പാല ബിഷപ്പിനോടുള്ള അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി; 'പേരില്‍ തീവ്രവാദി' പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് കെ.ടി. ജലീല്‍
Kerala News
പാല ബിഷപ്പിനോടുള്ള അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി; 'പേരില്‍ തീവ്രവാദി' പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th November 2022, 7:32 pm

കോഴിക്കോട്: ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ  ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍.

ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുതെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. ‘ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗീയവാദി’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ജലീല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഇല്ലാത്ത ലവ് ജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ‘അഴകൊഴമ്പന്‍’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം,’ കെ.ടി. ജലീല്‍ പറഞ്ഞു.

മന്ത്രി റഹിമാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ അംഗീകരിക്കാന്‍ രാജ്യസ്‌നേഹമുള്ള ആര്‍ക്കും കഴിയില്ലെന്ന് വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുറ നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതേ കുറിച്ചുള്ള 24 ന്യൂസിന്റെ ചോദ്യത്തോട് നല്‍കിയ പ്രതികരണത്തിലാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്.

രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകും അബ്ദുറഹിമാന. അബ്ദുറഹിമാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് ഞങ്ങളില്‍ 124 മത്സ്യത്തൊഴിലാളികള്‍ക്ക് നിഷ്‌കരുണം അടിയേറ്റത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹിമാനെ പോലെ ഏഴാംകൂലി മന്ത്രിമാരൊന്നും ഇവിടെ ഭരിക്കില്ലായിരുന്നു,’ എന്നായിരുന്നു ഫാ. ഡിക്രൂസ് പറഞ്ഞത്.

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും വീണ വായിക്കുകയാണെന്നും അതാണ് അദാനിയുടെ ചെലവില്‍ എ.സി. ഹാളിലിരുന്ന് സെമിനാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തിയ ശേഷമാണ് അദാനിയുടെ സദ്യ കഴിക്കാന്‍ മന്ത്രിമാര്‍ പോയതെന്നും ഫാദര്‍ പറഞ്ഞിരുന്നു.

Content Highlight: K T Jaleel against Fr. Theodosius Decroos’s statement against Fisheries Minister Abdurahiman