| Sunday, 20th December 2020, 10:06 pm

ലീഗിന്റെ സംശയം മാറാന്‍ ഒരു വഴിയേയുള്ളു, പേരില്‍ നിന്ന് മുസ്‌ലിം ഒഴിവാക്കുക; കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മുസ്‌ലിം ലീഗിന്റെ വിമര്‍ശനത്തിനെതിരെ മന്ത്രി കെ.ടി ജലീല്‍. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം വരെ ആശയക്കുഴപ്പത്തിലാണെന്നാണ് ജലീല്‍ പറഞ്ഞത്.

മുസ്‌ലിം ലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്‌ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും, ജലീല്‍ ഫേസ്ബുക്കിലെഴുതി.

മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുകയെന്നും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്‍.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്‌ലിം ലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖം നന്നാക്കൂ, കണ്ണാടി കുത്തിപ്പൊട്ടിക്കരുത്.

മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്‌ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.

മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങിനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുക? കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസ്സോ ആര്‍.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്‌ലിം ലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണ്? വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണ്.

പണ്ഡിറ്റ് നെഹ്റു മുസ്‌ലിം ലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്റു മുസ്‌ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സി.എച്ചോ പറഞ്ഞതായി കേട്ടിട്ടില്ല. രാഷ്ടീയ മറുപടിയാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന് നല്‍കിയത്. ‘പണ്ഡിറ്റ്ജീ, മുസ്‌ലിംലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ്’. മതസ്വത്വം മുസ്‌ലിംലീഗിനെ ആവാഹിച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന കാലത്ത് പോലും സാമുദായിക മേലങ്കിയല്ല ലീഗ് അണിഞ്ഞത്, രാഷ്ട്രീയക്കുപ്പായമാണ്. ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോദ്ധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉള്‍വലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണ്. മുഖം വികൃതമായവര്‍ സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്.

ന്യൂജെന്നില്‍പെട്ട വിദ്യാര്‍ത്ഥി നേതാക്കളെ ഇറക്കി പിണറായി വിജയനെ ‘താനെന്നൊക്കെ’ വിളിപ്പിക്കുന്നവര്‍ അതിന് പ്രതികരണമെന്നോണം അത്തരം വിളികള്‍ ലീഗിന്റെ ആത്മീയ നേതൃത്വത്തിനെതിരായി ഉയര്‍ത്തപ്പെടുമ്പോള്‍ ധാര്‍മ്മികരോഷം കൊള്ളരുത്. ലീഗിനും ലീഗിന്റെ പുതുതലമുറക്കും അയ്മൂന്ന് പതിനഞ്ചും ഇടതുപക്ഷക്കാര്‍ക്ക് അയ്മൂന്ന് പതിമൂന്നുമല്ലെന്ന ഓര്‍മ്മവേണം.

‘മറ്റുള്ളവരുടെ ആരാധ്യപുരുഷരെ നിങ്ങള്‍ ചീത്ത പറയരുത്. അങ്ങിനെ പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ ആരാധ്യരേയും ചീത്ത പറയും'(വിശുദ്ധ ഖുര്‍ആന്‍). ആരാധ്യരുടെ കാര്യത്തില്‍ മാത്രമല്ല, ബഹുമാന്യരായ നേതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുവെച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K T Jaleel Facebook Post Aganist Muslim League

We use cookies to give you the best possible experience. Learn more