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പരാജയപ്പെട്ടുപോയ പഴയ ഏഷ്യന്‍ നാറ്റോ എന്ന അമേരിക്കയുടെ സൈനിക മുന്നണി സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള നീക്കങ്ങളുടെ കൂടി പൊതുപശ്ചാത്തലത്തില്‍ നിന്നുവേണം ഇന്നത്തെ യുദ്ധോത്സുക നീക്കങ്ങളെ കാണാന്‍.

സോവിയറ്റ് യൂണിയന്റെ തിരോധാനവും ചേരിചേരാ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്ന സാഹചര്യവും അമേരിക്കയുടെ എഷ്യന്‍ നീക്കങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാക്കിസ്ഥാനെന്നും അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച രാജ്യമാണല്ലോ.

കാശ്മീര്‍ പ്രശ്‌നം കൊളോണിയല്‍ ഭരണത്തിന്റെ സൃഷ്ടിയാണ്. ഇന്നത് അപരിഹാര്യമായി തുടരുന്നത് അമേരിക്കയുടെ ഏഷ്യാപെസഫിക്കിലെ താല്‍പ്പര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ്. നവാസ് ഷെരീഫും നരേന്ദ്ര മോദിയുമെല്ലാം അമേരിക്കന്‍ കളത്തിലെ കരുക്കളാണെന്ന കാര്യവും നാം മറന്നുപോകരുത്.

ഭീകരവാദികളില്‍ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനാവശ്യമായ സൈനിക നീക്കങ്ങളോടൊപ്പം ഈ മേഖലയിലെ സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമകരമായ നയതന്ത്രപരമായ നീക്കങ്ങള്‍ തുടരേണ്ടതുണ്ട്. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയും താല്‍ക്കാലിക കയ്യടികള്‍ക്കുവേണ്ടിയും നടത്തുന്ന വികാരപരമായ നീക്കങ്ങള്‍ക്ക് വില കൊടുക്കേണ്ടിവരിക ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളായിരിക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടതുപോലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നയതന്ത്രനീക്കങ്ങള്‍ക്ക് വേഗത കൂട്ടണം.

We use cookies to give you the best possible experience. Learn more