കണ്ണൂര്‍: യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ വധക്കേസില്‍ ടി.കെ.രജീഷിനെ വീണ്ടും ചോദ്യംചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം. രജീഷ് തടവില്‍ കഴിയുന്ന കണ്ണൂര്‍ ജയിലിലെത്തിയാണ് ചോദ്യംചെയ്യുക.[]
ഇതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ അനുമതി തേടും. അന്വേഷണ സംഘത്തില്‍ രണ്ടു ഡി.വൈ.എസ്.പിമാര്‍ അടക്കം 12 പേരെ ഉള്‍പ്പെടുത്തിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് രജീഷ് ജയകൃഷ്ണന്‍ വധക്കേസില്‍ അറസ്റ്റിലായത് യഥാര്‍ഥപ്രതികളല്ലെന്ന് വെളിപ്പെടുത്തിയത്.
രജീഷിന്റെ വെളിപ്പെടുത്തല്‍പ്രകാരം കേസില്‍ നേരത്തേ പ്രതിയാക്കപ്പെട്ടവരില്‍ അച്ചാരമ്പത്ത് പ്രദീപന്‍ മാത്രമാണ് യഥാര്‍ഥപ്രതി. പ്രദീപനും താനും അടക്കം 16 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇതില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അടുപ്പക്കാരനായ വിക്രമനുണ്ടെന്നും രജീഷ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു.
മധു എന്ന പഞ്ചാര മധു, ഗോഡൗണ്‍ നാസര്‍ എന്ന നാസര്‍, അനില്‍കൂമാര്‍ എന്ന അനൂപ്പി, ഷാജി, സന്തോഷ്, പ്രഭുലാല്‍, മനോഹരന്‍, സുജിത്, അധ്യാപകരായ ബാലന്‍, രാഘവന്‍ എന്നിവരുടെ പേരുകളും രജീഷ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്നെ മര്‍ദ്ദിച്ചശേഷമാണ് ഈ മൊഴിയെടുത്തതെന്ന് പിന്നീട് രജീഷ് മാറ്റിപ്പറഞ്ഞിരുന്നു
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റും മൊകേരി ഈസ്റ്റ് യു.പി സ്‌കൂള്‍ അധ്യാപകനുമായിരുന്ന ജയകൃഷ്ണന്‍ 13 വര്‍ഷം മുന്‍പാണ് ക്ലാസ്മുറിയില്‍ കുട്ടികളുടെ കണ്‍മുന്നില്‍ കൊല്ലപ്പെട്ടത്.