കെ.ടി ജയകൃഷ്ണന്‍ വധം പുനരന്വേഷിക്കാന്‍ തീരുമാനം
Kerala
കെ.ടി ജയകൃഷ്ണന്‍ വധം പുനരന്വേഷിക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2012, 12:50 am

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കാന്‍ തീരുമാനം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തെ നയിച്ച കെ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു.[]

കേസ് സി.ബി.ഐ. പുനരന്വേഷിക്കണമെന്നാവ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലുമാണ് ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കുന്നത്.

താനുള്‍പ്പെടെ കെ.ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രധാനപ്രതികളെ ഒഴിവാക്കിയാണ് അന്ന് നടപടി സ്വീകരിച്ചിരുന്നതെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിട്ടില്ലെന്നും അന്വേഷണ സംഘത്തോട് ടി.പി വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ ടി.കെ രജീഷ് മൊഴി നല്‍കിയിരുന്നു.

ജയകൃഷ്ണന്‍ മാസ്റ്ററെ വധിക്കാനായി നിയോഗിക്കപ്പെട്ട സംഘത്തിലെ പതിനാറ് പേരുടെ വിവരങ്ങള്‍ രജീഷ് വെളിപ്പെടുത്തിയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന സംഘത്തില്‍ തനിയ്‌ക്കൊപ്പമുണ്ടായിരുന്ന അച്ചാരുപറമ്പത്ത് പ്രദീപ് മാത്രമായിരുന്നു പിടിയിലായതെന്നാണ് രജീഷ് മൊഴി നല്‍കിയത്.

ക്രൈം ബ്രാഞ്ചിന്റെ കേസന്വേഷണത്തില്‍ സുപ്രീം കോടതിയും തലശേരി സെഷന്‍സ് കോടതിയുമടക്കം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം വീണ്ടും െ്രെകബ്രാഞ്ചിനെ ഏല്‍പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് അറിയുന്നത്.

1999 ഡിസംബര്‍ ഒന്നിന് പകല്‍ 10.30ന് മൊകേരി യു.പി. സ്‌കൂള്‍ ക്ലാസ് മുറിയിലാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വെട്ടേറ്റുമരിച്ചത്. നാല്‍പതോളം കുട്ടികളുടെ മുന്നില്‍ പഠിപ്പിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ജയകൃഷ്ണനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

55 മുറിവുകള്‍ ജയകൃഷ്ണന്റെ മൃതദേഹത്തില്‍ കാണപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പിടിയിലായ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത് ഹൈക്കോടതിയും ശരിവച്ചു.

പിന്നീട് സുപ്രീം കോടതി ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും വെറുതെ വിടുകയായിരുന്നു. ജീവപര്യത്തിന് ശിക്ഷിക്കപ്പെട്ട അച്ചാരത്ത് പറമ്പില്‍ പ്രദീപനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ശിക്ഷാകാലയളവില്‍ ഇളവ് വരുത്തി ജയില്‍മോചിതനാക്കിയിരുന്നു.