കോഴിക്കോട്: വിവാദ കാശ്മീര്‍ പരാമര്‍ശത്തില്‍ തനിക്കെതിരായ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ലെന്ന് വിമര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ച ചാനല്‍ അവതാരകര്‍ ദല്‍ഹി കോടതി വിധിയുടെ പകര്‍പ്പ് ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണെന്നും ജലീല്‍ ഓര്‍മിപ്പിച്ചു.
മലയാളത്തിലെ മുഖ്യധാരാ ചാനലുകളിലെ അവതാരകരുടെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
‘എന്നെ രാജ്യദ്രോഹിയാക്കി തിഹാര്‍ ജയിലിലടക്കാന്‍ ആക്രോശിച്ച വിനു വി. ജോണ്‍ ഉള്‍പ്പടെയുള്ള ചാനല്‍ വാര്‍ത്താ അവതാരകര്‍ ദല്‍ഹി കോടതി വിധിയുടെ പകര്‍പ്പ് ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണ്. എത്ര ദിവസമാണ് നിങ്ങളൊക്കെ അലറിവിളിച്ചത്. എന്നിട്ടവസാനം എന്തായി? കുന്തായി?
എന്നാലും പരാതി തള്ളിയ കാര്യം ഒരു വരിപോലും കൊടുക്കാതിരുന്നത് അതിലും ജോറായി,’ എന്നാണ് ജലീല്‍ എഴുതിയത്.
ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് ദല്‍ഹി റോസ് അവന്യൂ കോടതിയാണ് കഴിഞ്ഞ ദിവസം വിധിച്ചത്. രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്ന അഭിഭാഷകന്‍ ജി.എസ്. മണിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. ജി.എസ്. മണി നല്‍കിയ പരാതി കേരളത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ ദല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് കെ.ടി. ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.
പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
CONTENT HIGHLIGHT: K.T. Jaleel criticized media, the court said that the charge of treason against him in the controversial Kashmir reference is not news