രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് ചെലഴിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിന്നു; ചന്ദ്രിക ആഴ്ച പതിപ്പ് നിര്‍ത്തുന്നതില്‍ കെ.ടി. ജലീല്‍
Kerala News
രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് ചെലഴിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിന്നു; ചന്ദ്രിക ആഴ്ച പതിപ്പ് നിര്‍ത്തുന്നതില്‍ കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 9:59 am

കോഴിക്കോട്: ‘ചന്ദ്രിക’ ആഴ്ച്ചപതിപ്പും ‘മഹിളാ ചന്ദ്രിക’യും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് ചെലവഴിച്ചിരുന്നെങ്കില്‍ ഈ ഗതി ആ സ്ഥാപനത്തിന് വരുമായിരുന്നില്ലെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?

ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഈര്‍ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല,’ കെ.ടി. ജലീല്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ‘ചന്ദ്രിക’ ആഴ്ച്ചപതിപ്പും ‘മഹിളാ ചന്ദ്രിക’യും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് ഇതുസംബന്ധിച്ച നോട്ടിസ് ചന്ദ്രിക മാനേജ്മെന്റ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്.

‘ചന്ദ്രിക’ ദിനപത്രം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതും ദിനപത്രം കൃത്യമായി വായനക്കാര്‍ക്ക് എത്തിക്കുന്നതിന്റെ ക്രമീകരണത്തിന്റെ ഭാഗമായാണ് ആഴ്ച്ചപതിപ്പും ‘മഹിളാ ചന്ദ്രിക’യും നിര്‍ത്തുന്നതെന്നും ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചിരുന്നു.