കോഴിക്കോട്: താന്‍ മനസിലാക്കിയ ഇസ്‌ലാമില്‍ നന്മ ചെയ്തവരൊക്കെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് വിശ്വാസമെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഗാന്ധിയും മദര്‍ തെരേസയുമൊക്കെ സ്വര്‍ഗത്തില്‍ പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ.എം.എസും എ.കെ.ജിയുമുള്ള സ്വര്‍ഗമാണ് എനിക്ക് ഇഷ്ടമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഗാന്ധിയും മതര്‍ തെരേസയും സ്വര്‍ഗത്തില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ജലീല്‍ പറഞ്ഞു. തനിക്ക് അങ്ങനെ ആഗ്രഹിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 ന്യൂസിന്റെ ജനകീയ കോടതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നന്മ ചെയ്തവരെല്ലാം സ്വര്‍ഗത്തില്‍ പോകും എന്നാണ് ഞാന്‍ പഠിച്ച ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിന്റെ പ്രമാണങ്ങളും എന്നെക്കൊണ്ട് ആവും വിധം ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇ.എം.എസും എ.കെ.ജിയുമുള്ള സ്വര്‍ഗമാണ് എനിക്ക് ഇഷ്ടമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ തെരഞ്ഞെടുപ്പ് സമയത്ത് അതൊക്കെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കങ്ങനെ ആഗ്രഹിക്കാന്‍ അവകാശമുണ്ട്. ഞാന്‍ എന്റെ കണ്‍സെപ്റ്റ് വെച്ചാണ് കാര്യങ്ങളെ കാണുന്നത്.
ജീവിതം മുഴുവന്‍ നന്മ ചെയ്തവരാണ് മദര്‍ തെരേസയും ഗാന്ധിയുമൊക്കെ. അവര്‍ക്ക് അതിനുള്ള പ്രതിഫലം ഈ ലോകത്ത് നിന്ന് കിട്ടിയിട്ടില്ല. എന്നെ ദീനില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെ. ഞാന്‍ നേരിടുന്ന വലിയ പ്രശനം എന്തെന്നാല്‍. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നീ മൂന്ന് മതക്കാരിലും തീവ്ര വര്‍ഗീയവാദികളുണ്ട്. ഇവര്‍ ഹിസംഘി, മുസംഘി, ക്രിസംഘി ടീംസ് ആണ്. ഇവരില്‍ നിന്നൊക്കെ എനിക്ക് അക്രമം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ്,’ ജലീല്‍ പറഞ്ഞു.
താങ്കളുടെ സ്ഥാനം എവിടെയായിരിക്കും എന്ന അവതാരകന്റെ ചോദ്യത്തിന്, സ്വര്‍ഗത്തിലാണെന്നാണ് വിശ്വസിക്കുന്നതെന്നും അത്ര വലിയ അപരാധമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
തെറ്റിനേക്കാള്‍ ഒരംശം നന്മ ചെയ്താല്‍ സ്വര്‍ഗത്തില്‍ പോകാം. ആ നിലക്ക് 49 ശതമാനം തെറ്റ് ചെയ്ത 51 ശതമാനം നന്മയൊക്കെ ചെയ്‌തെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്, ജലീല്‍ പറഞ്ഞു.