| Sunday, 9th April 2023, 10:33 am

തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' സൈഫിയെ ആരെങ്കിലും വിലക്കെടുത്തതാണോ; ഹിന്ദു മഹാസഭക്കാരുടെ പശു കശാപ്പ് വാര്‍ത്ത ഓര്‍മിപ്പിച്ച് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആരെങ്കിലും നടത്തിയ ഗൂഢ പദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തിവെപ്പ് കേസെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. രാമനവമി ദിനത്തില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാല് പ്രവര്‍ത്തകരെ യു.പി. പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയും എലത്തുര്‍ തീവെപ്പ് കേസും താരതമ്യം ചെയ്തായിരുന്നു ജലീലിന്റെ പ്രതികരണം.

എലത്തൂര്‍ കേസ് അന്വേഷിക്കുന്ന സംഘം ഈ സംഭവങ്ങള്‍ കൂടി പരിശോധിക്കണമെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍?
കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ട്രെയിന്‍ കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ?
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?

വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?
ആഗ്രയിലെ ”പശുവിനെ അറുത്ത്’ കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്? എലത്തൂര്‍ അന്വേഷണ സംഘം ഇവകൂടി പരിശോധിക്കണം,’ കെ.ടി. ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പശുക്കളെ കശാപ്പ് ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭാ പ്രവര്‍ത്തകരായ നാല് പേരെ അറസ്റ്റ് ചെയ്തത്.

പശുവിനെ കൊന്നതിന് ശേഷം കുറ്റം മുസ്‌ലിങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കാനാണ് ഓള്‍ ഇന്ത്യ ഹിന്ദുമഹാസഭ നേതാവ് ശ്രമിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജത് ആണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ദി ടെലഗ്രാഫ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Hightlight:  K.T. Jaleel said that the fire case in Elathur was part of a secret plan by someone to gain advantage in the Lok Sabha elections.

We use cookies to give you the best possible experience. Learn more