കൊച്ചി: ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്.ഡി ചട്ടപ്രകാരമാണെന്ന് കേരള സര്‍വ്വകലാശാല. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
മതഗ്രന്ഥങ്ങള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ജലീലിന്റെ ഗവേഷണ പ്രബന്ധത്തില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് കെ.ടി ജലീലിന്റെ പി.എച്ച്.ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കേരള സര്‍വ്വകലാശാല വി.സിയോട് ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിലാണ് സര്‍വ്വകലാശാല ഇപ്പോള്‍ വിശദീകരണം നല്‍കിയത്.
ജലീല്‍ തയ്യാറാക്കിയ പ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതില്‍ പിഴവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രബന്ധത്തില്‍ പിഴവുകളുണ്ടെന്ന പരാതി വി.സി തള്ളുകയും ചെയ്യുന്നു.
മലബാര്‍ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം 2006ലാണ് ജലീല്‍ തയ്യാറാക്കിയത്. ഇതിലൊരുപാട് പിശകുകളുണ്ടെന്നായിരുന്നു ആര്‍.എസ് ശശികുമാര്‍, ഷാജിര്‍ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ പരാതി.
നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെ.ടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.
എന്നാല്‍ വി.സി ആരോപണങ്ങള്‍ തള്ളിയെങ്കിലും പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് സമിതിയുടെ തീരുമാനം.
തന്റെ പി.എച്ച്.ഡി തീസിസ് ആരും കാണാതെ അട്ടത്ത് വെക്കുകയല്ല ചെയ്തതെന്നും ജനസമക്ഷം സമര്‍പ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
ആരോപണങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമ്പോഴാണ് പുതിയവ കൊണ്ടുവരുന്നതെന്നും പി.എച്ച്.ഡി തീസിസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും വാങ്ങി വായിക്കാവുന്നതാണെന്നും ജലീല്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക