| Tuesday, 13th April 2021, 1:26 pm

'ജലീല്‍വേട്ട'യ്ക്ക് ശമനമാകുമെന്ന് പ്രതീക്ഷിക്കാം; രാജിക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജി വെച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ വിശദമായ കുറിപ്പുമായി കെ.ടി ജലീല്‍ രംഗത്ത്. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്നാണ് ജലീല്‍ ഫേസ്ബുക്കിലെഴുതിയത്.

പ്രതിപക്ഷത്തിലെ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് ജലീലിന്റെ കുറിപ്പ്. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലോ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിന്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകള്‍ പിരിച്ച് മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവെച്ച കോടികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ സ്വന്തം മകന് സിവില്‍ സര്‍വീസ് പരീക്ഷക്ക് മുഖാമുഖത്തില്‍ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാള്‍ മാര്‍ക്ക് ഒപ്പിച്ചു കൊടുത്തതിന്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പര്‍ഹിക്കാത്ത ഈ വേട്ടയാടലുകളെന്ന് ജലീല്‍ പറഞ്ഞു.

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നില്‍ക്കാന്‍ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങള്‍ ഉള്‍പ്പടെ ഏത് അന്വേഷണ ഏജന്‍സികള്‍ക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളില്‍ തട്ടിയുള്ള പറച്ചിലാണെന്നും ജലീല്‍ പറയുന്നു.

ലീഗും കോണ്‍ഗ്രസ്സും മാധ്യമ സിന്‍ഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോള്‍ ഉണ്ടായ ജാള്യം മറച്ചുവെക്കാന്‍ കച്ചിത്തുരുമ്പ് തേടി നടന്നവര്‍ക്ക് ‘സകറാത്തിന്റെ ഹാലില്‍’ (മരണത്തിന് തൊട്ടുമുന്‍പ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സംഭവിച്ചതായി അവര്‍ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമര്‍ശങ്ങള്‍. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ”കിട്ടിപ്പോയ്’ എന്ന മട്ടില്‍ തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നില്‍ക്കാതെ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. ‘ജലീല്‍വേട്ടക്ക്’ തല്‍ക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിന്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വര്‍ഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുല്‍സിത തന്ത്രങ്ങള്‍ക്കെതിരെയുള്ള പോരാട്ടം മേലിലും തുടര്‍ന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുള്‍പ്പെടെ അങ്കത്തട്ടില്‍ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം, തോല്‍പ്പിക്കാന്‍ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ, ജലീല്‍ പറഞ്ഞു.

ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്തയുടെ വിധി വന്നതിന് പി്ന്നാലെയാണ് രാജി. ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ജലീല്‍ സ്വജന പക്ഷപാതം കാണിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.

ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്. മന്ത്രിയുടെ ബന്ധുവീയ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.

വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: K T Jaleel’s FB post after resigning his minister position in Kerala LDF govt

We use cookies to give you the best possible experience. Learn more