| Wednesday, 15th February 2023, 10:38 am

ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച ഹിറാ സെന്ററിലെ അടുക്കളക്കാര്യങ്ങളല്ലെന്നത് വ്യക്തം; മാനസാന്തരം വന്നത് ആര്‍ക്കാണ്: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദുരൂഹത വര്‍ധിക്കുകയാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

ഹിറാ സെന്ററിലെ അടുക്കളക്കാര്യങ്ങളല്ല ചര്‍ച്ചയില്‍ വിഷയമായതെന്ന് അര്‍.എസ്.എസ് നേതാവ് ന്യു ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

നാട്ടില്‍ ഒരു പട്ടി ചത്താല്‍ അതിന്റെ ‘ഇസ്‌ലാമിക പരിപ്രേക്ഷ്യം’ നെടുനീളന്‍ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള ‘ഇസ്‌ലാമിക് ബുജീവികള്‍’ എന്തേ ആര്‍.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയില്‍ നിന്ന് ഉല്‍ഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കള്‍ നല്‍കിയ ‘സുവ്യക്ത’ മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നതെന്നും ജലീല്‍ ചോദിച്ചു.

‘ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ ദുരൂഹത ഏറുന്നുണ്ട്. ചര്‍ച്ച നടന്നു എന്ന് ഇരുകൂട്ടരും സമ്മതിക്കുമ്പോള്‍ മാനസാന്തരം വന്നത് ആര്‍ക്കാണ്? ജമാഅത്തെ ഇസ്‌ലാമിക്കോ അതോ ആര്‍.എസ്.എസ്സിനോ?

കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി സാഹിബ് മുഖപുസ്തകത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിന്റെ അഭിമുഖം ഇന്നത്തെ(15.2.2023) ‘ന്യു ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍’ അച്ചടിച്ചു വന്നിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം താഴെ പറയും പ്രകാരമാണ്.

‘2023 ജനുവരി 14 നാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി ന്യൂദല്‍ഹിയില്‍ വെച്ച് അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടന്നത്. ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹക് ഡോ. ഗോപാല്‍കൃഷ്ണയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി നേതാക്കളോട് ആര്‍.എസ്.എസ് പങ്കുവെച്ച കാര്യങ്ങള്‍ ഇങ്ങിനെ സംഗ്രഹിക്കാം:

1) എല്ലാവരും വിശ്വാസികളായിരിക്കെ എന്തിനാണ് മുസ്‌ലിങ്ങള്‍ മറ്റു മതസ്ഥരെ ‘കാഫിര്‍’അഥവാ മതനിഷേധി എന്ന് വിളിക്കുന്നത്?

2) ബോംബ് കൊണ്ട് നടക്കുന്നവര്‍ ഭീകരവാദികളായിരിക്കെ എങ്ങിനെയാണ് മുസ്‌ലിങ്ങള്‍ അവരെ ‘മനുഷ്യര്‍’ എന്ന് വിളിക്കുക?

3) ‘ലൗ ജിഹാദ്’വഴിയോ മറ്റു മാര്‍ഗേണയോ ഇതര മതസ്ഥരെ മത പരിവര്‍ത്തനം ചെയ്യില്ലെന്ന് മുസ്‌ലിങ്ങള്‍ പ്രതിജ്ഞയെടുക്കണം.

4) ‘ഭാരത് മാതാകീ ജയ്’ എന്ന് വിളിക്കുന്നതിനെ മുസ്‌ലിം സംഘടനകള്‍ എന്തിനാണ് എതിര്‍ക്കുന്നത്?

5) ഹിന്ദുക്കള്‍ ‘ഗോ മാതാവായി’ കാണുന്ന പശുവിനെ മുസ്‌ലിങ്ങള്‍ അറുത്ത് ഭക്ഷിക്കുന്നത് ഒഴിവാക്കണം.

6) ഖുര്‍ആനില്‍ ഒരിടത്തും പശുവിനെ അറുത്ത് തിന്നാന്‍ പറഞ്ഞിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബി പാലും വെണ്ണയും മനുഷ്യന്റെ സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ച കാര്യം ഞാനും(ഇന്ദേഷ് കുമാര്‍) അവരുടെ ശ്രദ്ധയില്‍ പെടുത്തി.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്,’ കെ.ടി. ജലീല്‍ പറഞ്ഞു.

Content Highlight:  K.T. Jaleel MLA’s comment on  RSS-Jamaat-e-Islami discussion

We use cookies to give you the best possible experience. Learn more