| Wednesday, 29th July 2020, 6:18 pm

'ബെന്നി ബെഹ്നാന്റെ കത്ത് വായിച്ച് പ്രധാനമന്ത്രി തൂക്കികൊല്ലാന്‍ വിധിച്ചാല്‍ സന്തോഷം; ഖുര്‍ആന്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലെന്ന് സുരേന്ദ്രനും മനസ്സിലാക്കണം': കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് മറുപടിയുമായി കെ.ടി ജലീല്‍.

സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സകാത്തിന്റെ ഭാഗമായി റംസാന്‍ കിറ്റ് നല്‍കാനും മുസ്‌ലിം പള്ളികളില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു.എ.ഇ കോണ്‍സുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ പേരില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കില്‍ അതേറ്റുവാങ്ങാന്‍ ഞാനൊരുക്കമാണെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

കൊവിഡ് കാലത്ത് യു.എ.ഇ കോണ്‍സുലേറ്റിന്റെ ആയിരം കിറ്റുകള്‍ക്ക് പുറമെ ഉദാരമതികളായ എന്റെ സുഹൃത്തുക്കളില്‍ നിന്ന് സ്വരൂപിച്ച ഒന്‍പതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്തത്.

മത ജാതി പാര്‍ട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നല്‍കിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവന്‍ മല്‍സ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാര്‍ബര്‍മാരും സ്വകാര്യബസ് തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. അക്കൂട്ടത്തില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഇടതുപാര്‍ട്ടിക്കാരും ഒരു പാര്‍ട്ടിയിലുമില്ലാത്തവരും എല്ലാമുണ്ട്- മന്ത്രി പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം പള്ളികളുടെ ചുമതലയുള്ള വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് അവിടങ്ങളില്‍ കൊടുക്കാനുള്ള ഖുര്‍ആന്‍ കോപ്പികളുടെ കാര്യവും തന്നോട് തന്നെ ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ എന്ത് ശിക്ഷ വിധിച്ചാലും സ്വീകരിക്കും. ഒരിടത്തും അപ്പീലിന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്. അവ കോണ്‍സുലേറ്റിന് തന്നെ തിരിച്ച് നല്‍കാന്‍ വഖഫ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പറഞ്ഞ്, ബെന്നിബഹനാന്‍ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത്കൂടി എഴുതിയാല്‍ നന്നാകും. അതുപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാന്‍ ഞാന്‍ സദാസന്നദ്ധനായിരിക്കും- മന്ത്രി വ്യക്തമാക്കി.

ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ സ്വര്‍ണ്ണഖുര്‍ആന്‍ പരാമര്‍ശത്തിനും അദ്ദേഹം പോസ്റ്റിലൂടെ മറുപടി നല്‍കുന്നുണ്ട്. സ്വര്‍ണ്ണകിറ്റ് പരിഹസിക്കുന്നതുപോലെ സ്വര്‍ണ്ണഖുര്‍ആന്‍ എന്ന് പരിഹസിക്കരുതെന്നും ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലെന്ന് സുരേന്ദ്രന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

We use cookies to give you the best possible experience. Learn more