| Sunday, 9th July 2023, 4:32 pm

ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിനെക്കൊണ്ട് നിലപാട് പറയിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്: കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ഏക സിവില്‍ കോഡില്‍ ഈ നിമിഷം വരെ നിലപാട് പറയാത്ത കോണ്‍ഗ്രസിന്റെ കൂടെ ലീഗ് ഉറച്ചു നില്‍ക്കുമെന്ന തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.

ലീഗ് നേതാക്കളെ സമര്‍ദത്തിലാക്കി കോണ്‍ഗ്രസ് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ.എം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂവെന്നും ജലീല്‍ പറഞ്ഞു.

‘ഏകീകൃത വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്. ഒരു പറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ.എം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.

രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോള്‍ മൂന്നാമതൊരഭിപ്രായവും പറയുന്ന പാര്‍ട്ടിയായി ലീഗ് മാറിയത് കോണ്‍ഗ്രസിന് മുസ്‌ലിം ലീഗിനുമേല്‍ കുതിര കയറാന്‍ കൂടുതല്‍ കരുത്തു നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്,’ ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏക സിവില്‍ കോഡിനെതിരായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്ന് അറിയിച്ചിരുന്നു. പാണക്കാട് വെച്ച് നടന്ന യോഗത്തിലായിരുന്നു തീരുമാനം. യു.ഡി.എഫില്‍ നിന്ന് ലീഗിനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിലെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് ലീഗിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുമാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlight: K T Jaleel against muslim league

We use cookies to give you the best possible experience. Learn more