തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച കെ.ടി ജലീല്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി. തന്റെ സമ്പാദ്യത്തെ കുറിച്ചും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഫേസ്ബുക്കിലൂടെ വിശദമായ കുറിപ്പെഴുതിയ ശേഷമാണ് കെ.ടി ജലീല്‍ മടങ്ങിയത്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടില്‍ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വര്‍ഷത്തെ ശമ്പളവും 5 വര്‍ഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടില്‍ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ എം.എല്‍.എ ശമ്പളമുള്‍പ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികര്‍ക്കുള്ള ലോണ്‍ വകയില്‍ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിന്റെ ആധാരം കൈപ്പറ്റിയാല്‍ ബാക്കിയുണ്ടാവുക ഒരു ലക്ഷത്തി പതിനായിരം രൂപയാണൈന്ന് ജലീല്‍ പറയുന്നു.
ഒരു നയാപൈസ സര്‍ക്കാരിന്റേയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എന്റെ കയ്യില്‍ പറ്റാത്തത്ര സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കത് പരസ്യമായി പറയാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. പിതൃവാത്സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യവും സഹകരണവും എടുത്തു പറയേണ്ടതാണ്.
സഖാവ് കോടിയേരിയും വിജയരാഘവനും സഹോദര സ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഞാന്‍ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഉന്നതവിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഉദ്യോഗസ്ഥരും എന്റെ പേഴ്സണല്‍ സ്റ്റാഫും സെക്രട്ടേറിയേറ്റ് ജീവനക്കാരും മികവുറ്റ നിലയിലാണ് പ്രവര്‍ത്തിച്ചത്.
അവരുടെ നിസ്സീമമായ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ പല പരിഷ്‌കാരങ്ങളും നിയമ നിര്‍മ്മാണങ്ങളും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും വാക്കുകള്‍ക്കതീതമാകയാല്‍ അതിവിടെ രേഖപ്പെടുത്താതെ പോകലാകും ഭംഗി.
ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയില്‍ പരമാവധി ഉപകാരം ജനങ്ങള്‍ക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആഗ്രഹിച്ചത്.
ചിലതെങ്കിലും സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടാകില്ല. അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുതുന്നു. എല്ലാവരേയും സഹായിക്കാനാണ് ശ്രമിച്ചത്. മറിച്ചൊരനുഭവം അറിയാതെയാണെങ്കിലും ആരോടെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ സദയം പൊറുത്താലും.
എന്റെ നിയോജക മണ്ഡലത്തിലേതുള്‍പ്പെടെ ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്നേഹവും മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും. അല്‍പം വൈകിയെങ്കിലും എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നുവെന്നും കെ.ടി ജലീല്‍ പറയുന്നു.
ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ജലീല്‍ രാജിവെച്ചത്.
ജലീല്‍ സ്വജന പക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത പറഞ്ഞിരുന്നു. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ലോകായുക്തയുടെ വിധി. മന്ത്രിയുടെ ബന്ധുവായ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.
വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K T Jaleel writes an FB post disclosing his bank assets after resigning