| Saturday, 7th August 2021, 8:22 pm

മുസ്‌ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു; മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണെന്ന് കെ.ടി ജലീല്‍. ബ്ലാക്‌മെയില്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടിയെന്നും സേട്ട് സാഹിബിനെയും പി.എം അബൂബക്കര്‍ സാഹിബിനെയും അടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ പറഞ്ഞു.

ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലെ തീരുമാനങ്ങള്‍ അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജലീല്‍.

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്‌ലീം ലീഗില്‍ ഒരു തലമുറ ജനിക്കുമെന്ന് ജലീല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

‘കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത മുസ്‌ലീം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേത്. സാദിഖ് അലി തങ്ങള്‍ എല്ലാം വിശദീകരിച്ചു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുന്നില്ല.

പി.എം.എ സലാം മുസ്‌ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. ഇ.ടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുവെന്നും ജലീല്‍ പറഞ്ഞു.

പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖ് അലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്നും കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് നടന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇതെന്നും വാക്കുപറഞ്ഞാല്‍ വാക്കാവണമെന്നും അതുകൊണ്ടാണ് താന്‍ മറ്റ് കാര്യങ്ങള്‍ പുറത്തുവിടാത്തതെന്നും ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചന്ദ്രികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞിരുന്നു.

തുടര്‍ന്ന് വിഷയം മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു. യോഗത്തില്‍ പാണക്കാട് കുടുംബം മുഈന്‍ അലിയെ പിന്തുണയ്ക്കുകയും ചെയ്തു.

കെ.എം. ഷാജിയും എം.കെ. മുനീറും മുഈന്‍ അലിയെ പിന്തുണച്ചുവെന്നാണ് വിവരം. അതേസമയം മുഈന്‍ അലി ഉയര്‍ത്തിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കും.

മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്തും രംഗത്തെത്തിയിരുന്നു. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുഈന്‍ അലി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ലീഗ് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. മുഈന്‍ അലിയെ അധിക്ഷേപിച്ചയാള്‍ക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകള്‍ പാര്‍ട്ടിയില്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു. ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈന്‍ അലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights;  K T Jaleel About Muslim league ruckus

We use cookies to give you the best possible experience. Learn more