കോഴിക്കോട്: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവ് സമ്പൂര്‍ണമാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍.
അസമിലെ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്തെ മദ്രസകള്‍ അടച്ച് പൂട്ടിച്ചത് സംബന്ധിച്ചും, കര്‍ണാടകയില്‍ പിന്നാക്ക മുസ്‌ലിങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം ഒ.ബി.സി സംവരണം ഒഴിവാക്കിയ വിഷയവും സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.
2025 ഓടെ ഇന്ത്യയെ ‘ഹിന്ദുത്വ’രാഷ്ട്രമാക്കുമെന്ന സംഘപരിവാര്‍ ശക്തികളുടെ പ്രഖ്യാപനം പ്രയോഗവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഇരുട്ടിലേക്കാണ് നീങ്ങുന്നതെന്നും മുഴുവന്‍ ജനങ്ങളും മതനിരപേക്ഷ പ്ലാറ്റ്‌ഫോമില്‍ അണിനിരന്ന് ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളിലൂടെ ബി.ജെ.പി സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
രാജ്യം എങ്ങോട്ട്? അസമിലെ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മദ്രസകള്‍ അടച്ച് പൂട്ടും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. 34.22 ശരാശരി മുസ്‌ലിങ്ങളുള്ള സംസ്ഥാനമാണ് അസം. 300 മദ്രസകള്‍ ഇതിനകം പൂട്ടി എന്നാണ് വാര്‍ത്ത. ചില മദ്രസകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തതായും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് രാജ്യത്ത് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്രസകള്‍ മതപഠന കേന്ദ്രങ്ങളാണെങ്കിലും പല സ്ഥലങ്ങളിലും സയന്‍സും കണക്കും ഇംഗ്ലീഷും മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങള്‍ കുറവായ സംസ്ഥാനങ്ങളില്‍ ‘സെമി’ സ്‌കൂളുകള്‍ എന്ന നിലയിലാണ് മദ്രസകളുടെ പ്രവര്‍ത്തനം. അവ അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിന് കുട്ടികള്‍ക്കാകും ഫലത്തില്‍ അക്ഷരാഭ്യാസം നിഷേധിക്കപ്പെടുക.
ബംഗ്ലാദേശ് കുടിയേറ്റക്കാരാണ് മദ്രസകള്‍ നടത്തുന്നത് എന്ന പേരു പറഞ്ഞാണത്രെ സര്‍ക്കാര്‍ നടപടി. ഇന്ത്യ നല്ല അയല്‍പക്ക ബന്ധം കാത്തു സൂക്ഷിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാതെ പോകാന്‍ സാധിക്കുന്ന നാട്.
ബംഗ്ലാദേശ് പിന്തുണയോടെ ഒരു തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളും നമ്മുടെ രാജ്യത്ത് നടന്നതായി അറിവില്ല? എന്നിട്ടും പാകിസ്ഥാനെ പോലെ ബംഗ്ലാദേശിനെ കാണുന്നതിന്റെ പൊരുള്‍ എന്താകും? മുസ്‌ലിം പേരാണെങ്കില്‍ പൊറുപ്പിക്കില്ലെന്ന സമീപനമാണോ ബി.ജെ.പിയുടേത്? എങ്കില്‍ അതവര്‍ തുറന്നുപറയണം.
കര്‍ണാടകയില്‍ പിന്നാക്ക മുസ്‌ലിങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം
ഒ.ബി.സി സംവരണം അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഈ നാല് ശതമാനം വൊക്കാലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് വീതിച്ച് നല്‍കാനാണത്രെ നീക്കം. ന്യൂനപക്ഷങ്ങളില്‍ അന്യതാബോധവും അപകര്‍ഷതാ ബോധവും വളരുന്നതിനേ ഇത്തരം ബുദ്ധിശൂന്യ തീരുമാനങ്ങള്‍ ഉപകരിക്കൂ.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവ് സമ്പൂര്‍ണമാക്കി, നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമം. 2025 ഓടെ ഇന്ത്യയെ ‘ഹിന്ദുത്വ’രാഷ്ട്രമാക്കുമെന്ന സംഘപരിവാര്‍ ശക്തികളുടെ പ്രഖ്യാപനം പ്രയോഗവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം നീക്കങ്ങളെ ആരെങ്കിലും കണ്ടാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
രാജ്യം ഇരുട്ടിലേക്കാണ് നീങ്ങുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണകൂട ഭീകരത അര്‍ധ ഫാസിസത്തില്‍ നിന്ന് മുഴു ഫാസിസത്തിലേക്കുള്ള ചുവടുവെപ്പായി കാണുന്നത് തെറ്റാകുമോ? ശങ്കിച്ച് നില്‍ക്കേണ്ട സമയമില്ലിത്.
മുഴുവന്‍ ജനങ്ങളും മതനിരപേക്ഷ പ്ലാറ്റ്‌ഫോമില്‍ അണിനിരന്ന് ഭരണഘടനാനുസൃതമായ മാര്‍ഗങ്ങളിലൂടെ ബി.ജെ.പി സര്‍ക്കാരുകളുടെ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ വൈകിക്കൂടാ. ഇനിയും പ്രതികരിക്കാന്‍ അമാന്തിച്ചാല്‍ പിന്നെ പരസ്പരം കെട്ടിപ്പിടിച്ച് നലവിളിക്കേണ്ട ഗതിയാകും ഉണ്ടാവുക. ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ് മോദീ ഇന്ത്യയില്‍ ജീവിക്കുന്നത്. ന്യൂനപക്ഷങ്ങളും അവര്‍ണരും സുരക്ഷിതരല്ലാത്ത അവസ്ഥ ജനാധിപത്യത്തിന്റെ തിളക്കം കെടുത്തുമെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം?
Content Highlights: Former minister K.T. Jaleel said that BJP is trying to achieve the majority-minority separation by the time of 2024 Lok Sabha elections.