കോഴിക്കോട്: ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദുരൂഹത വര്‍ധിക്കുകയാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.
ഹിറാ സെന്ററിലെ അടുക്കളക്കാര്യങ്ങളല്ല ചര്‍ച്ചയില്‍ വിഷയമായതെന്ന് അര്‍.എസ്.എസ് നേതാവ് ന്യു ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
നാട്ടില്‍ ഒരു പട്ടി ചത്താല്‍ അതിന്റെ ‘ഇസ്‌ലാമിക പരിപ്രേക്ഷ്യം’ നെടുനീളന്‍ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള ‘ഇസ്‌ലാമിക് ബുജീവികള്‍’ എന്തേ ആര്‍.എസ്.എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയില്‍ നിന്ന് ഉല്‍ഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കള്‍ നല്‍കിയ ‘സുവ്യക്ത’ മറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നതെന്നും ജലീല്‍ ചോദിച്ചു.
‘ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ ദുരൂഹത ഏറുന്നുണ്ട്. ചര്‍ച്ച നടന്നു എന്ന് ഇരുകൂട്ടരും സമ്മതിക്കുമ്പോള്‍ മാനസാന്തരം വന്നത് ആര്‍ക്കാണ്? ജമാഅത്തെ ഇസ്‌ലാമിക്കോ അതോ ആര്‍.എസ്.എസ്സിനോ?
കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി സാഹിബ് മുഖപുസ്തകത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാറിന്റെ അഭിമുഖം ഇന്നത്തെ(15.2.2023) ‘ന്യു ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍’ അച്ചടിച്ചു വന്നിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം താഴെ പറയും പ്രകാരമാണ്.