തവനൂര്‍: ആര്‍.എസ്.എസ് – ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചകളുമായി ബന്ധപ്പെട്ട പുതിയ സംവാദങ്ങളില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇടതുപക്ഷത്ത് നിന്നും ശക്തമായ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ, നേരത്തെ ആര്‍.എസ്.എസും സി.പി.ഐ.എം നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നല്ലോയെന്ന മറുവാദവുമായി ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നിരുന്നു.
എന്നാല്‍ ഈ രണ്ട് കൂടിക്കാഴ്ചകളും ഏറെ വ്യത്യസ്തമാണെന്നാണ് കെ.ടി. ജലീല്‍ പ്രതികരിച്ചിരിക്കുന്നത്. ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നും ജമാഅത്തെ ഇസ്‌ലാമി നടത്തിയ ചര്‍ച്ചയെ ഇതിനോട് താരതമ്യപ്പെടുത്താനാകില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മില്‍ നിരന്തര സംഘട്ടനം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നിരവധി പേര്‍ ഇരുഭാഗത്തും മരണപ്പെട്ട കാര്യം ഏവര്‍ക്കുമറിയാം. അതു പരിഹരിക്കാന്‍ ഇരുകൂട്ടരും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്? രണ്ട് വിഭാഗവും അവരവരുടെ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അത്രമാത്രം.
അതുമായി ബന്ധപ്പെട്ട ‘മാധ്യമം’ വാര്‍ത്ത പൊക്കിക്കൊണ്ടു വന്ന് ജമാഅത്തെ ഇസ്‌ലാമി-ആര്‍.എസ്.എസ് ചര്‍ച്ചകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ‘ഇസ്‌ലാമിസ്റ്റ് സൈബര്‍ പോരാളികളെ’ കാണുമ്പോള്‍ ‘ഹാ കഷ്ടം’ എന്നല്ലാതെ എന്തു പറയാന്‍?,’ കെ.ടി. ജലീല്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ എവിടെയെങ്കിലും പ്രത്യേക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി അറിവില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ സംഘടനാപരമായ ആ ന്യായമെങ്കിലും അവര്‍ക്ക് പറയാമായിരുന്നെന്നും കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിക്ക് മുസ്‌ലിങ്ങളുടെ ‘അട്ടിപ്പേറവകാശം’ ഇല്ലെന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ മുസ്‌ലിങ്ങളുടെ അരശതമാനം പോലും പ്രാതിനിധ്യമില്ലാത്ത സംഘടനയാണ് ജമാഅത്തെ
ഇസ്‌ലാമിയെന്ന സ്വബോധമാണ് അവരുടെ നേതാക്കള്‍ക്ക് ആദ്യം ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ മുസ്‌ലിങ്ങളും ആര്‍.എസ്.എസും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജമാഅത്തെ നേതാക്കള്‍, സംഘ് ചാലകുമാരുമായി സംസാരിച്ചതെങ്കില്‍ അതിനവരെ ചുമതലപ്പെടുത്തിയത് ആരാണ്? ജമാഅത്തെ ഇസ് ലാമിയുടെ പേരിനു മുന്നില്‍ ‘ഇന്ത്യന്‍’ ഉള്ളത് കൊണ്ട് ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നു,’ കെ.ടി. ജലീല്‍ പറഞ്ഞു.
ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യഭരണം നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന് മുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
‘ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കിയത്? ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാര്‍? അത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?,’ പിണറായി വിജയന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ വിവരം ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി ടി. ആരീഫ് അലിയാണ് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ജനുവരി 14ന് ന്യൂദല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ചര്‍ച്ച നടത്തിയെന്ന് ആര്‍.എസ്.എസും പിന്നാലെ സമ്മതിച്ചിരുന്നു. മറ്റ് മതവിശ്വാസികളെ കാഫിര്‍ എന്ന് വിളിക്കരുത്, ലവ് ജിഹാദടക്കമുള്ള വഴികളിലൂടെ മതംമാറ്റം നടത്തരുത്, പശുഹത്യ ഉപേക്ഷിക്കണം എന്നീ കാര്യങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിക്ക് മുന്നില്‍ വെച്ചതെന്നായിരുന്നു ആര്‍.എസ്.എസ് ദേശീയ സമിതിയംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.
Content Highlight: K T Jaleel against Jamat e Islami over CPIM-RSS meeting controversy