കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kerala News
കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചു; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 9:19 am

കണ്ണൂര്‍:മന്ത്രി കെ.ടി ജലിലിന് കരിങ്കൊടി കാണിച്ചു.കരിങ്കൊടി കാണിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവേലി എക്സ്പ്രസില്‍ മന്ത്രി തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുമ്പോഴായിരുന്നു പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

നിയമം അട്ടിമറിച്ച് ബന്ധുനിയമനം നടത്തിയെന്ന ആരോപണം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് കരിങ്കൊടി കാണിച്ചത്. ജലീല്‍ രാജിവക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ അഹ്വാനം ചെയ്തു.

സംസ്ഥാന മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീബിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം.

Also Read:  ശബരിമല പ്രക്ഷോഭത്തില്‍ പിടിയിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തി; കുടുങ്ങിയത് ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വേയര്‍

സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നടത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം അട്ടിമറിച്ച് അദീബിന് നല്‍കിയത്.

കെ.ടി ജലീലിനെതിരായ പ്രതിഷേധം യൂത്ത് ലീഗ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിക്കാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു.

മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നുചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ബന്ധുനിയമനത്തിലെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.

അതേസമയം ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനോ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കുറ്റാരോപിതനായ കെ.ടി ജലീല്‍ പറഞ്ഞു