| Wednesday, 4th August 2021, 1:49 pm

പാണക്കാട് തങ്ങള്‍ക്ക് വന്ന ഇ.ഡി നോട്ടീസിന്റെ കോപ്പി പുറത്തുവിട്ട് കെ.ടി. ജലീല്‍; ഹൈദരലി തങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.ടി. ജലീല്‍.

കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും കെ.ടി. ജലീല്‍ പറഞ്ഞു.

ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നുമാണ് ജലീല്‍ പറയുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീല്‍ പറഞ്ഞു. വി.കെ. ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും ജലീല്‍ ആരോപണമുയര്‍ത്തി.

എ.ആര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് പറഞ്ഞുകൊണ്ട് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭയില്‍ പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു. സംഭവത്തില്‍ പാണക്കാട് തങ്ങളെ ചതിക്കുഴിയില്‍ ചാടിച്ചതാണ് എന്നാണ് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കെ.ടി. ജലീല്‍ പുറത്തുവിട്ട ഇ.ഡിയുടെ നോട്ടീസ്

സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിന്‍വലിച്ചത് എന്ന് പരിശോധിക്കണമെന്നും അതില്‍ അന്വേഷണം വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. എ.ആര്‍ നഗര്‍ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2021 മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എ.ആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.

മേയ് 25നാണ് ആദായ നികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നത്. ഇവരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കണമെന്നായിരുന്നു ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.

ഈ പട്ടികയിലെ ഒന്നാമത്തെ പേര് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതായിരുന്നു. പ്രവാസി ബിസിനസുകാരനാണ് ഹാഷിഖ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: K T Jaleel against P. K. Kunhalikutty and Panakkad Hyderali Shihab Thangal

We use cookies to give you the best possible experience. Learn more