തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ പിന്നാലെ ജോര്‍ജിന് മറുപടിയുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍ എം.എല്‍.എ.
‘മതനിരപേക്ഷത സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു സര്‍ക്കാരും മതസൗഹാര്‍ദം കാക്കാന്‍ പ്രതിജ്ഞാബദ്ധമായ ജുഡീഷറിയുമുണ്ട് പി.സി. നാട്ടില്‍, ആശ കോശീല ജോര്‍ജേ, കോശീല,’ എന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വിദ്വേഷപ്രസംഗം നടത്തിയതിന് പി.സി. ജോര്‍ജിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ അഭിനന്ദിച്ചും
നേരത്തെ കെ.ടി. ജലീല്‍ രംഗത്തെത്തിയിരുന്നു.
ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് പൊലീസിന്റെ നടപടിയെന്നും പിണറായി വേറെ ലെവലാണെന്നുമായിരുന്നു കെ.ടി. ജലീല്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് തളളിയിരുന്നു.
പി.സി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധയുണ്ടാക്കുന്നത് തന്നെയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ വാദം. എന്നാല്‍ സമാനമായി വിദ്വേഷ പ്രസംഗത്തിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടും തെറ്റ് ആവര്‍ത്തിച്ചത് ഗൂഢ ലക്ഷ്യങ്ങളോടെയാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യവേയാണ് പി.സി. ജോര്‍ജ് വിദ്വേഷ പ്രസ്താവന നടത്തിയത്.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ പിന്നാലെ പി.സി. ജോര്‍ജിന്റെ
ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
സമീപത്തുള്ള ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ പി.സി. ജോര്‍ജ് കഴിഞ്ഞ കുറേ നാളായി ഈരാറ്റുപേട്ടയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നാണ് വിവരം.