ആചാരലംഘനം തടയാന്‍ ഇനി വിശ്വാസികള്‍ക്ക് മുന്‍പില്‍ രണ്ട് മാര്‍ഗം; കെ സുരേന്ദ്രന്‍
Kerala News
ആചാരലംഘനം തടയാന്‍ ഇനി വിശ്വാസികള്‍ക്ക് മുന്‍പില്‍ രണ്ട് മാര്‍ഗം; കെ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 9:10 pm

തിരുവനന്തപുരം: അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെ. സുരേന്ദ്രന്‍. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കമാണ് സര്‍ക്കാരിനെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക. അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക- സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ALSO READ: സന്നിധാനത്ത് ആരേയും തങ്ങാന്‍ അനുവദിക്കില്ല; സുരക്ഷ ശക്തമാക്കി: അനില്‍കാന്തിനും മനോജ് എബ്രഹാമിനും മേല്‍നോട്ട ചുമതല

അതേ സമയം ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ. സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച മുതല്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും പ്രാര്‍ഥനാ യജ്ഞങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.