മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെയ്ക്കുന്നതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. 2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്റെ ഹെഡ്മാഷായി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോയെന്ന് ജലീല്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കില്‍
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം’, ജലീല്‍ ഫേസ്ബുക്കിലെഴുതി.
നേരത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വെക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നും ലീഗ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.
‘കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകനായി തിരിച്ച് വരണം എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതിയെടുത്ത ഈ തീരുമാനങ്ങള്‍ ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗം അംഗീകിരിക്കുകയും ചെയ്തു’, കെ.പി.എ മജീദ് പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക? UDF ന്റെ
ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?
പടച്ചവനെ പേടിയില്ലെങ്കില്‍
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: K T Jaleel Facebook Post About P K Kunjalaikutty