തലശേരി: യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ടി.കെ രജീഷില്‍ നിന്നും ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച്.[]
കേസിലേക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ടി.കെ. രജീഷില്‍നിന്നു ലഭിച്ചിട്ടുള്ളതായും കേസന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും അന്വേഷണസംഘ തലവന്‍ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി എ.പി. ഷൗക്കത്തലി പറഞ്ഞു.
ജയിലധികൃതരുടെ സാന്നിധ്യത്തില്‍ തന്നെയാണ് രജീഷിനെ ചോദ്യം ചെയ്തത്. പ്രതിയുടെ അവകാശങ്ങള്‍ സംരക്ഷിച്ചുതന്നെയാണ് ചോദ്യം ചെയ്തതെന്നും ഷൗക്കത്തലി പറഞ്ഞു.
അതേസമയം, കോടതി ഉത്തരവ് ലംഘിച്ചാണ് ക്രൈബ്രാഞ്ച്് സംഘം രജീഷിനെ ചോദ്യം ചെയ്തതെന്നും ഇക്കാര്യം കോടതി ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും രജീഷിന്റെ അഭിഭാഷകനായ അഡ്വ. അജിത്ത് പറഞ്ഞു.
ജയില്‍ സൂപ്രണ്ടിനു മുമ്പാകെ ചോദ്യം ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചു രജീഷിനെ ചോദ്യം ചെയ്്്തപ്പോള്‍ സൂപ്രണ്ടിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
കൊലയാളി സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും പേരുകള്‍ രജീഷ് അന്വേഷണ സംഘത്തോടു പറഞ്ഞതായാണ് അറിയുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഘട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രജീഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യംചെയ്യല്‍.
ഇന്നലെ നടന്ന ചോദ്യംചെയ്യലില്‍ ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന രജീഷ് പിന്നീട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതായി ക്രൈം ബ്രാഞ്ച് അറിയിച്ചു.