കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്‌ലിം മത സംഘടനകള്‍ ആത്മപരിശോധനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്‌ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് ഇസ്‌ലാം പറയുന്നതെന്നും എന്നിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും ജലീല്‍ വ്യക്തമാക്കി.
ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മതസംഘടനകളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പ്രതകരണവുമായി ജലീല്‍ രംഗത്തെത്തിയത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുയുന്നുണ്ട്.